mid day hd 17

 

കളമശേരിയില്‍ യഹോവായ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 36 പേര്‍ക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി നെസ്റ്റിനു സമീപമുള്ള കണ്‍വന്‍ഷന്‍ സെന്ററില്‍ 2,400 പേരുണ്ടായിരുന്നു. ഹാളിന്റെ മധ്യഭാഗത്ത് നാലു തവണ സ്‌ഫോടനമുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എല്ലാവരും കണ്ണടച്ചു പ്രാര്‍ത്ഥിക്കുകയായിുന്നു. എറണാംകുളം ജില്ലയില്‍ അവധിയിലുള്ള എല്ലാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരിച്ചെത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

കളമശേരി സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണവുമായി കേന്ദ്ര ആഭ്യന്ത്ര മന്ത്രലായം വിവരങ്ങള്‍ തേടി. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കണമെന്നാണു നിര്‍ദ്ദേശം. സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ പ്രധാന ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.

കേരളം അഗ്‌നിപര്‍വതത്തിന്റെ മുകളിലാണെന്നബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷകരില്‍നിന്നു നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 200 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജൂലൈയില്‍ സപ്ലൈകോയ്ക്ക് 250 കോടി രൂപ അനുവദിച്ചിരുന്നു.

ആര്‍എസ്എസ് നേതാവ് ആര്‍ ഹരി അന്തരിച്ചു. 93 വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആര്‍എസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു. മലയാളം ഇംഗ്‌ളീഷ് ഹിന്ദി മറാത്തി കൊങ്ങിണി ബംഗാളി ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ച കോഴിക്കോട് സി എച്ച് മേല്‍പ്പാലം തുറന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് ഇതോടെ അല്‍പം പരിഹാരമായി. കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമേറിയ മേല്‍പ്പാലമാണിത്. ബീച്ച്, ജനറല്‍ ആശുപത്രി, കോടതി എന്നിവിടങ്ങളിലേക്കു പോകുന്നവരുടെ തിരക്കുള്ള പാലം ജൂണ്‍ 13 ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുകയായിരുന്നു.

അധ്യാപകനെ വിദ്യാര്‍ഥി മര്‍ദ്ദിച്ചെന്നു പരാതി. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായ സജീഷിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിക്കെതിരേ പോലീസ് ജുവനൈല്‍ ബോര്‍ഡിനു റിപ്പോര്‍ട്ടു നല്‍കി.

കായംകുളത്ത് പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍നിന്നു മരത്തടി ഉരുണ്ടുവീണ് 53 കാരന്‍ മരിച്ചു. കാഞ്ഞിരശ്ശേരി എരുമേലി നോര്‍ത്ത് ജോസഫ് തോമസ് (53) ആണ് മരിച്ചത്.

ഗ്രാമസേവാ കേന്ദ്രം എന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്.

ചോദ്യത്തിന് കോഴ വിവാദം അദാനിയുടെ തിരക്കഥയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. വിവാദത്തിന് പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍നിന്ന് വിളിയെത്തിയെന്നും മഹുവ ആരോപിച്ചു. തെരഞ്ഞെടുപ്പ് വരെ അദാനിക്കെതിരെ സംസാരിക്കരുതെന്നും എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാമെന്നും ഉറപ്പു നല്‍കിയെന്നും മഹുവ ആരോപിച്ചു.

ഉത്തര്‍പ്രദേശില്‍ 50 വയസിലേറെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍. സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് നടപടിയെന്ന് യുപി സര്‍ക്കാര്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *