കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ എം.കെ. കണ്ണന്റെയും കുടുംബാംഗങ്ങളുടേയും സ്വത്തുവിവരം ഹാജരാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. സിപിഎം നേതാവും തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ സഹകരിച്ചില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വെളിപെടുത്തിയിരുന്നു. സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കി.
സുരേഷ് ഗോപി കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍നിന്നു നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രയ്ക്ക് ആയിരങ്ങള്‍. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണമിടപാടിനുമെതിരേയുള്ള യാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്യുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. വൈകുന്നേരം തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍കൂടിയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ച്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവര്‍ക്കു പണം നല്‍കാന്‍ സതീശന്‍, അരവിന്ദാക്ഷന്‍, മൊയ്തീന്‍, കണ്ണന്‍ എന്നിവരുടെ സ്വത്ത് പിടിച്ചെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും അവരെ പിന്തുണക്കുകയാണ്. സുരേന്ദ്രന്‍ പറഞ്ഞു.
മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങള്‍ക്കു തുടക്കം. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലാണ് ആഘോഷം. 193 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അടക്കം ലക്ഷം പേര്‍ പങ്കാളികളാകും.
നാളെ രാവിലെ ഗണപതിഹോമവും സത്സംഗം ഗുരുപാദ പൂജയും ജന്മദിന സന്ദേശവും ഉണ്ടാകും. കേരളം, തമിഴ്‌നാട്, തെലങ്കാന ഗവര്‍ണര്‍മാര്‍ക്കൊപ്പം കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും.
തിരുവനന്തപുരത്തെ ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകര്‍ക്ക് 13 കോടി നഷ്ടപ്പെട്ട സംഭവം പരിഹരിക്കുമെന്നു കെപിസിസി നേതൃത്വം. പണം നഷ്ടപ്പെട്ടവരുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തി. രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്നും പരാതിയുമായി സര്‍ക്കാരിനെ സമീപിക്കരുതെന്നും ആവശ്യപ്പെട്ടു.
കോടിയേരി മൂഴിക്കരയില്‍ വീടിന് നേരെ ബോംബേറ്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീടിനുനേരെയാണ് ബോംബെറുണ്ടായത്. ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃശൂരിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് എംഡിഎംഎ ഇടപാടു നടത്തിയിരുന്ന രണ്ടു പേര്‍ പിടിയിലായി. 56.65 ഗ്രാം എംഡി എംഎയുമായി വെങ്ങിണിശേരി സ്വദേശി ശരത്, അമ്മാടം സ്വദേശി ഡിനോയുമാണ് പിടിയിലായത്. നേരത്തെ പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
എന്‍ഐഎ മൂന്നു ലക്ഷം രൂപ തലയ്ക്കു വിലയിട്ട ഐഎസ് ഭീകരന്‍ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഇയാള്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കേയാണ് അറസ്റ്റ്. ഇയാള്‍ക്കൊപ്പം വേറേയും ചിലര്‍കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണു വിവരം. പൂനെ ഐഎസ് കേസിലാണ് പിടികൂടിയത്.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കള്‍ രാജ്ഘട്ടിലെത്തി പൂഷ്പാര്‍ച്ചന നടത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തുടങ്ങിയവരും പുഷ്പാര്‍ച്ചന നടത്തി.
ജമ്മു കാഷ്മീര്‍ ഗവര്‍ണറാകാന്‍ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്. കാഷ്മീരില്‍ താന്‍ ജോലി തേടി വന്നതല്ല. ജനങ്ങളെ സേവിക്കാനാണു താല്‍പര്യം. കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയിലുണ്ടാ വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കമാണ് കൂട്ടക്കൊലയ്ക്കു കാരണം. നിരവധി പേര്‍ക്കു പരിക്കേറ്റു. ധാരാളം വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു.
കാനഡ രണ്ടു ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളെ നിരോധിച്ചു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകളെയാണ് നിരോധിച്ചത്. അഞ്ചു സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരില്‍ ഇന്ത്യ – കാനഡ ബന്ധം ഉലഞ്ഞിരുന്നു.