mid day hd 3

 

ഗാസയെ രണ്ടായി വിഭജിച്ചെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി ഇസ്രയേല്‍. യുദ്ധം തുടങ്ങി ഒരു മാസം തികയുമ്പോള്‍ ഗാസയില്‍ വ്യോമാക്രമണവും കരയുദ്ധവും കടുപ്പിച്ച് ഇസ്രയേലിന്റെ മുന്നേറ്റം. ലബനനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ സൈന്യം. ലബനോനില്‍ ഇസ്രേലി റോക്കറ്റാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ മരണ സംഖ്യ 9770 ആയി. കൊല്ലപ്പെട്ടവരില്‍ നാലായിരത്തില്‍ അധികം പേര്‍ കുട്ടികളാണ്. വെടി നിര്‍ത്തലിനായി അമേരിക്ക ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണു പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സും ഇസ്രയേലിലെത്തി.

കളമശേരി സ്‌ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കാനാണു കസ്റ്റഡി.

ഇടുക്കി ശാന്തന്‍പാറക്കു സമീപം ചേരിയാറില്‍ വീടിന്റെ ചുമരിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. ചേരിയാര്‍ സ്വദേശി റോയി ആണ് മരിച്ചത്. കനത്തമഴ തുടരുന്ന ശാന്തന്‍പാറക്കു സമീപം പോത്തൊട്ടിയില്‍ ഉരുള്‍പൊട്ടി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിലൂടെ വെളളം കഴിഞ്ഞൊഴുകി. തോടിനു സമീപത്തെ ആറു വീടുകളിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു.

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടു നിരോധിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സംസ്‌കാരത്തിന്റെ ഭാഗമാണ് വെടിക്കെട്ട്. അസമയം ഏതാണെന്നു കോടതി കൃത്യമായി പറഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കേരളവര്‍മ കോളജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ ചില വ്യത്യാസമുണ്ടെന്നു ഹൈക്കോടതി. കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് ഇല്ല. തെരഞ്ഞെടുപ്പു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെ 10 പേര്‍ കലാപശ്രമം നടത്തിയെന്ന് എഫ് ഐ ആര്‍. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കും ഒരു തടവ്കാരനും പരിക്കേറ്റിരുന്നു.

വിലക്കു ലംഘിച്ച് മലപ്പുറത്തു പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനെതിരേ അച്ചടക്ക നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന്. ആര്യാടന്‍ ഷൗക്കത്തിനെ നേരിട്ട് വിളിച്ച് മൊഴിയെടുക്കും. അതേസമയം, റാലി നടത്തിയത് ആര്യാടന്‍ ഫോണ്ടേഷനാണെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്നുമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാട്.

പലസ്തീന്‍ റാലി സംഘടിപ്പിച്ച മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരെ കെപിസിസി അച്ചടക്ക നടപടിയെടുത്താല്‍ കോണ്‍ഗ്രസ് വളപൊട്ടുന്നതുപോലെ പൊട്ടുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ. ബാലന്‍. ഷൗക്കത്തിനെ ഇടതുപക്ഷം സംരക്ഷിക്കും. ഷൗക്കത്ത് മതനിരപേക്ഷ നേതാവാണ്. ബാലന്‍ പറഞ്ഞു.

അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തി കാര്‍ കയറ്റി കൊന്ന കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവ്. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ് ബ്രോവഡ് കൗണ്ടി കോടതി ശിക്ഷിച്ചത്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയ് മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണ് കൊല്ലപ്പെട്ടത്.

മൂവാറ്റുപുഴയിലെ ഇതരസസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് പൊലീസ്. മൂവാറ്റുപുഴ അടൂപറമ്പില്‍ തടി മില്ലിലെ തൊഴിലാളികളും ആസാം സ്വദേശികളുമായ മോഹന്‍തോ, ദീപക് ശര്‍മ എന്നിവരാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒഡിഷ സ്വദേശി ഗോപാല്‍ സംസ്ഥാനം വിട്ടു. മരിച്ച രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ കാണാതായിട്ടുണ്ട്.

തിരുവനന്തപുരം പാറശാല പരശുവയ്ക്കല്‍ വില്ലേജ് ഓഫീസില്‍ വീണ്ടും തീപിടിത്തം. രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് വില്ലേജ് ഓഫീസില്‍ തീ പടര്‍ന്നത്. പൊലീസ് കാവല്‍ നില്‍ക്കുമ്പോഴാണ് വില്ലേജ് ഓഫിസിനു പിറകിലെ ടോയിലറ്റില്‍ തീപിടിത്തമുണ്ടായത്.

വൈന്‍ നിര്‍മ്മിച്ചതിനും യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി – തൂത നെച്ചിക്കോട്ടില്‍ അക്ഷജിനെ(21)യാണ് എക്സൈസ് അറസ്റ്റു ചെയ്തത്.

ബന്ദിപ്പൂര്‍ വനമേഖലയില്‍ വന്യമൃഗ വേട്ടക്കാരും കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവയ്പിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട ചാമരാജ് നഗര്‍ ഗുണ്ടല്‍പേട്ട് ബീമനാബീഡ് സ്വദേശി മനു (27) വും പിടിയിലായയാളും സ്ഥിരം വേട്ടക്കാരാണെന്നു വനംവകുപ്പ്. രക്ഷപ്പെട്ടവര്‍ക്കായി വനംവകുപ്പും പോലീസും തെരച്ചില്‍ തുടരുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയെ അയോഗ്യയാക്കണമെന്ന് എത്തിക്‌സ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങള്‍ കമ്മിറ്റി ചെയര്‍മാന് കത്തു നല്‍കും. നാളെ എത്തിക്‌സ് കമ്മിറ്റിയുടെ യോഗം ചേര്‍ന്ന് ഇക്കാര്യം പരിഗണിക്കും. 2005 ല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസില്‍ 11 എംപിമാരെ അയോഗ്യരാക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവില്‍ കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ (37)യെ വീട്ടില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ കിരണിനെ അറസ്റ്റു ചെയ്തു. തന്നെ പിരിച്ചുവിട്ടതിനുള്ള പ്രതികാരമായാണു കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചെന്നു പോലീസ്.

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ തീര്‍ത്ഥാനടത്തിനിടെ തീര്‍ത്ഥാടകര്‍ക്കു ചൂടുചായ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്യൂവില്‍ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്കാണു രാഹുല്‍ ചായ വിതരണം ചെയ്തത്. അപ്രതീക്ഷിതമായി രാഹുലിനെ കണ്ട് തീര്‍ത്ഥാടകര്‍ം അമ്പരന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ ഒരു മാസമായിട്ടും മോചിപ്പിക്കാത്തതിലും യുദ്ധം തുടരുന്നതിലും പ്രതിഷേധവുമായി ഇസ്രേലി ജനം. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി.

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എത്തുന്നതിനു മുമ്പ് പലസ്താന്‍ അനുകൂലികള്‍ വ്യോമതാവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. തുര്‍ക്കി പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *