കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. വൈസ് ചാന്‍സലറെ പുനര്നിയമിച്ചതു ചട്ടവിരുദ്ധമാണെന്നും ഗവര്‍ണര്‍ ബാഹ്യശക്തികള്‍ക്കു വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രനു നാലു വര്‍ഷത്തേക്കു പുനര്‍നിയമനം നല്‍കിയത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണു വിധി. 60 വയസ് കഴിഞ്ഞവരെ വിസിയായി നിയമിക്കുന്നത് എങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അന്തിമവാദം കേള്‍ക്കുന്നതിനിടെ ചോദിച്ചിരുന്നു.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍നിന്ന് അശോക സ്തംഭം മാറ്റി. ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യ’ എന്ന പേരു മാറ്റി ‘ഭാരത്’ എന്നാക്കിയിട്ടുമുണ്ട്.
പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയേക്കും. മൂന്നു മാസത്തേക്ക് കാനം അവധി ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഐയുടെ ഇന്നു ചേരുന്ന നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും. കാനം കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സെക്രട്ടറിയുടെ ചുമതല ആര്‍ക്കു കൈമാറുമെന്ന് ഇന്നു ധാരണയാകും.
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ഡിവൈഎഫ്ഐ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം ഡിജിപിക്കു പരാതി നല്കി. ആശ്രാമം മൈതാനത്തു കുഞ്ഞിനെ ആദ്യം കണ്ടതു താനാണെന്നും രണ്ടു യുവാക്കള്‍ എത്തി പ്രശ്നമുണ്ടാക്കിയെന്നും പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേയാണു പരാതി.
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സ്വിഫ്റ്റ് ഡിസയര്‍ കാറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം. 2014 ശേഷം രജിസ്റ്റര്‍ ചെയ്ത കാറുകളുടെ വിശദാംശങ്ങള്‍ തേടി പൊലീസ് മോട്ടോര്‍ വാഹന വകുപ്പിനും മാരുതി സുസുക്കി കമ്പനിക്കു കത്തു നല്കി. കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പീഡന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.ജി മനുവിനെ പുറത്താക്കി. അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് എഴുതി വാങ്ങിക്കുകയായിരുന്നു.
തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെ കന്യാകുമാരിയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. മൂന്നു പേരും വട്ടപ്പാറ എല്‍ എം എസ് സ്കൂള്‍ വിദ്യാര്‍ഥികളാണ്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍ലസര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ നിയമനത്തിനു സമ്മര്‍ദം ചെലുത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു ഇന്നു തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണ്. പതിപക്ഷം പറഞ്ഞതു ശരിവയ്ക്കുന്ന വിധിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് വിധിയിലുണ്ട്. ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. സതീശന് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടിയില്‍ അധ്യാപകര്‍ പങ്കെടുക്കണമെന്ന് നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്. ഇന്ന് ഉച്ചയ്ക്കു നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും എല്ലാ സ്കൂളുകളിലെയും അധ്യാപകര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. വിവാദമായതോടെ വൈകീട്ട് നാലിനു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശമെന്നാണ് വിശദീകരണം.
ശബരിമലയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തിക്കും തിരക്കും ഒഴിവാക്കാനാണ് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചത്. പൊലീസും വിവിധ സേനാംഗങ്ങളും ഉള്‍പ്പടെ ആയിരത്തഞ്ഞൂറോളം സുരക്ഷാ ജീവനക്കാരണ് സന്നിധാനത്തുള്ളത്.
പുനലൂരില്‍ കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി മുന്‍ കായിക താരവും എസ്എപി ക്യാമ്പിലെ ഹവീല്‍ദാറുമായ തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25) അന്തരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈയിലെ റോയാപുരം പ്രദേശത്ത് ഒരു മണിക്കൂറിനുള്ളില്‍ 29 പേരെ ഓടിച്ചിട്ട് കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.
ജോലി സമയം കഴിഞ്ഞെന്നു പറഞ്ഞ് ലോക്കോ പൈലറ്റുമാര്‍ ജോലിയില്‍നിന്ന് പിന്മാറിയതോടെ രണ്ട് എക്സ്പ്രസ് ട്രെയിനുകളിലെ 2500 യാത്രക്കാര്‍ പെരുവഴിയില്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ബുര്‍വാള്‍ ജംഗ്ഷനിലാണ് സംഭവം.
തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഭരണകക്ഷിയായ ബിആര്‍എസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന പോരാട്ടമാണ് തെലുങ്കാനയില്‍ നടക്കുന്നത്.
കര്‍ണാടകത്തിലെ ബിജെപിയുടെ മുന്‍ സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന് തട്ടിയെടുത്തെന്ന ആരോപണം അന്വേഷിക്കുന്ന ജസ്റ്റീസ് നാഗ് മോഹന്‍ കമ്മീഷന് കരാറുകാരുടെ സംഘടന 600 പേജു വരുന്ന തെളിവുകള്‍ സമര്‍പ്പിച്ചു. പത്തു ദിവസത്തിനകം കൂടുതല്‍ രേഖകള്‍ ഹാജരാക്കുമെന്ന് കരാറുകാരുടെ സംഘടനാ നേതാക്കള്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും യുഎസ് നയതന്ത്രജ്ഞനുമായ ഹെന്റി കിസിന്‍ജര്‍ നൂറാം വയസില്‍ അന്തരിച്ചു. കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യം. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി യുഎസ് പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്സന്റേയും ഗെറാള്‍ഡ് ഫോര്‍ഡിന്റേയും കൂടെ സേവനംചെയ്തിട്ടുണ്ട്.