ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് ഇടയാക്കും. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി ജില്ല കലക്ടര്‍മാര്‍ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
വൈദ്യുതി നിരക്ക് കൂട്ടിയതിനൊപ്പം ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്നന്ന സബ്‌സിഡിയും സര്‍ക്കാര്‍ നിറുത്തലാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ്‌സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസയും 41 മുതല്‍ 120 വരെ യൂണിറ്റിന് 50 പൈസയുമായിരുന്നു സബ്‌സിഡി. മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കു ലഭിച്ചിരുന്ന 44 രൂപയുടെ സബ്‌സിഡിയാണ് ഇല്ലാതാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം. ഇതിന് മൂന്നു പ്രാവശ്യം ദേശീയ പുരസ്‌കാരം ലഭിച്ചു. കാസ്പ് പദ്ധതിയില്‍ വരാത്ത ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മെഡിസെപ് നടപ്പിലാക്കി. കേരളീയത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ‘പൊതുജനാരോഗ്യം’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ജനുവരിയില്‍ കേരളാ ഹൈക്കോടതി വില്‍പന തടഞ്ഞ 6.65 ലക്ഷം ടിന്‍ അരവണ നശിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം.
ദീപാവലിയോടനുബന്ധിച്ച് ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും അധിക അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി. നവംബര്‍ എട്ടു മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക.
ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷി മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി എന്‍ മഹേഷിന് പ്രത്യേക ദൂതന്‍ മുഖേന ഹൈക്കോടതി നോട്ടീസ് അയച്ചു. നറുക്കെടുപ്പില്‍ രണ്ടു പേപ്പറുകള്‍ ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂര്‍വ്വമായിരിക്കില്ലെങ്കിലും അക്കാര്യം വസ്തുതയാണെന്നു ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.
വെള്ളക്കരം കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം അഞ്ചു ശതമാനം കൂട്ടണമെന്നു കേന്ദ്ര നിര്‍ദ്ദേശമുണ്ട്. പക്ഷേ നിരക്കു വര്‍ധിപ്പിക്കേണ്ടെന്നാണ് കേരളത്തിന്റെ നിലപാട്. മന്ത്ി പറഞ്ഞു
മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനക്കെതിരായ പട്ടി പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സമ്മേളനത്തിനിടെ ഇറങ്ങിപ്പോവുന്ന പ്രവര്‍ത്തകരോട് കുറച്ചു നേരമെങ്കിലും സദസിലിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോട്ടയത്തെ പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് സുധാകരന്റെ അഭ്യര്‍ത്ഥന. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനുശേഷം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകാന്‍ തുടങ്ങിയതോടെയാണ് സുധാകരന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്.
കെപിസിസി വിലക്കും മഴയും കൂസാതെ മലപ്പുറത്തു ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ആര്യാടന്‍ ഫൗണ്ടേഷന്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഡ്യ സദസിന് ആയിരങ്ങളെത്തി. കെപിസിസി വിലക്കിയതുമൂലം പരിപാടിയില്‍നിന്ന് നേതാക്കള്‍ പിന്മാറി. ഫൗണ്ടേഷന്റെ പരിപാടിയില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസില്‍ സൂപ്പര്‍ന്യൂമററിയായി പുനര്‍ നിയമനം ലഭിച്ച ഭിന്നശേഷി ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 1999 ഓഗസ്റ്റ് 16 മുതല്‍ 2023 ഡിസംബര്‍ 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നിയമിച്ച് 2013 ല്‍ സൂപ്പര്‍ന്യൂമററിയായി പുനര്‍ നിയമനം നല്‍കിയ ഭിന്നശേഷിക്കാരുടെ കാര്യത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎംഓയോടും ആശുപത്രി സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.
പട്ടാമ്പി കൊലക്കേസില്‍ പൊലീസ് തെരയുന്ന യാളുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. കൊണ്ടൂര്‍ക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കൊലപാതകം നടന്ന സ്ഥലത്തിനു സമീപത്തുനിന്ന് കണ്ടെടുത്തത്. പട്ടാമ്പി കരിമ്പനക്കടവില്‍ അന്‍സാര്‍ എന്ന യുവാവിനെ വെട്ടിക്കൊ കേസില്‍ അന്‍സാറിന്റെ സുഹൃത്തായ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കബീറിനായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സിപിഎമ്മില്‍ എ.പി.വര്‍ക്കിയെ ഉപയോഗിച്ച് പാര്‍ട്ടിക്കകത്ത് വിഭാഗീയത തുടങ്ങിവച്ചത് വി.എസ് അച്യുതാനന്ദനാണെന്ന് എംഎം ലോറന്‍സിന്റെ ആത്മകഥ. ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’ എന്ന ആത്മകഥയിലാണ് എംഎം ലോറന്‍സ് ഇക്കാര്യങ്ങള്‍ തുറന്നടിക്കുന്നത്. തിരുവനന്തപുരത്ത് വിശ്രമത്തിലായിരുന്ന ഇ.എം.എസ് എന്നും എ.കെ.ജി സെന്ററില്‍ എത്തിയിരുന്നത് വി.എസ്. അച്യുതാനന്ദനെ അസ്വസ്ഥനാക്കിയിരുന്നെന്നും ആത്മകഥയില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു സൂചന നല്‍കി ബോളിവുഡ് താരം കങ്കണ റണൗട്ട്. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ മത്സരിക്കുമെന്നാണ് കങ്കണ പ്രതികരിച്ചത്. പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് കങ്കണ ഒരു മാധ്യമപ്രവര്‍ത്തകയോട് ഇങ്ങനെ പറഞ്ഞത്.
അദാനി ഗ്രൂപ്പിനെതിരേ ലേഖനമെഴുതിയതിന് മാധ്യമ പ്രവര്‍ത്തകന്‍ രവി നായരടക്കം രണ്ടു പേരെ അറസ്റ്റു ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ഗുജറാത്ത് പൊലീസ് എടുത്ത കേസിലാണ് സുപ്രീം കോടതി ഇടപെട്ടത്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെ 119 കോടീശ്വരന്മാര്‍ 8,445 കോടി രൂപ സംഭാവന നല്‍കിയെന്നു റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 59 ശതമാനം വര്‍ധന. ഈഡല്‍ ഗിവ് ഹാറൂന്‍ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടികയിലാണ് ഈ വിവരം. പട്ടികയിലെ ആദ്യത്തെ പത്തുപേര്‍ 5,806 കോടി സംഭാവന ചെയ്തു. എച്ച്‌സിഎല്‍ ചെയര്‍മാനായ ശിവ് നാടാരും കുടുംബവും 2,042 കോടി സംഭാവന നല്‍കി.