ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ഡ്രില്ലിംഗ് പുനരാരംഭിക്കുന്നു. ഡ്രില്ലിംഗിനിടെ പൈപ്പിനകത്ത് കുടുങ്ങിയ ഓഗര്‍ മെഷീന്റെ യന്ത്രഭാഗം പുറത്തെടുത്തു. ഓഗര്‍ മെഷീന്‍ കുടുങ്ങിയതോടെ രക്ഷാദൗത്യം പ്രതിസന്ധിയിലായിരുന്നു. ഡ്രില്ലിംഗ് ഇന്നുതന്നെ പൂര്‍ത്തിയാക്കാനാണു ശ്രമം.
കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരം. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിലുള്ളത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേര്‍ ചികിത്സയിലുണ്ട്. മരിച്ചവര്‍ക്ക് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ അനുശോചന യോഗം ചേര്‍ന്നു.
ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ബംഗളൂരു വിദ്യാര്‍ണപുര സ്വാഗത് ലേഔട്ട് ശ്രീനിലയത്തില്‍ മനോജ് ശ്രീനിവാസി (33) നെയാണ് അറസ്റ്റു ചെയ്തത്. പറവൂര്‍ സ്വദേശികളില്‍ നിന്ന് പതിനെട്ട് ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയത്. നാല്‍പ്പഞ്ചോളം അക്കൗണ്ടുകളില്‍നിന്ന് 250 കോടി രൂപ തട്ടിയെടുത്തെന്നാണു പോലീസ് പറയുന്നത്.
വിലക്കു മറികടന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ മലപ്പുറത്തെ നവ കേരള സദസിനെത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍ തിരൂരില്‍ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി.
നവ കേരള സദസില്‍ പങ്കെടുക്കുന്നവരോടു യുഡിഎഫ് പ്രതികാരം കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേര്‍ന്നവരാണ്. ഇന്ന് ഒരു തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിന്റെ പേരില്‍ പകപോക്കല്‍ അരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
നവകേരള സദസില്‍ പ്രധാന യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പങ്കെടുക്കരുതെന്നു യുഡിഎഫിന്റെ തീരുമാനമാണ്. ലംഘിച്ചാല്‍ നടപടിയെടുക്കും. നവകേരള സദസ് നടക്കുന്ന ജില്ലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലെടുക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാരും പോലീസും ചേര്‍ന്ന് ആക്രമിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
നവകേരള സദസ് നടന്ന കോഴിക്കോട് ജില്ലയില്‍നിന്നു മൂന്നു ദിവസംകൊണ്ടു ലഭിച്ചത് 45,897 പരാതികള്‍. 12 വേദികളിലായി 13 നിയോജകമണ്ഡലങ്ങളിലെ പരാതികളാണു സ്വീകരിച്ചത്.
കണ്ണൂര്‍ കണിച്ചാറില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി. 20 വര്‍ഷത്തോളം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ട് (68) ആണ് മരിച്ചത്. സഹകരണ ബാങ്കിലെ രണ്ടു ലക്ഷം രൂപയുടെ ബാധ്യതയ്ക്കു ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
കുസാറ്റ് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉത്തരവാദി വൈസ് ചാന്‍സലറാണെന്നും വിസിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു പരാതി. സേവ് യൂണിവേഴ്‌സിറ്റ് കാംപെയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. വിസിക്കെതിരേ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നവകേരളാ സദസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍. കേരളാ ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടികള്‍ അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി. പ്ലാന്റിലെ സിലിണ്ടറാണു പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല.
അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരില്‍ ചികില്‍സ കിട്ടാതെ വയോധിക പുഴുവരിച്ച നിലയില്‍. വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയാണ് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നല്‍കാന്‍ ആദിവാസി ക്ഷേമ വകുപ്പിലേയും ആരോഗ്യ വകുപ്പിലേയും അധികൃതര്‍ തയാറായില്ലെന്നു പരാതി. വിവാദമായതോടെ ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഇടപെട്ട് മെഡിക്കല്‍ സംഘത്തെ അയച്ചു.
പോക്‌സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.
പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ക്യാബിനു മുകളിലെ രഹസ്യ അറയില്‍ കടത്തിക്കൊണ്ടുവന്ന 42 കിലോ കഞ്ചാവ് വാളയാറില്‍ പിടികൂടി. പ്രതി മലപ്പുറം എ ആര്‍ നഗര്‍ സ്വദേശിയായ നൗഷാദ് എന്നയാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.
തെലങ്കാനയില്‍ കെസിആറിനെതിരായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് അനുകൂലമായ തരംഗമായി മാറുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് കോണ്‍ഗ്രസും സോണിയാഗാന്ധിയുമാണെന്ന വികാരം ജനങ്ങളിലുണ്ടെന്നും ഈ വൈകാരികത തങ്ങള്‍ക്ക് അനുകൂലമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
തെലങ്കാനയില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. ഹൈദരാബാദിലടക്കം മൂന്നിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനില്‍ ശനിയാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.45 ശതമാനം പോളിംഗ്. 2018 ല്‍ 74.71 ശതമാനമായിരുന്നു.
ശ്രീലങ്കയിലെ കൊല്ലപ്പെട്ട തമിഴ്പുലി നേതാവ് വേലുപിള്ള പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാനുള്ള നീക്കമുണ്ടെന്നു മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍. വീരന്മാരുടെ ദിനമെന്ന പേരില്‍ ഇന്ന് പ്രസംഗം പുറത്തുവിട്ടു ചര്‍ച്ചയാക്കാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ദ്വാരകയും പ്രഭാകരനോടൊപ്പം കൊല്ലപ്പെട്ടിരുന്നു.