ഗാസയില്‍ നാലു ദിവസത്തെ വെടിനിര്‍ത്തലിനു കരാര്‍. ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. വെടിനിറുത്തലിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണ. എന്നാല്‍ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
കേരള മാരിടൈം ബോര്‍ഡില്‍ ഓഡിറ്റ് നടത്തണമെന്ന അക്കൗണ്ടന്റ് ജനറലിന്റെ ആവശ്യം സര്‍ക്കാരും ബോര്‍ഡും തള്ളി. കേരള മാരിടൈം ആക്ട് പ്രകാരം ഏജിക്ക് ഓഡിറ്റ് നടത്താന്‍ അധികാരമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കിഫ് ബിയിലെ ഓഡിറ്റ് സര്‍ക്കാര്‍ എതിര്‍ത്തിന് പിന്നാലെയാണ് മറ്റൊരു സ്ഥാപനത്തില്‍ കൂടി എജിയുടെ ഓഡിററിന് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്.
കൊച്ചി വാഴക്കാലയിലെ ആപ്പിള്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റിലെ താമസക്കാരെല്ലാം ഒഴിയണമെന്ന് തൃക്കാക്കര നഗരസഭ. ഇതോടെ 85 ലേറെ കുടുംബങ്ങള്‍ വഴിയാധാരമാകും. അനധികൃതമായ ഫ്‌ളാറ്റിന് നഗരസഭ നിശ്ചയിച്ച പിഴ അടക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. പിഴക്കു പുറമേ 135 ഫ്‌ളാറ്റുകളുള്ള സമുച്ചയം നഗരസഭയില്‍ അടക്കേണ്ട പെര്‍മിറ്റ് ഫീസും നികുതിയും വര്‍ഷങ്ങളായി അടച്ചിട്ടില്ല.
കരിങ്കൊടി കാണിച്ചവരെ വധിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനമാണു നടത്തിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കലാപാഹ്വാനത്തിനു തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി ക്രിമിനലാണ്. നികൃഷ്ടനാണ് മുഖ്യമന്ത്രി. രാജഭരണമല്ല കേരളത്തിലെന്നും സതീശന്‍.
കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്തതിനെ മാതൃക രക്ഷാപ്രവര്‍ത്തനമെന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോള്‍ സ്വഭാവത്തോടെയാണെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞത് പകുതി തമാശയാണ്. തെരുവില്‍ നേരിടുമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന്റേത് തങ്കമനസ്സാണോ എന്നും രാജേഷ് ചോദിച്ചു.
കെപിസിസി കോഴിക്കോട് കടപ്പുറത്ത് നാളെ സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. റാലിയില്‍ അരലക്ഷത്തിലേറെ പേര്‍ എത്തുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഎം നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത് എന്നിവര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഇഡി പറഞ്ഞു.
നവകേരള സദസിലേക്കു അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളെ അയക്കണമെന്ന് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഡിഇഒ സ്‌കൂളുകള്‍ക്കു നല്‍കിയ നിര്‍ദേശം വിവാദമായി. ഒരോ സ്‌കൂളും 200 വിദ്യാര്‍ത്ഥികളെ അയക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സാമൂഹ്യ ശാസ്ത്ര ക്ലബുകളുടെ പൊതുവിജ്ഞാന പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാമെന്നു മാത്രമാണു പറഞ്ഞതെന്നാണു ഡിഇഒയുടെ വിശദീകരണം.
നവ കേരള സദസിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവര്‍ നടത്തട്ടെ. പിറകേ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നത്. അദ്ദേഹം ചോദിച്ചു.
ജൂനിയര്‍ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂര്‍ മജിസ്‌ട്രേറ്റിനെ തരംതാഴ്ത്തുകയും സ്ഥലംമാറ്റുകയും ചെയ്തു. തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കെ ലെനിന്‍ദാസിനെയാണ് അഡീഷണല്‍ മുന്‍സിഫ് കോടതി ജഡ്ജിയായി തരംതാഴ്ത്തി കണ്ണൂരിലേക്കു മാറ്റിയത്. അഭിഭാഷകര്‍ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു.
വടകര റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍നിന്ന് എട്ടേകാല്‍ കിലോഗ്രാം കഞ്ചാവ് പിടികൂടി. നാലു ലക്ഷത്തിലേറെ രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചത്.
പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് പരിക്കേറ്റു. ഭര്‍ത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ധനുഷ് എന്നയാള്‍ അറസ്റ്റിലായി. ഇയാളുടെ രണ്ടു സഹോദരന്മാര്‍ ഒളിവിലാണ്. 19 വയസുള്ള അര്‍ഷാദാണ് കൊല്ലപ്പെട്ടത്. പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂരില്‍ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകന്‍ തല്ലിയൊടിച്ചെന്നു പരാതി. നോട്ട് എഴുതി പൂര്‍ത്തിയാക്കാത്തതിന് പാച്ചേനി ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ സ്‌ക്കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
കോടതിയില്‍ വൈകിയെത്തിയ പൊലീസുകാര്‍ക്കു പുല്ലുവെട്ടല്‍ ശിക്ഷിച്ചു ജഡ്ജി. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പൊലീസ് സ്റ്റേഷനില്‍നിന്നുള്ള ഒരു കോണ്‍സ്റ്റബിളും ഒരു ഹെഡ് കോണ്‍സ്റ്റബിളുമാണ് കോടതിയില്‍നിന്ന് വിചിത്രമായ ശിക്ഷ ഏറ്റുവാങ്ങിയത്.
തമിഴ്‌നാട് സേലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. കുമാരമംഗലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗകളെ ഉടന്‍ തന്നെ പുറത്തേക്ക് മാറ്റി. ആളപായമില്ല.
കോടതിമുറിയില്‍ ഭാര്യക്കുനേരെ ഭര്‍ത്താവിന്റെ ആസിഡാക്രമണം. പൊലീസും ജഡ്ജിയും നോക്കിനില്‍ക്കേയാണ് കോയമ്പത്തൂരിലെ കോടതിയില്‍ ഭര്‍ത്താവിനെതിരേ പരാതി നല്‍കിയ ചിത്ര എന്ന എന്ന യുവതിക്കെതിരേ ആസിഡ് ആക്രമണമുണ്ടായത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഭര്‍ത്താവ് ശിവകുമാര്‍ വെള്ളംകുപ്പിയെന്ന വ്യാജേന കൊണ്ടുവന്ന ആസിഡ് ഭാര്യക്കുനേരെ പ്രയോഗിച്ചത്.
യുഎസ് നാവികസേനയുടെ നിരീക്ഷണ വിമാനം മറൈന്‍ കോര്‍പ്‌സ് ബേസ് ഹവായിയിലെ റണ്‍വേയില്‍നിന്ന് തെന്നി നീങ്ങി ഒവാഹു ദ്വീപിനു സമീപത്തെ കടലില്‍ വീണു. വിമാനത്തില്‍ ഉണ്ടായിരുന്ന ഒമ്പതു പേരില്‍ ആര്‍ക്കും പരിക്കേറ്റില്ല.