വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ജമ്മുകാഷ്മീരില്‍ പതിനഞ്ചിടത്തും തമിഴ്നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശില്‍ രണ്ടിടത്തുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടില്‍ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ പിഎഫ്ഐ നേതാക്കളുടെ വീടുകളിലാണു പരിശോധന. മധുരയിലെ പിഎഫ്ഐ മേഖലാ തലവന്‍ മുഹമ്മദ് ഖൈസറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യുപിയില്‍ മറ്റൊരാളേയും അറസ്റ്റു ചെയ്തിട്ടുണ്ട്.
സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപിടിത്തം. വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിനു സമീപമാണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടിച്ചത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സംഘമെത്തി തീയണച്ചു. തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു വിവരമെന്നും മന്ത്രി പറഞ്ഞു.
താനൂര്‍ ബോട്ടപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നു ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉള്‍പ്പെട്ട ബെഞ്ച് കേസ് കേസ് സ്വമേധയാ പരിഗണിച്ചതാണ്.
കോണ്‍ഗ്രസിന്റെ ലീഡേഴ്സ് മീറ്റ് വയനാട്ടില്‍ ആരംഭിച്ചു. കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഡിസിസി അധ്യക്ഷന്മാരുമാണ് പങ്കെടുക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. നാളെ വൈകുന്നേരം സമാപിക്കും.
പ്രതീക്ഷിച്ച അത്ര മുന്നോട്ടു പോകാനായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ലീഡേഴ്സ് മീറ്റില്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണത്. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് സമവായത്തിലെത്താന്‍ കഴിയാത്തതിനാലാണ്. എല്ലാവരും സഹകരിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ 1.80 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്ുകേസില് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്കി. സംഘടനാ പ്രവര്‍ത്തനത്തിനുവേണ്ടി പിരിച്ച തുകയില്‍നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തെന്നാണു പരാതി ഉയര്‍ന്നത്. എന്നാല്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ ഉള്‍പ്പെടെ ആറു പ്രതികള്‍ 1.80 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.
താനൂരില്‍ 22 പേര് മരിച്ച ബോട്ടപകടത്തില്‍ ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശനേയും സഹായിയേയും പിടികൂടാനായില്ല. അപകടത്തിനു പിറകേ, ഇരുവരും മുങ്ങിയിരുന്നു. ബോട്ടുടമയും ഒന്നാം പ്രതുയുമായ നാസറിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നിരിക്കെ വൈകിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സഭ കുറ്റപ്പെടുത്തി. ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി ഇന്നു പരിഗണിക്കും.
അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയിലെ മേഘമലയില്‍ തന്നെ. കേരള അതിര്‍ത്തിയില്‍ നിന്ന് എട്ടു കിലോമീറ്ററോളം അകലെയാണ് കൊമ്പന്. അരിക്കൊമ്പന് തിരികെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുണ്ടെന്നാണ് സൂചന.
കൊച്ചി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോണ്ഗ്രസംഗത്തിന്റെ വോട്ട് അസാധുവായതോടെ മൂന്നിനെതിരെ നാലു വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചു. സിപിഎമ്മിലെ വിഎ ശ്രീജിത്താണ് തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലക്കടിച്ച് കൊന്നു. കൊല്ലം സ്വദേശി സിദ്ദിഖ് (28)ആണ് കൊല്ലപ്പെട്ടത്. ഡ്രൈവര്‍ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തര്‍ക്കം മൂത്ത് നിടുംപൊയില്‍ ചുരത്തില്‍ കൊലപ്പെടുത്തിയെന്നാണു കേസ്.
കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വരന്റെ വീടു കണ്ടതോടെ അകത്തേക്കു കയറാതെ വിവാഹത്തില്‍ നിന്ന് പിന്മാറി. തൃശൂര്‍ ജില്ലയിലെ കുന്നംകുളം തെക്കേപുറത്താണ് സംഭവം. ഓടും ഓലയുംകൊണ്ടുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടിക്കു വേണ്ട മിനിമം സ്വകാര്യതപോലും ലഭിക്കില്ലെന്നാണു വധുവിന്റെ പരാതി. വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയായതോടെ പൊലീസ് സ്ഥലത്തെത്തു ഇരുകൂട്ടരോടും തത്കാലം പിരിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു.
ദ കേരള സ്റ്റോറി സിനിമക്ക് നികുതി ഒഴിവാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച ലഖ്നോവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പ്രത്യേക സ്ക്രീനിംഗ് നടത്തി സിനിമ കാണും. നേരത്തെ മധ്യപ്രദേശ് സര്‍ക്കാറും നികുതി ഒഴിവാക്കിയിരുന്നു.
പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ വംശജനായ 68 കാരനായ ഡോക്ടര്‍ക്കെതിരെ കുറ്റപത്രം. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. രാജേഷ് മോട്ടിഭായ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെയാണു കേസ്.
അമേരിക്കയിലെ ടെക്സാസിലെ അലന് മാളിലുണ്ടായ വെടിവയ്പില്‍ ഇന്ത്യക്കാരിയും കൊല്ലപ്പെട്ടു. ഹൈദരബാദ് സരൂര് നഗര്‍ സ്വദേശി ജില്ലാ ജഡ്ജി നര്‍സി റെഡ്ഡിയുടെ മകള്‍ ഐശ്വര്യ തട്ടിഖോണ്ട എന്ന 27 കാരിയാണ് ടെക്സാസ് മാളിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഐശ്വര്യയുടെ സുഹൃത്തിനും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.