mid day hd 16

 

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍. നോര്‍ത്ത് ഗേറ്റില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ജീവനക്കാരെ പൊലീസ് കടത്തിവിട്ടതോടെയാണു സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാവിലെ ഏഴോടെ ആരംഭിച്ച സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനംചെയ്തു. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ രാപ്പകല്‍ സമരവുമായി ബിജെപി. തിരുവനന്തപുരം പാളയം രക്കസാക്ഷി മണ്ഡപത്തിലാണ് ഇവരുടെ സമരം. അഴിമതിയും ഭരണത്തകര്‍ച്ചയും ആരോപിച്ചാണ് പ്രതിഷേധം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും ചാമ്പുമ്പോള്‍ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

സമരങ്ങള്‍മൂലം തിരുവനന്തപുരത്ത് വാഹന നിയന്ത്രണം. സെക്രട്ടേറിയറ്റില്‍ യുഡിഎഫും പാളയത്ത് ബിജെപിയും സമരം നടത്തുന്നതുമൂലമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മാലിന്യ സംസ്‌കരണ പദ്ധതിയില്‍നിന്ന് സോണ്‍ടയെ കരാറുകളില്‍നിന്ന് ഒഴിവാക്കുന്നു. കൊച്ചി ബ്രഹ്‌മപുരത്തെ വേസ്റ്റു ടു എനര്‍ജി പദ്ധതിയില്‍ നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി. മാലിന്യത്തില്‍നിന്നു സിഎന്‍ജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറിയെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. സിപിഎം നേതാക്കളുടെ അടുത്ത ബന്ധുക്കളുടെ കമ്പനികള്‍ക്കു കരാര്‍ നല്‍കി കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണം നിലനില്‍ക്കേയാണ് നടപടി.

സ്‌കൂളുകളുടെ കത്തിടപാടുകള്‍ സുഗമമാക്കാന്‍ ഇ – തപാല്‍ പദ്ധതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നു സുതാര്യമായും സമയബന്ധിതമായും സേവനങ്ങള്‍ നല്‍കാനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നടപ്പിലാക്കിയ ഇ-ഗവേണന്‍സ് പദ്ധതിയുടെ തുടര്‍ച്ചയാണ് ഇ തപാല്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

മാവേലിക്കര ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയം മാറ്റി. റദ്ദാക്കിയ ട്രെയിനുകള്‍: നാളെ കൊല്ലത്തുനിന്ന് രാവിലെ എട്ടിനും 11 നും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു, വൈകിട്ട് മൂന്നിനും 8.10 നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു,
8.45 ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമു, 2.35 ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിന്‍. 1.35 ന്റെ എറണാകുളം കൊല്ലം സ്‌പെഷ്യല്‍ മെമു, 5.40 ന്റെ കോട്ടയം കൊല്ലം മെമു, 8.50 ന്റെ കായംകുളം എറണാകുളം എക്‌സ്പ്രസ്, വൈകിട്ട് നാലിനുള്ള എറണാകുളം ആലപ്പുഴ മെമു, ആറിനുള്ള ആലപ്പുഴ എറണാകുളം എക്‌സ്പ്രസ്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം: നാളെ ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിന്‍: ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടും.

രണ്ടു പേരുടെ മരണത്തിനിടയാക്കിയ കണമല കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എരുമേലി പൊലീസ് കേസെടുത്തു. വഴിതടയല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കണ്ടാലറിയാവുന്ന 45 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

2000 രൂപയുടെ നോട്ട് പിന്‍വലിച്ചത് സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ബാലഗോപാല്‍. ഈ നിരോധനവും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസകും കുറ്റപ്പെടുത്തി.

കര്‍ണാടകത്തില്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ മലയാളിയായ കെ.ജെ. ജോര്‍ജും. കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിസഭകളിലും ജോര്‍ജ് മന്ത്രിയായിട്ടുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി.

കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഉണ്ടായ വാഹനപകടത്തില്‍ കാപ്പി വ്യാപാരിയും മില്ലുടമയുമായ മലയാളി മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54) മരിച്ചത്.

വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയെന്നു പറയുന്ന ശിവലിംഗത്തിന്റെ ശാസ്ത്രീയ പരിശോധനയും കാലപ്പഴക്കവും നിര്‍ണയിക്കാനുള്ള കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തടഞ്ഞു.

ജയ്പൂരിലെ സര്‍ക്കാര്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍നിന്ന് അനധികൃത പണവും സ്വര്‍ണ്ണക്കട്ടിയും കണ്ടെത്തി. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കെട്ടിടമായ യോജന ഭവനില്‍ നിന്നാണ് 2.31 കോടി രൂപയും ഒരു കിലോ സ്വര്‍ണക്കട്ടിയും കണ്ടെടുത്തത്. ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന എട്ടു പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ജയ്പൂര്‍ സിറ്റി പൊലീസാണ് പരിശോധന നടത്തി പണം കണ്ടെടുത്തത്.

ഐഎഎസ് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത ഐആര്‍എസ് ഉദ്യോസ്ഥന്‍ പിടിയില്‍. ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *