ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ഏഴു വര്‍ഷംവരെ തടവു ശിക്ഷ നല്കുന്ന ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കുറഞ്ഞ ശിക്ഷ ആറു മാസമാക്കി. നഴ്സിംഗ് കോളജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതികള്‍ക്കെതിരെ സമയബന്ധിത നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്.
മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയേക്കും. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച കമ്മീഷന് സര്‍ക്കാറിന് ഇന്നു റിപ്പോര്‍ട്ട് നല്‍കും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ് 80: 20 എന്ന നിലയില്‍ മുസ്ലീം വിഭാഗങ്ങള്‍ കയ്യടക്കുന്നുവെന്ന പരാതി ക്രൈസ്തവ വിഭാഗം ഉയര്‍ത്തിയിരുന്നു.
ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി. മദ്യനയ അഴിമതി ആരോപിച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ചത്തീസ്ഗഡ് സര്‍ക്കാരിന്റെ പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. രണ്ടായിരം കോടി രൂപയുടെ അഴിമതി ആരോപിച്ച് സര്‍ക്കാരിനെ വേട്ടയാടുകയാണെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
യുയുസി തെരഞ്ഞെടുപ്പില്‍ ആള് മാറാട്ടം. മല്‍സരിക്കാത്ത എസ്എഫ്ഐ നേതാവ് യുയുസിയാണെന്നു രേഖ ചമച്ചതിനെതിരേ കെഎസ് യു ഡിജിപിക്കു പരാതി നല്കി. കേരള സര്‍വ്വകലാശാല തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട് തേടും. യുയുസി ആയി ജയിച്ച എസ്എഫ്ഐ പാനലിലെ അനഘയെ മാറ്റി എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് കോളജില്‍നിന്ന് സര്‍വകലാശാലക്കു കൈമാറിയെന്നതാണ് പരാതി. മത്സരിക്കാത്ത വിശാഖിനെ യുയുസി ആക്കിയെന്ന പരാതിയിലാണ് അന്വേഷണം. യുയുസിയായി കോളേജില്‍ നിന്ന് ആരോമല്‍, അനഘ എന്നീ എസ്എഫ്ഐ പ്രവര്‍ത്തകരാണ് വിജയിച്ചത്.
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്. പുത്തന്‍തോപ്പ് റോജാ ഡെയ്ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു ഇന്നലെത്തന്നെ മരിച്ചിരുന്നു.
കൊലപാതകമെന്നാരോപിച്ച് യുവതിയുടെ അച്ഛന് പ്രമോദ് പോലീസില്‍ പരാതി നല്കി. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിനു പ്രതികാരമാണെന്നാണ് അച്ഛന്റെ ആരോപണം.
വയനാട്ടില്‍ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തതിനെ തുടര്‍ന്ന് ലിഫ്റ്റ് കൊടുത്ത വിനോദസഞ്ചാരികളും അറസ്റ്റിലായി. വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് മുത്തങ്ങയില്‍ വാഹന പരിശോധനയ്ക്കിടെ അറസ്റ്റിലായത്. അജീഷിന്റെ ബാഗില്‍നിന്നാണ് അരക്കിലോ തൂക്കമുള്ള ആനപ്പല്ല് കണ്ടെടുത്തത്. വനത്തില്‍നിന്നു കിട്ടിയതാണ് ആനപ്പല്ലെന്ന് അജീഷ് മൊഴി നല്കി.
മലമ്പുഴ പടലിക്കാട് യുവാവും പതിനാറുകാരിയും തൂങ്ങിമരിച്ച നിലയില്‍. രഞ്ജിത്ത് എന്ന 24 കാരനേയും പെണ്‍കുട്ടിയേയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു.
ആനക്കട്ടി സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. രാജസ്ഥാന് സ്വദേശി വിശാല്‍ ശ്രീമാല ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് വിദ്യാര്‍ത്ഥി കാട്ടാനയുടെ മുന്നിലകപ്പെട്ടത്.
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.17 കോടി വിലവരുന്ന 1,884 ഗ്രാം സ്വര്‍ണവുമായി യുവതി പൊലീസിന്റെ പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്ന (33)യാണ് എയര്‍പോര്‍ട്ടിന് പുറത്തുവച്ച് പിടിയിലായത്. മിശ്രിത രൂപത്തില്‍ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
പയ്യന്നൂരില്‍ അനധികൃത മണ്ണെടുപ്പു ചോദ്യം ചെയ്ത സിപിഎം വനിതാ പഞ്ചായത്ത് അംഗത്തെ ബ്രാഞ്ച് അംഗം കൈയേറ്റം ചെയ്തെന്നു പരാതി. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് അംഗവും സിപിഎം പ്രവര്‍ത്തകയുമായ ഷീബ ദിവാകരനാണ് പരാതിക്കാരി. അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ചില പ്രാദേശിക നേതാക്കള്‍ ഇടപെട്ട് കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു. പ്രാദേശിക നേതാക്കളുടെ പകപോക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് ഷീബ ജില്ലാ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.
ഉത്തരേന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയിഡ്. ആറു സംസ്ഥാനങ്ങളിലായി നൂറിടങ്ങളിലാണ് പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.
കോണ്‍ഗ്രസിനു കീറാമുട്ടിയായി കര്‍ണാടക. സമവായമാകാത്തതിനാല്‍ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നീളുന്നു. ടേം വ്യവസ്ഥയടക്കം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഡി.കെ ശിവകുമാര്‍ തള്ളി. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണു ശിവകുമാര്‍.
കര്‍ണാടകത്തില്‍ 2019 ല്‍ കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്കും പങ്കുണ്ടായിരുന്നെന്ന് അന്നത്തെ കോണ്‍ഗ്രസ് വിമത നേതാവും മുന്‍ മന്ത്രിയുമായ കെ. സുധാകര്‍. ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്.