ഭരിക്കുന്നവര്‍ കോടതിയുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായെന്നു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്. ഭാരത് ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്താണ് മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിനെതിരെ സി ഐ ടി യു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസ് കവാടങ്ങള്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അകത്തേക്കു പ്രവേശിപ്പിച്ചില്ല.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചെങ്കിലും പ്രദേശം പുകഞ്ഞുകൊണ്ടേയിരിക്കുന്നു. തീയിട്ടതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ സമിതി സമരം നടത്തി. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിരിക്കുകയാണ്. പുക ആലപ്പുഴ മേഖലയിലേക്കും വ്യാപിച്ചു. ഇതേസമയം കൊച്ചി നഗരത്തില്‍ നഗരമാലിന്യം കുമിഞ്ഞുകൂടി. മാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്ന് ഇന്നു തീരുമാനമുണ്ടാകും.
കോഴിക്കോട് മുണ്ടിക്കല്‍താഴം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസമയ പിലാശേരിയെ കടന്നുപിടിച്ച പുരുഷ പോലീസിനെതിരേ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ. മാര്‍ച്ച് ഒമ്പതിനു കേരളത്തിലെത്തി വിഷയത്തില്‍ നടപടിയെടുക്കുമെന്ന് അവര്‍ ട്വിറ്റ് ചെയ്തു.
അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് സ്‌കൂളിലെ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കൊപ്പം പരാതിക്കാരിയായ അധ്യാപികയേയും സസ്‌പെന്‍ഡു ചെയ്തതു വിവാദത്തില്‍. സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ഗേള്‍സ് സ്‌കൂളിലാണു സംഭവം. അധ്യാപകരായ പ്രജീഷ്, സാദിയ എന്നിവര്‍ അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് അശ്ലീല സന്ദേശം അയച്ചെന്നാണു പരാതി. പരാതിക്കാരിയായ കെഎസ് സോയക്കെതിരേയും നടപടിയെടുത്തതിനെതിരേ സിപിഎമ്മില്‍തന്നെ എതിര്‍പ്പ്.
മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍. പാവറട്ടി സ്വദേശി ഷാഹുല്‍ ഹമീദാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. പച്ചാളത്ത് താമസിച്ചിരുന്ന യുവതിയില്‍ നിന്നാണ് ഇയാള്‍ 17 പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും തട്ടിയെടുത്തത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ആറു വര്‍ഷമായി ജയിലിലാണെന്നും കേസിന്റെ വിചാരണ നീളുന്നതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു പ്രതി ആവശ്യപ്പെട്ടത്.
കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ പറമ്പിലെ ചവറിനിട്ട തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. ചപ്പമല പൊന്നമ്മ കുട്ടപ്പന്‍ (60)ആണ് മരിച്ചത്.
ഷൂട്ടിംഗിനിടെ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ മകന്‍ അമീന്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കേ വേദിക്കു മുകളിലെ കൂറ്റന്‍ അലങ്കാരദീപം പൊട്ടി വീണു. അമീന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അമീന്‍ തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
നിക്കോബാര്‍ ദ്വീപുകള്‍ക്കു സമീപം ഭൂകമ്പം. പുലര്‍ച്ചെ അഞ്ചിന് റിക്ടര്‍ സ്‌കെയില്‍ 5.0 തീവ്രത രേഖപ്പെടുത്തി.
നടന്‍ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായുള്ള ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരിണത്തില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. അനങ്ങുമ്പോഴും ശ്വസിക്കുമ്പോഴും വേദനയുണ്ടെന്നും സുഖം പ്രാപിക്കാന്‍ കുറച്ച് ആഴ്ചകള്‍ വേണമെന്നും അദ്ദേഹം കുറിച്ചു.
എട്ടാം വയസില്‍ അച്ഛന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍. ഇക്കാര്യം പറഞ്ഞപ്പോള്‍ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നിരുന്നു. തനിക്കു 16 വയസായപ്പോഴേക്കും അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ എംഎല്‍എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയയാളെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. 2005 ല്‍ ബിഎസ്പി എംഎല്‍എ രാജു പാല്‍ വധക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമേഷ് പാലിനെ ഒരാഴ്ച മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധൂമംഗഞ്ച് സ്വദേശിയായ വിജയ് ചൗധരി എന്ന ഉസ്മാന്‍ (27) ആണു കൊല്ലപ്പെട്ടത്. അലഹബാദ് (വെസ്റ്റ്) അസംബ്ലി സീറ്റില്‍ മുന്‍ എംപി ആതിഖ് അഹമ്മദിന്റെ ഇളയ സഹോദരന്‍ ഖാലിദ് അസിമിനെ പരാജയപ്പെടുത്തിയാണ് രാജു പാല്‍ എംഎല്‍എയായത്.
വിദേശത്ത് ഇന്ത്യയുടെ പൂര്‍വികരേയും ഇന്ത്യയേയും അപകീര്‍ത്തിപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാഹുല്‍ഗാന്ധി. രാജ്യം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിച്ചും സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം ഭരിച്ചവര്‍ ഒന്നും ചെയ്തില്ലെന്നും അഴിമതി മാത്രമാണു ചെയ്തതെന്നും പ്രസംഗിച്ച മോദി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തി. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
ലൈംഗിക ചൂഷണത്തിന് ഇരയായ പതിനഞ്ചുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചശേഷം കുഞ്ഞിനെ കൊന്നു. വീട്ടില്‍വെച്ചാണ് പതിനഞ്ചുകാരി പ്രസവിച്ചതും കുഞ്ഞിനെ കൊലപ്പെടുത്തിതും. യെന്നും പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ്
ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. നിരവധി വീടുകള്‍ കത്തി നശിച്ചു. ആയിരങ്ങള്‍ വഴിയാധാരമായി. പ്രദേശം കറുത്ത പുകപടലങ്ങളാണ്.