mid day hd 12

 

ഇന്ത്യക്ക് ഇരട്ട ഓസ്‌കര്‍. എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ഓസ്‌കര്‍ നേടി. എം.എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുല്‍ സിപ്ലിഗുഞ്ജും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. കനുകുന്താള സുഭാഷ്ചന്ദ്രബോസിന്റെ ഗാനരചന. ആല്ലൂരി സീതരാമരാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയില്‍ ഇരുവരുടേയും വേഷം അഭിനയിച്ചത് രാം ചരണ്‍തേജയും ജൂണിയര്‍ എന്‍ടിആറുമാണ്.

ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കര്‍ നേടിയ ‘എലിഫന്റ് വിസ്‌പേറേഴ്‌സ്’ മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണിത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍, ബെല്ല ദമ്പതികളുടെയും രഘു എന്ന ആനക്കുട്ടിയുടെയും ജീവിതം ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കുന്നു 40 മിനിറ്റുള്ള ആവിഷ്‌കാരമാണിത്.

ബ്രഹ്‌മപുരത്തെ തീപ്പിടിത്തം അടക്കമുള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നു പ്രതിപക്ഷം. ഡയോക്‌സിന്‍ വിഷപ്പുക കൊച്ചിയിലാകെ വ്യാപിച്ചിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും എന്തു ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍. ഒരു പ്രശ്‌നവുമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. തദ്ദേശ മന്ത്രി കരാര്‍ കമ്പനിയെ ന്യായീകരിക്കുന്നു. ഇപ്പോഴും തീയണഞ്ഞിട്ടില്ല. അയല്‍ ജില്ലകളിലേക്കും വിഷപ്പുക വ്യാപിച്ചു. വിഷപ്പുക ശ്വസിച്ചു രാസാംശങ്ങള്‍ രക്തത്തില്‍ കലര്‍ന്നാല്‍ കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, വന്ധ്യത തുടങ്ങിയ രോഗങ്ങളുണ്ടാകുമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സതീശന്‍ പറഞ്ഞു. പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.

തീപിടിത്തത്തിനു ശേഷം ഏഴാം തീയതി കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നെന്നും ഇപ്പോള്‍ 138 പിപിഎം ആണെന്നും മന്ത്രി എം.ബി. രാജേഷ്. ഡല്‍ഹിയില്‍ 223 പിപിഎം ആണ്. നല്ല ശുദ്ധവായു കിട്ടാന്‍ കേരളത്തിലേക്കു വരേണ്ട സ്ഥിതിയാണ്. കരാര്‍ കമ്പനിയെ ന്യായീകരിച്ച തദ്ദേശമന്ത്രി എം ബി രാജേഷ് മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തുകയാണെന്നും കുറ്റപ്പെടുത്തി.

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. നാളെ മുതല്‍ 16 വരെ രണ്ടു മീറ്ററോളം ഉയരത്തില്‍ തിരമാലയുണ്ടാകും. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി

ചൈനയുടെ പ്രസിഡന്റായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷി ജിന്‍ പിംഗിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോള രാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് പ്രശംസനീയമാണെന്നും കൂടുതല്‍ സമ്പന്നരാകാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകളെന്നും പിണറായി.

ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായി 12 ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായം തേടാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആവശ്യപ്പെട്ടാല്‍ ഒരു മണിക്കൂറിനകം ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ സംസ്ഥാനം കേന്ദ്ര സഹായം ആവശ്യപ്പെട്ടില്ല. സുരേന്ദ്രന്‍ പറഞ്ഞു.

ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷല്‍ കേസുകളില്‍ തെളിവുകള്‍ കൈമാറാനാണ് വന്നതെന്നു പി സി ജോര്‍ജ് പറഞ്ഞു. ഇ ഡി ആവശ്യപ്പെട്ടതനുസരിച്ചാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍ എംപി. തന്നെ അപമാനിക്കാനാണ് നേതൃത്വം കത്തു തന്നത്. തെരഞ്ഞെടുപ്പിനു മുന്‍പ് രണ്ട് എം പിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതാകില്ല. തന്റെ സേവനം വേണോ വേണ്ടയോയന്നു പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരന്‍.

സംസ്ഥാനത്തെ ഏക കന്റോണ്‍മെന്റായ കണ്ണൂര്‍ കന്റോണ്‍മെന്റ് തെരഞ്ഞെടുപ്പ് ഏപ്രില്‍ മുപ്പതിന്. യുഡിഎഫ് അനുകൂല ബോര്‍ഡായിരുന്നു നിലവിലുണ്ടായിരുന്നത്. കണ്ണൂര്‍ നഗരത്തോടു ചേര്‍ന്നുള്ള ബര്‍ണശേരിയിലാണ് സൈനിക ഭരണ പ്രദേശമായ കന്റോണ്‍മെന്റ്.
ആറു വാര്‍ഡുകളിലേക്കാണു തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക ഈ മാസം 22 വരെ സമര്‍പ്പിക്കാം. ആര്‍മി ഉദ്യോഗസ്ഥരും പ്രദേശത്തെ താമസക്കാരുമടക്കം 2500 വോട്ടര്‍മാരാണുള്ളത്.

അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ ട്രോളി തട്ടിയതില്‍ രോഷാകുലനായ ഡോക്ടര്‍ ഓപറേഷന്‍ തിയറ്ററിലെ നഴ്‌സിങ് അസിസ്റ്റന്റിനെ ചവിട്ടിയ സംഭവത്തില്‍ അന്വേഷണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോ. പ്രമോദിന് എതിരെയാണ് നഴ്‌സിങ് അസിസ്റ്റന്റായ വിജയകുമാരി ആരോപണം ഉന്നയിച്ചത്. നഴ്സിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.

കള്ളനോട്ടു കേസില്‍ പിടിയിലായ എടത്വ കൃഷി ഓഫീസര്‍ എം. ജിഷമോള്‍ക്കു കള്ളനോട്ടു നല്‍കിയ കളരിയാശാന്‍ പിടിയിലായി. ഹൈവേ കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ക്കും കള്ളനോട്ടുകേസില്‍ ബന്ധമുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. ജിഷമോള്‍ പേരുര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണ്.

സിപിഎം പ്രവര്‍ത്തകരെ അന്തം കമ്മികളേയെന്നും ചൊറിയന്‍ മാക്രികളേയെന്നും പരഹസിച്ച് സുരേഷ് ഗോപി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മാക്രിക്കൂട്ടങ്ങളേ നിങ്ങള്‍ വന്നു ട്രോളിക്കോളൂവെന്നു പരിഹസിച്ചത്.

പാലാരിവട്ടത്ത് കുരുമുളക് സ്‌പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പിടികൂടി. പാലാരിവട്ടം മണപ്പുറക്കല്‍ അഗസ്റ്റിന്റെ മകന്‍ മില്‍കി സദേഖിനെയാണ് പൊലീസ് പിടികൂടിയത്.

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കുത്തില്‍ പുലി ഭീഷണി. പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്തു ക്യാമറ ട്രാപ്പ് സ്ഥാപിക്കുമെന്നു വനംവകുപ്പ്. മാലിക്കുത്തിലെ മൂലയില്‍ വീട്ടില്‍ ചിന്നമ്മ വീടിനു സമീപം പുലിയെ കണ്ടെന്നു പരാതിപ്പെട്ടിരുന്നു.

ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. ആയിച്ചോത്ത് സ്വദേശി എം കെ സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ മാപ്പു പറയണമെന്ന് ബിജെപി. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുല്‍ അപമാനിച്ചു. രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. രാജ്യസഭയിലും രാഹുല്‍ വിഷയത്തില്‍ ബഹളം. വിദേശത്ത് ഇന്ത്യയെ അപമാനിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ നിശബ്ദരാക്കുന്നു, പെഗാസെസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു ഫോണ്‍ ചോര്‍ത്തുന്നു, ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസ് പിടിച്ചെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് രാഹുല്‍ഗാന്ധി ലണ്ടനിലെ പ്രസംഗത്തില്‍ ഉന്നയിച്ചത്.

വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, കര്‍ണാടകത്തിലെ ബിജെപി എംഎല്‍എ കോടികളുടെ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. കൈക്കൂലിയുടെ ഒരു പങ്ക് മോദിക്കും കിട്ടുന്നുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു -മൈസൂരു അതിവേഗപാതയ്‌ക്കെതിരെ കര്‍ഷകര്‍ക്കും പ്രദേശവാസികളും നടത്തുന്ന പ്രതിഷേധസമരം തുടരും. സര്‍വീസ് റോഡുകള്‍ വേണമെന്നും ഏറ്റെടുത്ത സ്ഥലത്തിനുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

ലണ്ടനില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരേ ചോദ്യമുയരുന്നത് നിര്‍ഭാഗ്യകരമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗവാന്‍ ബസവേശ്വരയേയും ഇന്ത്യന്‍ ജനങ്ങളേയുമാണ് അപമാനിക്കുന്നതെന്ന് ബംഗളൂരുവില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കവേ മോദി പറഞ്ഞു.

11 നോമിനേഷനുകളുമായി എത്തിയ ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ ഓസ്‌കറില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ ഈ സിനിമ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. മികച്ച നടിയായി ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ ലെ അഭിനയത്തിന് മിഷേല്‍ യോയും മികച്ച നടനായി ‘ദ വെയ്ല്‍’ ലെ വേഷത്തിന് ബ്രെന്‍ഡന്‍ ഫ്രേസറും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡ് ‘വുമണ്‍ ടോക്കിംഗി’ലൂടെ സാറാ പോളി നേടി.

അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് രണ്ടു ബോട്ടുകള്‍ മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. മനുഷ്യക്കടത്തുമായി വന്ന രണ്ടു ബോട്ടുകളാണു മറിഞ്ഞത്. ഏഴു പേരെ കാണാതായി. രണ്ടു ബോട്ടുകളിലായി 23 പേരുണ്ടായിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *