പേരെഴുതാത്ത 54 ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ എംജി സര്‍വകലാശാലയില്‍നിന്നു കാണാതായി. സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ വൈസ് ചാന്‍സലര്‍ പരീക്ഷ കണ്ട്രോളര്ക്കു നിര്‍ദ്ദേശം നല്കി. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കും.
തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്കിയ ഹര്‍ജി ജൂലൈ 12 ലേക്കു മാറ്റി. ജൂലൈ ഏഴിനകം മറുപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ലോകമാകുന്ന കുടുംബത്തിനു വേണ്ടി യോഗ എന്ന സന്ദേശവുമായി ലോകമെങ്ങും യോഗാദിനം ആചരിച്ചു. സര്‍ക്കാരുകളുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ യോഗാ പരിപാടികള്‍ നടത്തി.
മില്‍മയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും എതിര്‍പ്പു കൂസാതെ നന്ദിനി പാല് ഇറക്കാനുള്ള നീക്കവുമായി കര്‍ണാടക. തുടക്കത്തില്‍ 25 വില്പനശാലകള് ആരംഭിക്കാനാണു പരിപാടി. രണ്ടു വര്‍ഷത്തിനകം എല്ലാ താലൂക്കിലും വില്പനശാലകളുണ്ടാകും.
ലൈഫ് മിഷന് ഫ്ളാറ്റിലെ ചോര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളോടു പറഞ്ഞ വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന് ഫ്ളാറ്റിലെ താമസക്കാരിയെയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ എത്തി ഭീഷണിപ്പെടുത്തിയത്. വീട്ടമ്മ മണര്‍കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേസമയം, നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിവാഹബന്ധം വേര്‍പെടുത്തിയ കാമുകിയെ സംശയരോഗംമൂലം എറണാകുളം ചെറായി ബീച്ചില്‍ കുത്തിക്കൊന്ന കേസില്‍ പ്രതിക്കു ജീവപര്യന്തം ശിക്ഷ. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 11 ന് എറണാകുളം വരാപ്പുഴ സ്വദേശി ശീതളിനെ കുത്തിക്കൊന്ന കേസിലാണ് വിധി.
മോന്സന് മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസില്‍ കെ സുധാകരനെതിരേ ദേശാഭിമാനി പത്രവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉന്നയിച്ച ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി പൊലീസില്‍ പരാതി നല്കി. ഇതേസമയം, മോന്‍സന്റെ തട്ടിപ്പു കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
കായംകുളം എംഎസ്എം കോളേജില്‍ എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് ഒളിവില്‍. നിഖിലിനെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖിലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.
സംസ്ഥാനത്ത് പനി വ്യാപിക്കുന്നുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി പ്രതിരോധ മരുന്നുകള്‍ സജ്ജമാക്കണം. ഡെങ്കി പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഇബി വാടകയ്ക്കെടുത്ത ജീപ്പില്‍ ലൈന്‍ വര്‍ക്കിനു തോട്ടി കൊണ്ടുപോയതിനു പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. വയനാട്ടിലെ എ.ഐ കാമറയില്‍ പതിഞ്ഞജീപ്പിന് 20,500 രൂപയാണ് പിഴ അടയ്ക്കാന്‍ നോട്ടീസ് അച്ചത്. അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈന്‍ കിട്ടിയത്.
എഐ ക്യാമറയില്‍നിന്ന് രക്ഷപ്പെടാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവച്ച മൂന്ന് ഇരുചക്രവാഹനങ്ങള്‍ കൊല്ലം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് പിടികൂടി കേസെടുത്തു. കൊല്ലത്ത് ചെമ്മക്കാട് ഓവര്‍ ബ്രിഡ്ജിന് സമീപം വാഹന പരിശോധന നടത്തവെ മുന്‍വശത്ത് നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും പുറകുവശത്ത് നമ്പര്‍ പ്ലേറ്റ് ഉള്ളിലേക്ക് മടക്കിവെച്ചും നമ്പര്‍ പ്ലേറ്റ് മാസ്കുകൊണ്ട് മറച്ചുവച്ച നിലയിലും കണ്ടെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു.
അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്ക് പ്രതികരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടന്നത് വിശിഷ്ടമായ കൂടിക്കാഴ്ചയാണ്. നരേന്ദ്ര മോദിയെ തനിക്കു വളരെ ഇഷ്ടമാണ്. അദ്ദേഹം മുന്‍പ് തന്റെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. മസ്ക് പറഞ്ഞു.
പതിനൊന്നു മാസം കുടിശികയാക്കിയ അയ്യായിരം രൂപ വീതമുള്ള ജീവനാംശതുക നാണയങ്ങളാക്കി ഏഴു ചാക്കുകളില്‍ എത്തിച്ച മുന്‍ ഭര്‍ത്താവിനു പണി കൊടുത്ത് കോടതി. കോടതി ഉത്തരവിനേയും ഭാര്യയേയും പരിഹസിക്കാനാണു രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ ദശരഥ കുമാര്‍ അഡീഷണല്‍ ജില്ലാ കോടതിയില്‍ നാണയച്ചാക്കുകള് എത്തിച്ചത്. അമ്പത്തയ്യായിരം രൂപ എണ്ണി ആയിരം രൂപയുടെ പാക്കറ്റുകളിലാക്കി മുന്‍ ഭാര്യ സീമയ്ക്കു കൈമാറി പണം കൈപ്പറ്റിയെന്നു രശീതി വാങ്ങിയശേഷമേ കോടതിയില്‍നിന്നു പുറത്തുപോകാവൂവെന്നാണു കോടതി ഉത്തരവിട്ടത്.
ഉത്തര്‍പ്രദേശിലെ ഷംലിയില്‍ ആറാം വിവാഹത്തിനായി 19 കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. യുവതിയെ മതംമാറ്റി ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചെന്നാണു പരാതി. റാഷിദ് എന്നയാളെ പോലീസ് തെരയുന്നു.
അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനിയില്‍ ഇനി ഒരു ദിവസത്തേക്കുള്ള ഓക്സിജന്‍ മാത്രമാണ് ശേഷിക്കുന്നത്. തെരച്ചില്‍ തുടരുകയാണ്. അന്തര്‍വാഹിനിയില്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ കോടീശ്വരന്മാരായ ഷഹ്സാദ ദാവൂദ്, മകന് സുലൈമാന്‍ എന്നിവരും ഉണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന് ഹണ്ടര്‍ ബൈഡന് 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടുവര്‍ഷം നികുതി നല്‍കിയില്ലെന്ന കേസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയോഗിച്ച അഭിഭാഷകന് ഡേവിഡ് വെയ്സാണ് ഹണ്ടര്‍ ബൈഡെതിരായ ആരോപണം അന്വേഷിച്ചത്.