സംസ്ഥാനത്ത് പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു. കേരളത്തില്‍ 11,329 പേര്‍ ഇന്നലെ പനിക്കു ചികിത്സ തേടി. രണ്ടു പേര്‍ പനി ബാധിച്ച് മരിച്ചു. 48 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ചു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ മരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഉറപ്പ് ആവര്‍ത്തിച്ചത്.
ഈ മാസം മുപ്പതിനു ചീഫ് സെക്രട്ടറി വി.പി. ജോയിയും ഡിജിപി അനില്‍കാന്തും വിരമിക്കും. പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡല്‍ഹിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എട്ടുപേരുടെ പട്ടികയില്‍ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിര്‍ദ്ദേശിക്കും.
മോന്‍സന്‍ മാവുങ്കല്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ അഭിഭാഷകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മറ്റൊരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്വ രാഹുല്‍ കുമാറിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറികൂടിയായ അഡ്വ അശോക് അമാനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
നടന്‍ പൂജപ്പുര രവി എന്ന എം രവീന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസായിരുന്നു. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. മകന്‍ വിദേശത്തേയ്ക്ക് പോയതിനാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ അദ്ദേഹം മറയൂരില്‍ മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകവേദികളിലും അഭിനിയിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്കു പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ. ഡോക്ടര്‍മാരും മാനേജ്‌മെന്റ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര സെല്‍. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കും.
അഴിമതി വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കാന്‍ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ബോര്‍ഡ് സ്ഥാപിക്കണമെന്ന് വിജിലന്‍സ്. പരാതിപ്പെടാനുള്ള ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എംപി ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ച് ശശി തരൂര്‍ എംപി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍ ഭിത്തി നിര്‍മ്മാണം, അംഗപരിമിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം, മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയതെന്നു ശശി തരൂര്‍ പറഞ്ഞു.
പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് ലിജോ റമ്മി കളിച്ച് തുലച്ചത് 75 ലക്ഷം രൂപ. കടബാധ്യതകള്‍ തീര്‍ക്കാനാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. കൂട്ടുകാരില്‍നിന്ന് പണം കടംവാങ്ങിയും വീട് പണയപ്പെടുത്തിയും റമ്മി കളിച്ചെന്നാണു പോലീസിനു നല്‍കിയ മൊഴി.
മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന മേഖലയായി മാറിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയമ പരിരക്ഷയുണ്ടോയെന്നത് ചോദ്യ ചിഹ്നമാണ്. സര്‍ക്കാരിന്റെ പീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായംകുളത്തെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവരങ്ങള്‍ കോളേജ് മാനേജ്‌മെന്റ് മറച്ചുവച്ചെന്നും വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ലെന്നും കെഎസ്‌യുവും എംഎസ്എഫും.
നിഖില്‍ തോമസ് എംകോമിന് ചേര്‍ന്നത് മാനേജ്‌മെന്റ് ക്വാട്ട സീറ്റിലാണെന്നും ഇവര്‍ പറയുന്നു.
എസ്എഫ്‌ഐ എല്ലാ കോളജുകളേയും വ്യാജ ബിരുദ കേന്ദ്രങ്ങളാക്കാതെ സ്വന്തമായി ഒരു വ്യാജ സര്‍വകലാശാല ആരംഭിക്കുന്നതാണു നല്ലതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വ്യാജ സര്‍വകലാശാല എന്നു പേരിടുന്നതും നല്ലതാണ്. രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നാളെ വായനാദിനം. സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എന്‍. പണിക്കരുടെ ഓര്‍മദിനം. വിദ്യാലയങ്ങളിലും സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിലും വായനാദിന പരിപാടികള്‍.
മീന്‍ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി ബോട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്.
വീടിനു മുന്നില്‍ കാറിടിച്ച് 13 കാരന്‍ മരിച്ചു. കണ്ണൂര്‍ തോട്ടട മാതന്റവിട നസ്റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് ആണ് മരിച്ചത്.
കോവളം തീരത്ത് യേവ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു. തീരത്ത് ദുര്‍ഗന്ധം പരന്നത് വിനോദസഞ്ചാരികളയും ബുദ്ധിമുട്ടിലാക്കി.
ഡല്‍ഹിയിലെ ആര്‍ കെ പുരത്ത് വെടിവയ്പ്. വെടിയേറ്റ് അംബേദ്കര്‍ കോളനിയിലെ പിങ്കി, ജ്യോതി എന്നീ യവതികള്‍ കൊല്ലപ്പെട്ടു. സാമ്പത്തിക ഇടപാടു തര്‍ക്കത്തിനിടെയാണ് വെടിവയ്പുണ്ടായത്.
തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മില്‍ പൊതുവേദിയില്‍ വാക്കേറ്റം. ഇടപെടാന്‍ ശ്രമിച്ച ജില്ലാ കളക്ടറെ വേദിയില്‍നിന്ന് തള്ളി താഴെയിട്ടു. രാമനാഥപുരത്തു സര്‍ക്കാര്‍ ചടങ്ങ് നേരത്തെ തുടങ്ങിയതിനെച്ചൊല്ലിയായിരുന്നു മന്ത്രി രാജകണ്ണപ്പനും മുസ്ലിം ലീഗിന്റെ എംപി നവാസ് കനിയും തമ്മില്‍ തര്‍ക്കമുണ്ടായത്. കളക്ടറെ തള്ളിയിട്ടതിനു കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ജില്ലാ കളക്ടര്‍ക്കെതിരെ മുസ്ലിം ലീഗ് എംപി നവാസ് കനി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കു പരാതി നല്‍കി. മന്ത്രി രാജകണ്ണപ്പനെതിരെ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ആപ് ഡൗണ്‍ലോഡാകാന്‍ വൈകിയതിനു ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച മകന്റെ നെഞ്ചില്‍ കത്തികൊണ്ടു കുത്തി പിതാവ്. ഗുരുഗ്രാമിലെ മധു വിഹാറില്‍ 23 കാരനും കംപ്യൂട്ടര്‍ എന്‍ജിനിയറുമായ മകന്‍ ആദിത്യയെ 64 കാരനായ പിതാവും എന്‍ജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് സീനിയര്‍ മാനേജരായി വിരമിച്ചയാളുമായ അശോക് സിംഗ് ആണു കുത്തിയത്.