mid day hd 7

 

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയ്ക്കു പുറമേ ബിജെപിയിലും വിമതര്‍ തലപൊക്കുന്നു. അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപിയെ ഭരണ മുന്നണിയില്‍ ചേര്‍ത്തതിനെതിരേയാണു പ്രതിഷേധം. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം ഒമ്പതു മന്ത്രി സ്ഥാനം എന്‍സിപിക്കു നല്‍കിയത് ഇരു പാര്‍ട്ടികളിലേയും മന്ത്രിക്കസേര മോഹിച്ചിരുന്ന നേതാക്കളെ നിരാശരാക്കി. എംഎല്‍എമാരില്‍ പലരും രണ്ടു മാസത്തെ അവധിയെടുത്തതായി ബിജെപി അഖിലേന്ത്യ സെക്രട്ടറി പങ്കജ് മുണ്ടെ സമ്മതിച്ചു. ഇതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാന്‍ ഷിന്‍ഡെയോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു.

ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആശിഷ് ജെ. ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസാകും. നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഉടനേ ഉത്തരവിറക്കും.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ തുടര്‍സമര പരിപാടികള്‍ ആലോചിക്കാന്‍ സമസ്തയുടെ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഇന്ന് കോഴിക്കോട് ചേരും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാന്‍ ആകില്ലെന്നാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് പ്രമേയമാക്കി സിപിഎം ഈ മാസം 15 നു കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ സംഘാടക സമിതിയില്‍ സമസ്ത അംഗവും. സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെയാണ് വൈസ് ചെയര്‍മാന്‍മാരുടെ പട്ടികയില്‍ സിപിഎം ഉള്‍പ്പെടുത്തിയത്. കെപി രാമനുണ്ണിയാണ് സംഘാടക സമിതി ചെയര്‍മാന്‍.

ഏക സിവില്‍ കോഡ് സംവാദത്തിലേക്കു പ്രശ്‌നാധിഷ്ഠിതമായാണു മുസ്ലിം ലീഗിനെ ക്ഷണിച്ചതെന്നും അതൊരു രാഷ്ട്രീയ ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസ് നിലപാടില്‍ വ്യക്തതയില്ല. ലീഗിന്റെ നിലപാടിനെ സ്വാഗതം ചെയ്യും. ലീഗുമായി തൊട്ടു കൂട്ടായ്മയില്ല. സുന്നി ഐക്യത്തില്‍ ഇടതു പക്ഷത്തിന് ആശങ്കയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു ലോക്‌സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി വിവാദമുണ്ടാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ഹൈബി ഈഡന്‍ എംപി. ബില്‍ പിന്‍വലിക്കാന്‍ എഐസിസി തന്നോട് ഔദ്യോഗികകമായി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച വില്ലേജ് ഓഫീസറില്‍നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി.
തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ ഉമാനുജനാണ് അറസ്റ്റിലായത്.

ബിഷപ്പ് സ്ഥാനം രാജിവച്ച ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറില്‍ യാത്രയയപ്പ്. രൂപതയിലെ സെന്റ് മേരിസ് കത്തീഡ്രലിലാണ് യാത്രയപ്പ്. യാത്രയയപ്പു ചടങ്ങില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ എല്ലാവരോടും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് അഗ്‌നേലോ ഗ്രേഷ്യസ് ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ കുറ്റമുക്തനാക്കപ്പെട്ട ബിഷപ്പിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്.

മേലുദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് കോട്ടയം മരങ്ങാട്ടുപള്ളിയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ബിജുമോന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. സ്വന്തം നാടായ കുറവിലങ്ങാട്ടേയ്ക്ക് ചീഫ് എന്‍ജിനീയര്‍ സ്ഥലംമാറ്റ ഉത്തരവ് നല്കിയിട്ടും പാലാ എക്സിക്യൂട്ട് എന്‍ജിനീയര്‍ ബാബുജാന്‍ സ്ഥലംമാറ്റം അനുവദിച്ചില്ലെന്നാണു ബിജുമോന്റെ പരാതി. തന്റെ മുഖത്തടിച്ചതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നു സുഹൃത്തുക്കള്‍ക്കു വാട്‌സ്ആപ് സന്ദേശം അയച്ച് ഉറക്കഗുളിക കഴിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ രാജ്യത്തെ മൂന്ന് മേഖലകളില്‍ നേതൃയോഗങ്ങളുമായി ബിജെപി. കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളുടെ യോഗം ഗോഹട്ടിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം ഡല്‍ഹിയിലും ചേര്‍ന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നേതൃയോഗം ഹൈദരാബാദില്‍ നടക്കും. മോദി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി നടത്തിയ പ്രചാരണ പരിപാടികളുടെ വിലയിരുത്തലും പ്രചാരണങ്ങളും ആസൂത്രണങ്ങളുമാണ് ഈ യോഗങ്ങളില്‍.

ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്കു ചോര്‍ത്തിയെന്ന് കുറ്റപത്രം. സാറാ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിംഗിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ വിശദീകരിച്ചത്. പൂനെയിലെ ഡിആര്‍ഡിഒ ലാബിന്റെ ഡയറക്ടറായിരുന്നു പ്രദീപ്.

ഡല്‍ഹി- ഷിംല ഹൈവേയില്‍ മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ സോളനില്‍ ദേശീയപാത – 5 ല്‍ കൂറ്റന്‍ പാറകള്‍ റോഡിലേക്കു വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത്.

ചെന്നൈയില്‍ മദ്യലഹരിയില്‍ പോലീസ്ജീപ്പ് ഓടിച്ച് അപകടമുണ്ടാക്കിയ രണ്ടു പോലീസുകാര്‍ തടവില്‍. റാണിപ്പെട്ട് ജില്ലയിലെ കോണ്‍സ്റ്റബിളുമാരായ ശ്രീധര്‍, അരുള്‍ മണി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അശോക് നഗറില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചു ടൂ വീലറുകളും ഒരു കാറും ഇവര്‍ ഓടിച്ച പോലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു.

ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണങ്ങളില്‍ തങ്ങളുടെ മൂന്നു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *