നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം അവസാന ഖണ്ഡിക മാത്രം ഒന്നര മിനിറ്റുകൊണ്ട് വായിച്ചവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വായിച്ചു കഴിഞ്ഞയുടനേ നിയമസഭയില്‍നിന്ന് സ്ഥലം വിടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയിലേക്കു സ്വീകരിച്ചത്. മുഖ്യമന്ത്രി ബൊക്കെ നല്‍കിയ മുഖ്യമന്ത്രിയുടെ മുഖത്തു ഗവര്‍ണര്‍ നോക്കിയില്ല. ചിരിയോ ഹസ്തദാനമോ ഇല്ല. ഒറ്റ പാരാഗ്രാഫ് വായിച്ചയുടനേ പുറത്തേക്കറിങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് യാത്രയാക്കി.
നിയമസഭയില്‍ അത്യന്തം നാടകീയവും അത്യപൂര്‍വവുമായ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനകരമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമേ വായിക്കുന്നുള്ളൂവെന്നും പറഞ്ഞുകൊണ്ടായിരുന്നു തുടക്കം.
സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനു വിമര്‍ശനം. സര്‍ക്കാരിന്റെ അതിശയകരമായ നേട്ടങ്ങള്‍ക്കു തടസമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണെന്നാണു വിമര്‍ശനം. ഫെഡറല്‍ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടമെടുപ്പു നിയന്ത്രണം പ്രതിസന്ധിക്കു കാരണമായി. സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു. ഗ്രാന്റും സഹായവിഹിതവും തടഞ്ഞുവയ്ക്കുന്നു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര വരുമാനവും കൂട്ടി പിടിച്ചുനിന്നു. കേന്ദ്രനിലപാടില്‍ അടിയന്തര പുനപരിശോധന വേണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് നിയമസഭയിലെ ഗവര്‍ണറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചിരിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനമൊന്നുമില്ല. കേന്ദ്രത്തിനെതിരേ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരംപോലും കേന്ദ്ര ഏജന്‍സികളെ പേടിച്ച് മാറ്റിവച്ചെന്നും സതീശന്‍ പറഞ്ഞു.
ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇതുപോലൊരു നാണക്കേട് ഒരു സര്‍ക്കാരിനും നേരിടേണ്ടി വന്നിട്ടില്ലെന്നും സുരേന്ദ്രന്‍.
ബാര്‍ക്കോഴ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ ചമച്ചുണ്ടാക്കിയതാണെന്നു കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന വൈരാഗ്യംമൂലമാണ് രമേശ് ചെന്നിത്തല തനിക്കെതിരെ ബാര്‍ കോഴക്കേസ് കൊണ്ടുവന്നത്. ആരോപണം ഉന്നയിച്ചയാള്‍ കോണ്‍ഗ്രസ് നേതാക്കളുടെ അടുപ്പക്കാരനാണ്. തനിക്കെതിരെ ചെന്നിത്തല വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരില്‍ കാബനറ്റ് റാങ്കോടെ മന്ത്രിയാകാനുള്ള അവസരം കെ. കരുണാകരന്‍ ഇടപെട്ടാണ് ഇല്ലാതാക്കിയത്. മാണി ആത്മകഥയില്‍ പറയുന്നു. കെഎം മാണി മരിക്കുന്നതിന് ആറു മാസം മുമ്പാണ് ആത്മകഥ എഴുതിയതെന്നാണ് കെഎം മാണി ഫൗണ്ടേഷന്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. പ്രകാശന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കു ക്ഷണമില്ല. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കു ക്ഷണമുണ്ട്.
കേരളത്തിലെ രണ്ടു പേര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലും 11 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍, എഎസ്പി വി സുഗതന്‍, ഡിവൈഎസ്പി എന്‍എസ് സലീഷ്, എ.കെ. രാധാകൃഷ്ണപിള്ള, എഎസ്‌ഐ ബി സുരനേദ്രന്‍, ഇന്‍സ്‌പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍, എഎസ്‌ഐ കെ. മിനി എന്നിവര്‍ക്കാണു സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍. അഗ്‌നിശമന സേന വിഭാഗത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും സ്തുത്യര്‍ഹ സേവനത്തിന് എന്‍. ജിജി, പി പ്രമോദ്, എസ്. അനില്‍കുമാര്‍, അനില്‍ പി മണി എന്നിവര്‍ക്കുമാണ് മെഡല്‍.
മസാല ബോണ്ട് ഇറക്കിയതിലൂടെ വിദേശ നാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചോയെന്ന് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അയച്ച സമന്‍സിനു മറുപടി നല്‍കാന്‍ ഹൈക്കോടതി കിഫ്ബിക്കു നിര്‍ദേശം നല്‍കി. അന്വേഷണം തടസപ്പെടുത്തില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ഉദ്യോഗസ്ഥനെ അനാവശ്യമായി വിളിച്ചുവരുത്തുന്നിനോടു യോജിപ്പില്ലെന്നും കോടതി പറഞ്ഞു. രേഖകള്‍ നല്‍കിയിട്ടും അതേ ആവശ്യംതന്നെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവര്‍ത്തിക്കുന്നതെന്ന് കിഫ്ബി ആരോപിച്ചു. ഫെബ്രുവരി ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസം നടന്നു. വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് 25 ഉമ്മന്‍ചാണ്ടി വീടുകള്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണം.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം പൂര്‍ത്തിയായെങ്കിലും അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിക്കുന്നു. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെടും.
പ്രിന്‍സിപ്പല്‍ ജഡ്ജും വിചാരണ കോടതി ജഡ്ജിയുമായ ഹണി എം വര്‍ഗീസാണ് അന്വേഷണം നടത്തിയത്.
ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്സല്‍ ഭക്ഷണത്തിന്റെ കവറില്‍ തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കണ്ണൂരില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി വി.പി.ഫൈസലിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വയനാട്ടില്‍ പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ വധശ്രമക്കേസില്‍ പിടിയില്‍. കൂളിവയല്‍ കുന്നേല്‍ വീട്ടില്‍ ബാദുഷ (28), സഹോദരന്‍ നിസാമുദ്ദീന്‍ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും പോക്സോ കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ അനുഭവിച്ചവരാണ്. കൂളിവയല്‍ സ്വദേശിയായ തെല്‍ഹത്തിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്.
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിനൊരുങ്ങി രാജ്യം. നാളത്തെ റിപ്പബ്‌ളിക് ദിനാഘോഷത്തിനു മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്നു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാര്‍ഡുകളും വിശിഷ്ടസേവനങ്ങള്‍ക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
തെലങ്കാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡില്‍ പിടിച്ചെടുത്തത് കോടിക്കണക്കിനു രൂപയും സ്വര്‍ണവും അടക്കമുള്ള അനധികൃതസമ്പാദ്യം. തെലങ്കാന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി ശിവ ബാലകൃഷ്ണയുടെ വീട്ടിലെ റെയ്ഡിലാണ് നൂറ് കോടി രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തത്. നൂറിലേറെ ഐ ഫോണുകള്‍, കിലോക്കണക്കിന് സ്വര്‍ണം, ലക്ഷക്കണക്കിന് പണം, 60 ആഡംബര വാച്ചുകള്‍, 40 ലക്ഷം രൂപ, ഐപാഡുകള്‍, ബാങ്ക് – ഭൂസ്വത്ത് രേഖകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞെന്ന് വാര്‍ത്ത നല്‍കിയ ദിനമലര്‍ പത്രത്തിനെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു. പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റര്‍ക്കുമെതിരെയാണ് മധുര സിറ്റി പൊലീസ് കേസെടുത്തത്. മത വിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്താനും സാമുദായിക സ്പര്‍ധ ഉണ്ടാക്കാനും ശ്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്.
ശ്രീലങ്കന്‍ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത (48) ആണ് മരിച്ചത്. പുലര്‍ച്ചെ കൊളമ്പോ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ആറു തവണ ലോക ബോസ്‌കിംഗ് ചാമ്പ്യനും 2012 ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ ഇന്ത്യന്‍ വനിത ബോക്‌സിംഗ് ഇതിഹാസം മേരി കോം വിരമിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രായ പരിധിയാ 40 പിന്നിട്ടതോടെയാണ് മേരി വിരമിക്കുന്നതായി അറിയിച്ചത്.