മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖംമൂലം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു തവണ എംഎല്‍എയും കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയുമായിരുന്നു. കെപിസിസി പ്രസിഡന്റായി 14 വര്‍ഷം പ്രവര്‍ത്തിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അവസരവാദ നിലപാട് എടുക്കുന്നു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട നീക്കമാണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.
മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങി. തിരക്ക് നിയന്ത്രിക്കുന്നതിനു വെര്‍ച്ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ നടത്തിയ 50,000 ഭക്തര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ ശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. ഇവര്‍ക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്.
സൗഹൃദം ഭാവിച്ചു ശത്രുതാ നീക്കങ്ങളാണു ബിജെപി അടക്കമുള്ള സംഘപരിവാര്‍ നടത്തുന്നതെന്ന് കെസിബിസി. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. വിരുന്നു നല്‍കി ക്രൈസ്തവരെ വശത്താക്കാന്‍ ശ്രമിക്കുന്നതു സഭകള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബഷപ്പിനെതിരേ സംഘപരിവാര്‍ മാധ്യമങ്ങള്‍ വിദ്വേഷജനകമായ നുണ പ്രചാരണം നടത്തിയിരിക്കേ, കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയിലെ ലേഖനത്തിലാണ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ ജേക്കബ് പാലക്കപ്പള്ളി രൂക്ഷ വിമര്‍ശനം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രതി തടവു ചാടി. മയക്കുമരുന്നു കേസില്‍ പത്തു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദാണു തടവു ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് ബൈക്കിന്റെ പിറകില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജയിലിലെ വെല്‍ഫയര്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഹര്‍ഷാദാണ് എല്ലാ ദിവസവും രാവിലെ ജയിലിലേക്കുള്ള പത്രങ്ങളുടെ കെട്ട് എടുക്കാറുള്ളത്.
മലപ്പുറം മഞ്ചേരി പുല്‍പ്പറ്റയിലെ സ്വര്‍ണ വ്യാപാരി വളമംഗലം സ്വദേശി മുഹമ്മദ് അനീസ് കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം. ബിസിനസ് പാര്‍ട്ണര്‍മാര്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും, സ്വര്‍ണവും സ്വത്തുക്കളും തട്ടിയെടുത്തെന്നും കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി. ഇതോടെയാണു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി ശ്രീദേവി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ മനിലപുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗീസാണ് പിടിയിലായത്.
അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ രണ്ടാഴ്ചയായിട്ടും ബന്ധുക്കള്‍ എത്തിയില്ല. എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുളള മൃതദേഹം ഏറ്റെടുത്ത് അന്തിമകര്‍മങ്ങള്‍ നടത്താന്‍ ചലചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നെങ്കിലും മൃതദേഹം വിട്ടുനല്‍കിയില്ല. ജോര്‍ജിന്റെ മൃതദേഹം നാളെ സംസ്‌കരിക്കാനാണ് ധാരണയായിട്ടുള്ളത്.
രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാകണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തനിക്കു താത്പര്യമില്ലെന്നും ജോഡോ യാത്രയുടെ തിരക്കിലാണെന്നും രാഹുല്‍ ഗാന്ധിയുടെ പ്രതികരിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞു മാറി. എല്ലാ കക്ഷികളും അംഗീകരിച്ചെങ്കില്‍ മാത്രമേ പദവി ഏറ്റെടുക്കൂവെന്നാണ് നിതീഷ്‌കുമാറിന്റെ നിലപാട്.
മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണു രാജി. 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നു ദേവ്‌റ അറിയിച്ചു.
അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. പിന്നീട് കുടുംബ സമേതം രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും അഖിലേഷ് കത്തില്‍ എഴുതിയിട്ടുണ്ട്.
മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട സ്വവര്‍ഗ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
വിമാനം വൈകിയതിനെത്തുടര്‍ന്ന് തന്നെയും മറ്റു സഹയാത്രികരെയും എയ്റോബ്രിഡ്ജിനുള്ളില്‍ പൂട്ടിയിട്ടെന്ന് നടി രാധിക ആപ്തെ. എയര്‍പോര്‍ട്ടില്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ വഴിയാണ് നടി പങ്കുവച്ചത്. ഏത്ുവിമാനത്താവളത്തിലാണെന്നോ ഏത് ഏയര്‍ലെയിന്‍ ആണെന്നോ വെളിപ്പെടുത്തിയില്ല.
ദേഹാസ്വാസ്ഥ്യംമൂലം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു. വത്തിക്കാനില്‍ വിദേശ വൈദികരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ തൊണ്ടവേദനമൂലം പ്രസംഗം അവസാനിപ്പിച്ചത്. എനിക്ക് സംസാരം പൂര്‍ത്തിയാക്കാനാകുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം നിര്‍ത്തിയത്.
ഇന്ധനച്ചോര്‍ച്ചമൂലം അമേരിക്കയിലെ സ്വകാര്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. പേടകം ഭൂമിയിലേക്കു പതിക്കുംമുമ്പേ ഏറെക്കുറേ കത്തിത്തീരും. ഇക്കഴിഞ്ഞ എട്ടാം തീയതി യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ വള്‍ക്കന്‍ റോക്കറ്റിലൂടെയാണ് പേടകം വിക്ഷേപിച്ചത്. റോക്കറ്റില്‍ നിന്ന് പേടകം വേര്‍പെടുത്തിയതിനു പിറകേ പേടകത്തില്‍ പൊട്ടിത്തെറി ഉണ്ടായതാണു പ്രശ്‌നത്തിനു കാരണം.
ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തും മകളുടെ അച്ഛനുമായ ക്ലാര്‍ക്ക് ഗഫോര്‍ഡിനെയാണ് വിവാഹം ചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് നടക്കാനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റിവച്ചതായിരുന്നു.