രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ സമാപിക്കും. പദയാത്ര ഇന്ന് അവസാനിപ്പിക്കും. പന്താചൗക്കില്‍ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിക്കും. രാഹുല്‍ ഗാന്ധി അവിടെ പതാക ഉയര്‍ത്തും. നാളത്തെ സമാപന സമ്മേളനത്തിലേക്കു ക്ഷണിച്ച 23 കക്ഷികളില്‍ 13 കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല. വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്നു നല്‍കും.
മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കോഴിക്കൂടിന്റെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം രണ്ടു കാലില്‍ നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് ഫിലിപ്പ് എന്നയാളുടെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയത്. സുരക്ഷിതമല്ലാത്ത കൂട്ടില്‍നിന്ന് പുലി ചാടിപ്പോകാതിരിക്കാന്‍ ചുറ്റും വല കെട്ടി. ജനങ്ങളെ ഒഴിപ്പിച്ചു. മയക്കുവെടി വച്ച് പുലിയെ പിടികൂടാന്‍ നടപടികള്‍ പുരോഗമിക്കേ, ഏഴേ കാലോടെ പുലി ചത്തു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തത് നാട്ടുകാര്‍ ഫോട്ടോയെടുത്തതുകൊണ്ടാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. പുലിയെ മയക്കുവെടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചിലര്‍ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ജനങ്ങള്‍ നിസഹകരിച്ചെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍.
താമരശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും കൂറുമാറി. വിചാരണക്കിടെ എട്ട്ുസാക്ഷികളാണ് കൂറുമാറിയത്. അറസ്റ്റു ചെയ്ത പൊലീസുകാര്‍ പ്രതികളെ ‘തിരിച്ചറിഞ്ഞില്ല’. ഫോറസ്റ്റ് വകുപ്പിലെ ഡെപ്യൂട്ടി റേഞ്ചറും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും ഒരു സിവില്‍ പൊലീസ് ഓഫീസറും കൂറുമാറി. കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണു കേസ്. വിചാരണയ്ക്കിടെ കേസ് ഡയറി കാണാതായിരുന്നു. 2013 നവംബര്‍ 15 ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ നടന്ന ഹര്‍ത്താലിനിടെയാണ് വനം വകുപ്പ് ഓഫീസ് ആക്രമിക്കപ്പെട്ടത്.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം എത്രയോ ശരിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിലെ സി പി എമ്മും ഡല്‍ഹിയിലെ സംഘപരിവാറിനും ഇടയില്‍ ഇടനിലക്കാരുണ്ട്. ഇവര്‍ ആരെന്ന് ഇപ്പോള്‍ പറയുന്നില്ല. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ വിവാദമുണ്ടാക്കി രക്ഷിക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സര്‍ക്കാര്‍ 25 ലക്ഷം രൂപയുടെ പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ അനുവദിച്ചു. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്‍ രണ്ടേ മുക്കാല്‍ ലക്ഷം കിലോമീറ്റര്‍ ഓടിയതിനാലാണ് പുതിയ കാര്‍ അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാറാണ് സതീശനും ഉപയോഗിച്ചിരുന്നത്.
ലഹരികടത്ത് കേസില്‍ ആലപ്പുഴയിലെ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിനു ബന്ധമില്ലെന്ന് ആലപ്പുഴ ജില്ല സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്. ഷാനവാസിന്റെ വാഹനത്തില്‍നിന്നാണ് ലഹരി കണ്ടെടുത്തതെങ്കിലും ഷാനവാസ് പ്രതിയല്ല. കേബിള്‍ കരാറുകാരനെന്ന നിലയില്‍ നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ലെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനു വിരുദ്ധമാണ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
മരുമകന്‍ 108 കോടി രൂപ തട്ടിയെടുത്തെന്ന കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ചും പ്രോസിക്യൂഷനും പ്രതികള്‍ക്കു കൂട്ടുനില്‍ക്കുകയാണെന്ന് ആലുവായിലെ പ്രവാസി വ്യവസായി. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ അടിയന്തര അന്വേഷണം നടത്താന്‍ എറണാകുളം ഡിഐജിക്കു നിര്‍ദേശം നല്‍കി. മരുമകന്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാഫിസ്, സുഹൃത്ത് അക്ഷയ് തോമസ് എന്നിവര്‍ക്കെതിരേ വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസനാണ് പരാതി നല്‍കിയത്. മകള്‍ക്കു വിവാഹാവസരത്തില്‍ സമ്മാനിച്ച ആയിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍ തുടങ്ങിയവയും തട്ടിയെടുത്തെന്നാണു കേസ്.
കുന്നംകുളം പന്നിത്തടത്ത് അമ്മയും രണ്ടു പിഞ്ചുമക്കളും വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍. ചിറമനേങ്ങാട് മാത്തൂര്‍ ക്ഷേത്രത്തിനു സമീപം ഹാരിസിന്റെ ഭാര്യ ഷഫീന (28), രണ്ടര വയസുള്ള മകള്‍ അജുവ, ഒരു വയസുള്ള മകന്‍ അമന്‍ എന്നിവരാണു മരിച്ചത്. ഭര്‍ത്തവാ ഹാരിസ് വിദേശത്താണ്.
ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നെടുമങ്ങാട്ടെ നസീര്‍ ഹോട്ടല്‍ ഉടമ നസീറിനെതിരെയാണ് അസഭ്യം പറഞ്ഞ് ഡ്യൂട്ടി തടസപ്പെടുത്തിയതിനാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍ പൊട്ടിവീണ് ഗൃഹനാഥന്‍ മരിച്ചു. കണ്ണൂര്‍ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. പറവൂര്‍ മജ്ലീസ് ഹോട്ടലില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു.
കോവളത്ത് റേസിംഗ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണു മരിച്ചത്.
കൊച്ചിയില്‍ ഇന്നലെ രാത്രി പോലീസ് നടത്തിയ കോമ്പിംഗില്‍ കുടുങ്ങിയത് 370 പേര്‍. മദ്യപിച്ചു വാഹനമോടിച്ചതിന് 242 പേരെ പിടിച്ചു. ലഹരിയുമായി 26 പേരാണു പിടിയിലായത്. പൊതുസ്ഥലത്തു മദ്യപിച്ചതിന് 23 പേരും അറസ്റ്റിലായി.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മൊറേനയില്‍ ഉണ്ടായ വ്യോമസേന വിമാന അപകടത്തിന്റെ കാരണം വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടിയതാണെന്ന് റിപ്പോര്‍ട്ട്. ഒരു വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. വ്യോമ സേനയുടെ പരിശീലന വിമാനങ്ങളാണ് തകര്‍ന്നത്.
തമിഴ്‌നാട്ടിലെ നീലഗിരിയില്‍ മലയാളിയായ എസ്‌റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. നൗഷാദലിയാണു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജമാലിന് പരിക്കേറ്റു. നൗഷാദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു.
ഇറാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ കോയിയില്‍ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തി. ഏഴു പേര്‍ മരിച്ചു. 450 പേര്‍ക്കു പരിക്കേറ്റു.
യുക്രെയ്‌ന് അമേരിക്കയും ജര്‍മനിയും കൂടുതല്‍ യുദ്ധടാങ്കുകള്‍ നല്‍കുന്നതിനെതിരേ റഷ്യയും ഉത്തരകൊറിയയും. സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കാനേ ഇത് ഉപകരിക്കൂവെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. 31 അത്യാധുനിക എം1 അംബ്രാസ് ടാങ്കുകള്‍ നല്‍കാനാണ് അമേരിക്കയുടെ നീക്കം. ലെപ്പാര്‍ഡ് ടാങ്കുകള്‍ നല്‍കുമെന്ന് ജര്‍മനിയും കാനഡയും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം ഒളിമ്പിക്‌സില്‍നിന്ന് റഷ്യയെ പുറത്താക്കണമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു.