ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമ ഭേദഗതി വേണമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. എന്നാല്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പ്രക്ഷോഭം നടത്തുന്ന മലയോര ജനത വസ്തുതകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ധോണിയില്‍ മാസങ്ങളായി വന്‍ നാശമുണ്ടാക്കിയ ഒറ്റയാന്‍ പിടി സെവനെ (ടസ്‌കര്‍ ഏഴാമന്‍) മയക്കുവെടിവച്ചു. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് ആനയെ മയക്കുവെടിവെച്ചത്. കണ്ണുകള്‍ കറുത്ത തുണികൊണ്ടു കെട്ടിയശേഷം ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി ധോണി ഫോറസ്റ്റ് ഓഫീസിലെത്തിച്ചു.
തൊണ്ടയില്‍ മുള്ളു കുടുങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയ നേഴ്‌സിംഗ് വിദ്യാര്‍ഥിനിക്കുമേല്‍ എക്‌സ്‌റേ മെഷീന്‍ വീണ് നടുവൊഒടിഞ്ഞു. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യ ആണ് നടുവൊടിഞ്ഞ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ കിടപ്പിലായത്.
പാറ്റൂര്‍ ഗുണ്ടാ ആക്രണക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച. പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയപ്പോള്‍ പൊലീസ് ഇവര്‍ക്കായി തമിഴ്‌നാട്ടില്‍ തെരിച്ചില്‍ നടത്തുകയായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. പ്രതികള്‍ കീഴടങ്ങിപ്പോഴാണ് കാര്യം പൊലീസ് അറിഞ്ഞത്.
ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ തടയാന്‍ സംസ്ഥാനത്തെ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ പശ്ചിമഘട്ടത്തിലുള്ള ഒന്‍പതു ജില്ലകളിലെ നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തും. സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം എന്ന പേരില്‍ ഹരിത കേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നവകേരളം പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ പറഞ്ഞു.
പ്രളയത്തില്‍ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങള്‍ ആക്രിക്കാര്‍ക്കു വിറ്റ കൂട്ടത്തില്‍ കൈമോശംവന്ന എടിഎം കാര്‍ഡ് ഉപയോഗിച്ച് ആറേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു. ചെങ്ങന്നൂര്‍ പാണ്ടനാട് പ്രയാര്‍ കിഴുവള്ളില്‍ പുത്തന്‍പറമ്പില്‍ ഷാജിയുടെ എസ്ബിഐയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 61 തവണയായി പണം പിന്‍വലിച്ച തെങ്കാശി സ്വദേശി ബാലമുരുകനെ അറസ്റ്റു ചെയ്തു.
വയനാട്ടിലെ കെന്‍സ വെല്‍നസ് സെന്റര്‍ നിക്ഷേപത്തട്ടിപ്പു കേസില്‍ കെന്‍സ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഷിഹാബ് ഷായ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിദേശത്ത് ഒളിവിലുള്ള ഷിഹാബ് ഷായെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് ശ്രമം.
ആലപ്പുഴ ജില്ലയിലെ ചന്തിരൂരില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ അറസ്റ്റു ചെയ്തു. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാണ് (63) പിടിയിലായത്.
ഡല്‍ഹിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ ഇരുപത്തി മൂന്നര ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങിയ യുവാവ് പിടിയില്‍. യുഎഇ രാജകുടുംബാംഗമെന്ന വ്യാജേന മുറിയെടുത്ത മുഹമ്മദ് ഷെരീഫിനെയാണ് ഡല്‍ഹി പൊലീസ് കര്‍ണാടകത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയാണ് ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്.
തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ ജല്ലിക്കെട്ട് കാണാനെത്തിയ പതിനാലുകാരന്‍ കാളയുടെ കുത്തേറ്റു മരിച്ചു. തടങ്കം ഗ്രാമത്തിലാണ് ഗോകുല്‍ എന്ന ബാലന്‍ കൊല്ലപ്പെട്ടത്. ബന്ധുക്കളോടൊപ്പമാണ് ഗോകുല്‍ ജെല്ലിക്കെട്ട് കാണാന്‍ പോയത്. മത്സരത്തിനിടെ കാണികള്‍ക്കിടയിലേക്കു കുതിച്ച കാളയുടെ കൊമ്പ് വയറില്‍ തുളച്ചുകയറുകയായിരുന്നു.
ബ്രസീലിലെ ഭരണ സിരാ കേന്ദ്രങ്ങളിലെ ആക്രമണങ്ങളുടെ പേരില്‍ സൈനിക മേധാവി ജനറല്‍ ജൂലിയോ സീസര്‍ ഡ അറൂഡയെ പ്രസിഡന്റ് ലുല ഡ സില്‍വ പിരിച്ചുവിട്ടു. സുപ്രീം കോടതിയിലേക്കും പാര്‍ലമെന്റിലേക്കും അടക്കം മുന്‍ പ്രസിഡന്റ് ബൊല്‍സനാരോയുടെ അനുയായികളുടെ നേതൃത്വത്തില്‍ നടന്ന കലാപത്തിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന് സില്‍വ ആരോപിച്ചിരുന്നു.
ഹാരി രാജകുമാരന്റെ ആത്മകഥയായ സ്‌പെയറിലെ ചാവേര്‍ പരിശീലനം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ യാഥാര്‍ത്ഥ്യമല്ല, ഭാവനമാത്രമാണെന്ന് ഹാരി രാജകുമാരനൊപ്പം സേനാ പരിശീലനത്തിനു ചേര്‍ന്ന് പിന്നീടു സേനാ പരിശീലകനായ സെര്‍ജന്റ് മേജര്‍ മൈക്കല്‍ ബൂലി. മുന്നറിയിപ്പില്ലാതെ ടി 67 വിമാനത്തിന്റെ പ്രൊപ്പല്ലര്‍ നിര്‍ത്തിയെന്ന ഹാരി രാജകുമാരന്റെ വാദം വെറും കഥ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ മത്സരങ്ങളും റദ്ദാക്കി. അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ പരാതികള്‍ അന്വേഷിക്കുന്ന സമിതി നിലവില്‍ വരുന്നത് വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. അതേസമയം, ആരോപണ വിധേയനായ ബ്രിജ് ഭൂഷണിനു ബിജെപി സംരക്ഷണം തുടരുകയാണ്.