പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ തുടരുന്നു. ഇന്നലെ 14 ജില്ലകളിലായി അറുപതോളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹര്‍ത്താല്‍ അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയ സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനില്‍ പ്രധാനപ്പെട്ട കേസുകളുടെ ഫയലുകള്‍ റൂറല്‍ എസ്.പി ഡി. ശില്‍പ വിളിച്ചുവരുത്തി പരിശോധിക്കുന്നു. ഹൈവേയിലെ പിടിച്ചുപറി കേസുകളും സാന്പത്തിക, തൊഴില്‍ തട്ടിപ്പു തര്‍ക്ക കേസുകളുമാണ് പരിശോധിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു തടവുകാരെ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് പരാതി. കൊലക്കേസിലെ വിചാരണ തടവുകാരായ സിനീഷ് കണ്ണന്‍, പ്രതീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജയിലിലെ മറ്റു തടവുകാരുമായി അടിപിടിയുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇവരെ മര്‍ദിച്ചത്.
കള്ളക്കേസില്‍ കുടുക്കിയെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണില്‍ വിളിച്ചു പറഞ്ഞശേഷം യുവാവ് ജീവനൊടുക്കി. തന്റെ ജീവിതം പൊലീസ് നശിപ്പിച്ചതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചുപറഞ്ഞത്. വെങ്ങാനൂര്‍ പ്രസ് റോഡില്‍ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമല്‍ജിത്ത് (28) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
‘സേഫ് ആന്റ് സ്‌ട്രോംഗ്’ നിക്ഷേ തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ 33 അക്കൗണ്ടുകളിലായി 138 കോടി രൂപ സമാഹരിച്ചിരുന്നെന്ന് പോലീസ്. നിലവില്‍ 2.25 ലക്ഷമാണ് സേഫ് ആന്‍ഡ് സ്‌ട്രോംഗ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്. വന്‍ തുകകള്‍ ആറ് മാസത്തിനുള്ളില്‍ റാണ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി. ആദം ബസാറിലെ ഓഫീസ്, പുഴക്കലിലെ കോര്‍പ്പറേറ്റ് ഓഫീസ്, ഇടപാട് രേഖകള്‍ ഒളിച്ചു കടത്തി സൂക്ഷിച്ചിരുന്ന പുതുക്കാട് പാലാഴിയിലെ വാടകവീട് എന്നിവിടങ്ങളില്‍ ഇന്നു തെളിവെടുപ്പു നടത്തും.
നിക്ഷേപ തട്ടിപ്പ് നടത്തിയ കോഴിക്കോട്ടെ ‘എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡി’നെതിരായ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജീവനക്കാരില്‍നിന്ന് മാത്രം 15 കോടിയോളം രൂപ കമ്പനി തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ കണ്ണൂര്‍ അര്‍ബന്‍ നിധി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണ് കോഴിക്കോട് പാലാഴി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡ്.
ഹജ്ജ് യാത്രക്കു സൗകര്യം ഒരുക്കാമെന്നു വാഗ്ദാനം ചെയ്ത് അനേരില്‍നിന്നായി കോടികള്‍ വാങ്ങി മുങ്ങിയ പ്രതി ഒരു വര്‍ഷത്തിനുശേഷം പിടിയില്‍. പോരൂര്‍ പാലക്കോട് ചാത്തങ്ങോട്ട് പുറം ചേന്നന്‍ കുളത്തിങ്ങല്‍ അനീസ് (35) ആണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഇന്നു വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും. ഉദ്ഘാടന പരിപാടിയിലേക്ക് കെ.സി വേണുഗോപാലിനെയും ജി സുധാകരനെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുക.
ആര്യങ്കാവില്‍ പിടികൂടിയ പാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും ചീത്തയായില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദം തെറ്റാണെന്ന് പാല്‍ വിതരണ കമ്പനി. പാല്‍ ചീത്തയായെന്ന് കമ്പനിയുടെ അനലിസ്റ്റ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് കമ്പനി അവകാശപ്പട്ടു. 15,300 ലിറ്റര്‍ പാല്‍ കോടതി നിര്‍ദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് മുട്ടത്തറ സീവേജ് പ്ലാന്റിലാണ് നശിപ്പിച്ചത്.
എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയ പ്രതിയുടെ അമ്മ തൂങ്ങി മരിച്ചു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്. മകന്‍ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്‌സൈസ് ദശാംശം നാലു ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
ഉത്തര്‍പ്രദേശ് ജയില്‍ ഡിജിപിക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. 48 തടവുകാരുടെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നടപടി. ജയില്‍ മോചനത്തിന് അര്‍ഹരായവരുടെ അപേക്ഷയില്‍ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ്. കോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ സ്വീകരിച്ച നടപടികളേക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും ജയില്‍ ഡിജിപി മറുപടി നല്‍കിയിരുന്നില്ല.
മംഗലാപുരം സുള്ള്യയിലെ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുപതു പേരാണ് പ്രതികള്‍. ആറു പേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബോംബ് ഭീഷണിയെത്തുടര്‍ന്ന് റഷ്യയില്‍നിന്ന് ഗോവയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. ഉസ്ബകിസ്ഥാനിലേക്കാണ് വിമാനമിറക്കിയത്. 238 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഗോവ വിമാനത്താവള ഡയറക്ടര്‍ക്ക് ഭീഷണി സന്ദേശം കിട്ടിയത് അര്‍ദ്ധരാത്രിയോടെയാണ്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ നവംബര്‍ മാസത്തോടെ 16.26 ലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ താല്‍ക്കാലിക പേറോള്‍ കണക്കുകള്‍ പ്രകാരം പതിനാറര ശതമാനം കൂടുതലാണ്.
അമേഠി മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയെ താന്‍ തോല്‍പിച്ചത് കോണ്‍ഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തികഫോറം സമ്മേളനത്തിന് എത്തിയ സ്മൃതി ഇറാനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍ താന്‍ മോദി ഭക്തനാണെന്നു തന്നോടു പറഞ്ഞതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ദാവോസില്‍ ഡബ്ല്യുഇഎഫ് ചടങ്ങിലാണ് ലക്‌സംബര്‍ഗ് പ്രധാനമന്ത്രി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഏകനാഥ് ഷിന്‍ഡെ വെളിപ്പെടുത്തി.
ന്യൂസിലാന്‍ഡില്‍ ക്രിസ് ഹിപ്കിന്‍സ് പ്രധാനമന്ത്രിയാകും. നാല്‍പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആര്‍ഡണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിന്‍സിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ സഹായിച്ചത് ക്രിസ് ഹിപ്കിന്‍സ് ആയിരുന്നു.
ദേശീയ ഗുസ്തി താരങ്ങളുടെ സമരം അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് മാറിനില്‍ക്കും. ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താനാണു തീരുമാനം.