കേരളത്തിലെ വനങ്ങളില്‍ വന്യജീവികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതു തടയാന്‍ നടപടി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. വന്യമൃഗ ശല്യത്തെക്കുറിച്ചു പഠിക്കാന്‍ കേരള വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നാളെ വയനാട്ടില്‍ സര്‍വകക്ഷി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ സീരീസ് നല്‍കും. സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുന്നതു തടയാനും ആലോചിക്കുന്നു. മൂന്നു തരത്തിലാണ് പുതിയ നമ്പര്‍ സീരിയസ് ക്രമീകരിക്കുക. കെ.എല്‍-15 കെഎസ്ആര്‍ടിസിക്കുള്ളതാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എല്‍-15 എഎ രജിസ്‌ട്രേഷന് നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍-15 എബി, അര്‍ദ്ധ സര്‍ക്കാര്‍- സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍ 15-എസി എന്നു തുടങ്ങുന്ന വിധത്തിലും ക്രമീകരിക്കും. ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ നമ്പര്‍ ക്രമം നടപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിയമത്തില്‍ ഭേദഗതി വേണ്ടിവരും.
നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണു. വിമാനം പൂര്‍ണമായി കത്തിനശിച്ചു. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണു തകര്‍ന്നുവീണ് കത്തി നശിച്ചത്.
ഹൈക്കോടതി ജഡ്ജിക്കു നല്‍കാനെന്ന പേരില്‍ ബലാത്സംഗ കേസിലെ പ്രതിയായ സിനിമാ നിര്‍മ്മാതാവില്‍നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയ സംഭവത്തില്‍ അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിക്കെതിരെ പൊലീസിന്റെ പ്രാഥമിക അന്വേഷണം. ഹൈക്കോടതി ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച സിപിഎം ഏരിയ കമ്മറ്റിയംഗം എ.പി സോണയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിറകേ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പി.ഡി ജയനോട് സിപിഎം വിശദീകരണം തേടും. ഇന്നലെ ചേര്‍ന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
ഡോ. അച്ചു ചന്ദ്രന്‍, ഡോ. കെ. എം. അമ്പിളി, ഡോ. ആന്‍ജിനേയലു കൊത്തകോട്ട, ഡോ. അരവിന്ദ് മാധവന്‍, ഡോ. ആര്‍. ധന്യ, ഡോ. നോയല്‍ ജേക്കബ് കളീക്കല്‍ എന്നിവര്‍ക്കു കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2022-ലെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരം. 50,000 രൂപ ക്യാഷ് അവാര്‍ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡലും തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്ടുകള്‍ക്ക് 50 ലക്ഷം രൂപ വരെയുള്ള ധനസഹായവും ലഭിക്കും. ഒരു അന്തര്‍ദേശീയ ശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും നല്‍കും.
സര്‍ക്കാര്‍ വകുപ്പുകള്‍ വാട്ടര്‍ അതോറിറ്റിക്കു നല്‍കാനുള്ളത് 228 കോടി രൂപ. കുടിശിക നിവാരണത്തിനുള്ള ആംനസ്റ്റി പദ്ധതി വഴി നാല്‍പ്പത് കോടി രൂപ പിരിച്ചെടുത്തപ്പോള്‍ 311 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളി. കുടിശിക പൂര്‍ണമായി പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ വെള്ളക്കരം വര്‍ധിപ്പിക്കന്നത്.
ശ്രീകാര്യം കട്ടേലയില്‍ മദ്യപാനത്തിനിടെ ഉണ്ടായ വഴക്കിനെത്തുടര്‍ന്നു കൊലപാതകം. ശ്രീകാര്യം കട്ടേലയില്‍ അമ്പാടി നഗര്‍ സ്വദേശി സാജുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്‌കൂളിനു സമീപം സാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. സാജുവിന്റെ സുഹൃത്ത് അനീഷിനെ പോലീസ് തെരയുന്നു.
തിരുവനന്തപുരം മംഗലപുരത്ത് പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ഷെഫീക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ആര്യനാട് നിര്‍മാണത്തിലുള്ള ഒരു വീട്ടില്‍ കൂട്ടാളിക്കൊപ്പം ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ ചോദ്യം ചെയ്ത വീട്ടുടമയെ മര്‍ദ്ദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്. ഷെഫീക്കിന്റെ കൂട്ടാളി അബിന്‍ ഓടി രക്ഷപ്പെട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാം പ്രതി അന്ത്രോത്ത് എംജിഎസ്എസ്എസ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന നൂറുള്‍ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിട്ടത്. ഒന്നാം പ്രതിയായ നൂറുള്‍ അമീനും രണ്ടാം പ്രതിയായ മുന്‍ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷം സമരത്തിന്. നാളെ നഗരസഭാ കവാടത്തിന് മുന്നില്‍ പ്രതിപക്ഷത്തെ എല്‍ഡിഎഫിന്റെ 18 കൗണ്‍സിലര്‍മാര്‍ കിടപ്പു സമരം നടത്തും. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ പോലീസില്‍ പരാതി നല്‍കിയ സെക്രട്ടറിയെ യുഡിഎഫ് പീഡിപ്പിക്കുന്നുണ്ടെന്നാണ് ആരോപിച്ചാണു സമരം.
ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിക്കുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 2,273 കോടി രൂപ പിഴ ചുമത്തിയതുമൂലം വില കൂട്ടുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പ്ലേ സ്റ്റോര്‍ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍നിന്ന് പിഴയായി ഈടാക്കിയത്.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കു വധഭീഷണി ഫോണ്‍ സന്ദേശം കര്‍ണാടകയിലെ ജയിലില്‍നിന്ന്. 100 കോടി രൂപ തന്നില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കു രണ്ടു തവണം ഭീഷണി ഫോണ്‍ സന്ദേശമെത്തിയത്. ബെലഗാവി ജയിലിലുള്ള ജയേഷ് കാന്ത എന്ന ഗുണ്ടാ നേതാവാണ് അനധികൃത ഫോണ്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്തത്.
ജോഷിമഠില്‍ വിള്ളലുണ്ടായി തകര്‍ന്നു വീഴാറായ കെട്ടിടങ്ങളുടെ എണ്ണം 780 കടന്നു. 148 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം അപകട മേഖലയായി രേഖപ്പെടുത്തിയത്. 754 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ജോഷിമഠ് ഇടിഞ്ഞു താണുകൊണ്ടിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
തമിഴ്‌നാട് കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് മലയാളി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രദേശവാസികളായ ആറു പേരെ അറസ്റ്റു ചെയ്തു. വിപ്പേട് സ്വദേശികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്‌നേഷ്, തമിഴരശന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച പ്രയാഗ്രാജില്‍നിന്ന് പിലിഭിത്തിലേക്ക് മടങ്ങുകയായിരുന്ന അലഹബാദ് യൂണിവേഴ്സിറ്റിയിലെ ബിഎസ്എഫ് ജവാന്റെ മകളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ മലയാളികള്‍ നടത്തിപ്പുകാരായ ജ്വല്ലറിയുടെ പേരില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്. മലയാളികളും ഉത്തരേന്ത്യക്കാരും അടക്കമുള്ളവരുടെ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഉടമകളായ കോട്ടയം സ്വദേശി നടേശന്‍, തൃശ്യൂര്‍ സ്വദേശി ജോമോന്‍ എന്നിവര്‍ക്കെതിരായ പരാതികള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയെന്ന് ഡല്‍ഹി പൊലീസ്.
കിടപ്പുമുറിയില്‍ ഭാര്യയുമൊന്നിച്ചു കണ്ട കാമുകന്റെ തലവെട്ടിയെടുത്ത് യുവാവ്. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മരത്തില്‍ കെട്ടിയിട്ട് തല വെട്ടിയെടുത്ത വിശ്വനാഥ് സുന്ദി എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.
വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദിച്ച് അറുപതുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അതുല്‍ ഗുപ്ത മരിച്ചത്. വിമാനത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഇരട്ട പൗരത്വത്തിന്റെ പേരില്‍ അറസ്റ്റുചെയ്ത മുന്‍ പ്രതിരോധ മന്ത്രിയെ ചാരക്കുറ്റം ചുമത്തി ഇറാന്‍ തൂക്കിലേറ്റി. ബ്രിട്ടന്റെയും ഇറാന്റെയും പൗരത്വമുണ്ടായിരുന്ന അലി റേസ അക്ബറിയെയാണ് ഇറാന്‍ ഭരണകൂടം തൂക്കിലേറ്റിയത്.
ചാരക്കുറ്റം ആരോപിച്ച് 2019 ലാണ് ഇറാന്‍ അറസ്റ്റു ചെയ്തത്.