mid day hd 3

 

മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. 40 മിനിറ്റോളം ഇരുവരും സംസാരിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ സീനിയര്‍ അഭിഭാഷകന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കേയാണ് കൂടിക്കാഴ്ച.

ഇന്ധന വിലവര്‍ധയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില്‍ കരിങ്കൊടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മിന്നല്‍ പ്രതിഷേധം നടത്തിയത്.

നികുതിക്കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ റാലികളും ധര്‍ണയും നടന്നു. ചിലയിടങ്ങളില്‍ ബജറ്റ് കത്തിച്ചായിരുന്നു സമരം. വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തും.

ഇന്ധന വില ഇത്രയേറെ വര്‍ധിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിനുള്ള കേന്ദ്ര വിഹിതം നാല്‍പതിനായിരം കോടി രൂപ വെട്ടിക്കുറച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് വരുമാന വര്‍ദ്ധന ആവശ്യമാണ്. അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

പെട്രോള്‍, ഡീസല്‍ സെസ് അടക്കമുള്ള നികുതി വര്‍ധന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രം പണം തന്നില്ലെങ്കില്‍ ശമ്പളം കൊടുക്കേണ്ടേ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

ഇന്ധനവിലവര്‍ദ്ധനക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. നികുതിക്കൊള്ളയാണത്. യു.ഡി.എഫ് സമര പരിപാടികള്‍ ആറാം തീയതി തീരുമാനിക്കും. ജനരോഷത്തില്‍ എല്‍ഡിഎഫ് മണ്ണാങ്കട്ടപോലെ അലിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അഞ്ചു സീറ്റു നേടുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍. കേരളത്തിലെ ഇടത് സര്‍ക്കാര്‍ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ജാവദേക്കര്‍ കുറ്റപ്പെടുത്തി.

നികുതി വര്‍ധിപ്പിച്ച കേരള ബജറ്റ് വിശേഷങ്ങള്‍ക്ക് ഇന്നു വിവിധ മലയാളം പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ കൗതുകമുള്ളവയായി. മലയാള മനോരമ ‘അടിയോടടി അയ്യോ’ എന്നും മാതൃഭൂമി ‘വഴിയാധാരം’ എന്നും തലക്കെട്ടു നല്‍കി. സിപിഎം മുഖപത്രമായ ദേശാഭിമാനി ‘കെ സ്റ്റാര്‍’ എന്നാണു വിശേഷിപ്പിച്ചത്. തീവെട്ടിക്കൊള്ള എന്ന തലക്കെട്ടുമായി പുറത്തിറങ്ങിയത് കേരള കൗമുദിയും കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണവും. മറ്റു പത്രങ്ങളുടെ തലക്കെട്ടുകള്‍ ഇങ്ങനെ: പിടിച്ചുപറി- മാധ്യമം, ഇന്ധനക്കൊള്ള- ദീപിക, പകല്‍ക്കൊള്ള- ചന്ദ്രിക, ഷോക്ക് ഇന്‍ കേരള- മംഗളം, വികസന ഭാരം- മെട്രോ വാര്‍ത്ത, നികുതിക്കിറ്റ് – സുപ്രഭാതം, ടാക്‌സ് ഷോക്ക്- ന്യൂ ഏജ്, വികസനക്കുതിപ്പ്, സാമൂഹ്യ സുരക്ഷ- ജനയുഗം, തലയ്ക്കടിച്ച് -ജന്മഭൂമി.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ആനാവൂര്‍ പക്ഷത്തിനെതിരെ വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കം അഞ്ചു സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ സംഘടനാ സംവിധാനത്തിലെ പിഴവുകളും നേതാക്കളുടെ സ്വഭാവദൂഷ്യവും ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്നു. തിരുത്തല്‍ വേണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. ലഹരി, പീഡന കേസുകള്‍, നിയമനത്തട്ടിപ്പ്, സാമ്പത്തിക തിരിമറി തുടങ്ങിയ ആരോപണങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍പോലും കുടുങ്ങിയ സാഹചര്യത്തിലാണ് വിമര്‍ശനം.

ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന് കളമശേരി മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതിയിലാണ് നടപടി.

പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാര്‍ കത്തി ഗര്‍ഭിണിയും ഭര്‍ത്താവും വെന്തു മരിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്ന കുപ്പിയില്‍ പെട്രോളല്ല, വെള്ളമായിരുന്നെന്ന് മരിച്ച ഗര്‍ഭിണി റീഷയുടെ അച്ഛന്‍ കെ.കെ. വിശ്വനാഥന്‍. പെട്രോള്‍ കുപ്പിയിലാക്കി സൂക്ഷിച്ചതിനാലാണ് തീ ആളിക്കത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍ ശരിയല്ല. കാറില്‍ ആവശ്യത്തിന് ഇന്ധനം നിറച്ചിരുന്നെന്നും വിശ്വനാഥന്‍ പറഞ്ഞു. കാറിനു പിറകില്‍ കാമറ പുതുതായി ഘടിപ്പിച്ചിരുന്നു. സ്റ്റിയറിംഗിലുണ്ടായ തീ അതിവേഗം കത്തിപ്പടരുകയായിരുന്നെന്നും വിശ്വനാഥന്‍.

തലയെടുപ്പുള്ള കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു റിക്കാര്‍ഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളിക്കാന്‍ ആറേമുക്കാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കിയത്. സാധാരണ ആനകള്‍ക്കു രണ്ടര ലക്ഷം രൂപ വരെയാണ് ഏക്കതുക. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഇത്രയും വലിയ തുകക്ക് ഏക്കത്തിനെടുത്തത്.

മലപ്പുറം വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയതിനു അവിഹിത ബന്ധമുള്ള ഭാര്യ അറസ്റ്റിലായി. ബീഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ പുനം ദേവി (30)യെയാണ് അറസ്റ്റിലാത്. ഭാര്യയും കുട്ടികളുമുള്ള ഒരു യുവാവുമായുള്ള പ്രണയം ഭര്‍ത്താവ് ചോദ്യം ചെയ്തതോടെയാണ് വകവരുത്താന്‍ തീരുമാനിച്ചത്.

ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് വടകര മുക്കാളിയില്‍ എത്തിയപ്പോഴാണ് ആസാം സ്വദേശിയായ മുഫാദൂര്‍ ഇസ്ലാം എന്നയാള്‍ വിവേകിനെ പുറത്തേക്കു തള്ളിയിട്ടത്.

തിരുവനന്തപുരം മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്കു നേരെ അതിക്രമം. രാത്രി പതിനൊന്നരയോടെ കനക നഗര്‍ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിനുശേഷം താമസ സ്ഥലത്തേക്കു മടങ്ങവേയാണ് ആക്രമണം. മാല പൊട്ടിക്കാനാണു ശ്രമിച്ചതെന്നാണു പോലീസ് കരുതുന്നത്.

കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയില്‍ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞ് പാപ്പാന്‍മാരെ ആക്രമിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ഇടഞ്ഞ ആനയെ വെളുപ്പിനു നാലോടെയാണ് തളച്ചത്.

കേസ് കഴിഞ്ഞ് കുടുംബ കോടതിയില്‍നിന്ന് ഇറങ്ങിയ യുവതിയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കല്ലറ കുറുമ്പയം കഴുകന്‍ പച്ച വി.സി.ഭവനില്‍ രഞ്ജിത്തിനെ(35)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്.

അദാനിക്കെതിരെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. സമീപകാലത്ത് നടത്തിയ ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം. സെബിയും അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങി.

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക്. ഇന്നും നാളെയുമായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ മന്ത്രിമാരും ബിജെപി നേതാക്കളും ബജറ്റിലെ വാഗ്ദാനങ്ങള്‍ വിശദീകരിക്കും. ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡി കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രസംഗിക്കും. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍ കര്‍ണാടകയിലും, രാജീവ് ചന്ദ്രശേഖര്‍ തമിഴ്‌നാട്ടിലും പ്രചാരണം നടത്തും. പന്ത്രണ്ട് വരെയാണ് ബിജെപിയുടെ രാജ്യവ്യാപക ബജറ്റ് പ്രചാരണം.

അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന് ഇനി ഓണ്‍ലൈന്‍ പരീക്ഷയുമായി കരസേന. അപേക്ഷകരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാനാണ് ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തുന്നത്. പരീക്ഷ പാസായവര്‍ക്കു മാത്രമേ കായിക ക്ഷമത പരിശോധനയും മെഡിക്കല്‍ പരിശോധനയും നടത്തൂ. നേരത്തെ കായികക്ഷമത, മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു പ്രവേശന പരീക്ഷ.

2019 ലെ ജാമിയ മിലിയ സംഘര്‍ഷ കേസില്‍ ഷര്‍ജീല്‍ ഇമാമിനെയും ആസിഫ് തന്‍ഹയേയും ഡല്‍ഹി കോടതി വെറുതെ വിട്ടു.

ബംഗളൂരുവില്‍ ദമ്പതികള്‍ക്കെതിരേ സദാചാരഗുണ്ടായിസം കാണിച്ച് കൈക്കൂലി വാങ്ങിയ രണ്ടു പൊലീസുകാരെ പിരിച്ചുവിട്ടു. ഇവര്‍ക്കെതേരി കേസെടുത്തിട്ടുമുണ്ട്. സംപിഗെഹള്ളിയില്‍ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രാജേഷ്, നാഗേഷ് എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് പിരിച്ചുവിട്ടത്.

കര്‍ണാടകയിലെ രാമനഗരയില്‍ ഏഴംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഒരാള്‍ മരിച്ചു. കുട്ടികളടക്കം ആറു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടബാധ്യതയെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു.

ഇറ്റാലിയന്‍ അധോലോക സംഘത്തലവനെ ഫ്രാന്‍സിലെ റസ്റ്റോറന്റില്‍നിന്ന് പിടികൂടി. 17 വര്‍ഷമായി ഒളിജീവിതം നയിച്ച ‘അപകടകാരിയായ ഒളിച്ചോട്ടക്കാരന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഡ്ഗാര്‍ഡോ ഗ്രെക്കോ എന്ന 63 വയസുകാരനാണ് പിടിയിലായത്. ഫ്രാന്‍സിലെ സെന്റ് എറ്റിയെനിലെ റസ്റ്റോറന്റില്‍ പിസാ ഷെഫായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. കൊലപാതകങ്ങള്‍, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ അനേകം കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *