മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ നേരിടുന്ന പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തളളിയത്.
സ്‌കൂളുകളുടെ അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിംഗ് സംവിധാനം നടപ്പാക്കാന്‍ അധ്യാപക സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ സ്‌കൂളിനെയും വിലയിരുത്തി ഗ്രേഡിംഗ് രേഖപ്പെടുത്താനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയണം. കാഞ്ഞങ്ങാട് കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.
ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും സ്മാര്‍ട്ടാകും. പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള മുന്‍ തീരുമാനം മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാര്‍ഡ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്‌ളൂരുമായി സര്‍ക്കാരിന് ചര്‍ച്ച തുടരാനും കോടതി അനുമതി നല്‍കി.
തൊഴിലാളി യൂണിയന്‍ നേതാക്കള്‍ കൂലി തട്ടിയെടുത്തെന്നു പരാതി. ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിലെ കരാര്‍ തൊഴിലാളികളാണു പരാതിക്കാര്‍. 17 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. 36 കരാര്‍ തൊഴിലാളികള്‍ക്ക് 750 രൂപയാണു പ്രതിദിന വേതനം. പക്ഷെ കിട്ടിയത് 700 രൂപ മാത്രം. അമ്പതു രൂപ വീതം കുറച്ചു. 2019 മുതല്‍ 2022 വരെ മൂന്ന് വര്‍ഷം 50 രൂപ നിരക്കില്‍ ഒരു തൊഴിലാളിക്ക് നഷ്ടമായത് 46,800 രൂപ. കൂലി തിരിച്ചു പിടിച്ചു തരണമെന്ന് തൊഴിലാളികള്‍ പ്ലാന്റ് മാനേജരോട് ആവശ്യപ്പെട്ടു.
കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ മദ്യപിപ്പിച്ചു കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ അമല്‍ (21), അമ്പാടി (19) എന്നിവരാണു പിടിയിലായത്.
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ രണ്ടാം വട്ടവും വിസ്തരിക്കുന്നു. കൊച്ചിയിലെ കോടതിയില്‍ മഞ്ജു ഹാജരായി. പ്രോസിക്യൂഷന്‍ സാക്ഷിയായിട്ടാണ് നടി എത്തിയിരിക്കുന്നത്. സേംവിധായകന്‍ ബാലചന്ദ്രകുമാറിന്റൈ വെളിപ്പെടുത്തലുകളില്‍ ലഭിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്.
കോടതിയലക്ഷ്യക്കേസില്‍ വിഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുണ്‍ ചെറിയാന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
തിരുവനന്തപുരം പാറശാലയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ കോഴികളേയും പണവും കണ്ടെടുത്തു.
കൊച്ചി എംജി റോഡില്‍ ബൈക്ക് യാത്രക്കാരനായ അഭിഭാഷകന്റെ കഴുത്തില്‍ കേബിള്‍ കുരുങ്ങി അപകടം. പരിക്കേറ്റ കുര്യനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
പത്തനംതിട്ട എനാദിമംഗലത്ത് വീട്ടില്‍ കയറി വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസിലെ മുഖ്യപ്രതിയെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ പതിനഞ്ചോളം പ്രതികളാണുള്ളത്. ഇവരില്‍ 12 പ്രതികളെ തിരിച്ചറിഞ്ഞെന്നു പോലീസ് പറയുന്നു.
വണ്ടിയിടിച്ചു വീഴ്ത്തി പഞ്ഞിക്കിട്ടിട്ടും പരാതിയില്ലെന്ന് എസ്എഫ്‌ഐ വനിതാ നേതാവ്. ഹരിപ്പാട് എസ്എഫ്‌ഐ വനിതാ നേതാവ് ചിന്നു പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും പറഞ്ഞതിനാലാണു കേസെടുക്കാത്തതെന്ന് പോലീസ്. അമ്പാടി ഉണ്ണിക്കെതിരേ ഡിവൈഎഫ്‌ഐ നടപടിയെടുത്തെങ്കിലും സിപിഎം ഇടപെട്ട് ആക്രമണകേസ് ഒത്തുതീര്‍പ്പാക്കി.
കോഴിക്കോട് പോക്‌സോ കേസിലെ പ്രതിയായ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ രാത്രി ഇരയുടെ വീടിന്റെ കാര്‍പോര്‍ച്ചില്‍ തൂങ്ങി മരിച്ചു. 2021 ലാണ് പോക്‌സോ കേസിനാസ്പദമായ സംഭവമുണ്ടായത്. എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെവന്നായിരുന്നു കേസ്.
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് മനുഷ്യാവകാശ കമ്മീഷനു റിപ്പോര്‍ട്ട് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദര്‍ശനാണു റിപ്പോര്‍ട്ട് നല്‍കിയത്. കുടുംബം ഉന്നയിച്ച പരാതികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പു വേണമെന്ന് പി. ചിദംബരം. യുവാക്കളെയും പരിഗണിക്കണം. വ്യക്തിപരമായ താല്‍പര്യങ്ങളില്ലെന്നും ചിദംബരം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു ഗൗതം അദാനിയുടെ പേരുമായി ചേര്‍ത്തു പരിഹസിച്ചതിന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരക്കെതിരെ പൊലീസ് കേസെടുത്തു. ബി ജെ പി പ്രവര്‍ത്തകന്റെ പരാതിയില്‍ ഹസ്രത് ഗഞ്ച് പൊലീസാണ് കേസെടുത്തത്.
ഗായകന്‍ സോനു നിഗമിനും സംഘത്തിനുമെതിരെ മുംബൈയിലെ ചെമ്പൂരില്‍ ആക്രമണം. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ മകനാണ് അക്രമത്തിനു പിന്നിലെന്നു സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ചെമ്പൂര്‍ പൊലീസ് കേസെടുത്തു.
ഡിഎംകെ മുന്‍ എംപി ഡി. മസ്താന്റെ (66) കൊലപ്പെടുത്തിയതിനു സഹോദര പുത്രിയും അറസ്റ്റിലായി. മുഖ്യപ്രതിയായ ഇളയ സഹോദരന്‍ ഗൗസ് പാഷയുടെ മകള്‍ ഹരീദ ഷഹീനയെ (26) ആണ് അറസ്റ്റു ചെയ്തത്. ഹരീദയുടെ പിതാവും മസ്താന്റെ സഹോദരനുമായ ഗൗസ് പാഷയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. ഇയാളുടെ മരുമകനും മസ്താന്റെ കാര്‍ ഡ്രൈവറുമായിരുന്ന ഇമ്രാന്‍ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഭോജ്പൂരി നടി സപ്‌ന ഗില്ലിന്റെ പരാതിയില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്‌ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിനു കേസ്. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് പൃഥ്വി ഷായെ ആക്രമിക്കുകയും സുഹൃത്തിന്റെ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതിന് അറസ്റ്റിലായി രണ്ടു ദിവസം റമാന്‍ഡിലായിരുന്ന സപ്‌ന പുറത്തിറങ്ങിയ ഉടനേ നല്‍കിയ പരാതിയിലാണു കേസ്.
സര്‍വകലാശാലയില്‍ ‘മഹാമൃത്യുഞ്ജയ ശാന്തി ഹോമം’ നടത്താന്‍ ജീവനക്കാരില്‍നിന്നു പണപ്പിരിവ്. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സര്‍വകലാശാലയിലാണ് ഹോമപ്പിരിവ്. ഏതാനും ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചതിനാലാണ് ഹോമം നടത്തുന്നത്. അധ്യാപകര്‍ 500 രൂപയും അനധ്യാപകര്‍ നൂറു രൂപയും വീതം സംഭാവന നല്‍കണമെന്നാണ് സര്‍വകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്.