വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കു തടയാന്‍ മികച്ച പഠന, നൈപുണ്യ സൗകര്യവും ശമ്പളമുള്ള തൊഴിലവസരങ്ങളും കേരളത്തില്‍ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്കു പോകുകയാണ്. അവിടങ്ങളിലുള്ള മികച്ച സാഹചര്യം ഇവിടേയും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകാര്‍ക്കും ഒരുക്കും. കേരളം യുവാക്കള്‍ക്കു യോജ്യമായ സ്ഥലമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ കുടുംബം ആയുര്‍വേദ റിസോര്‍ട്ടില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം അന്വേഷണമെന്ന മാധ്യമങ്ങളുടെ പ്രചാരണം കള്ളമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ഗവര്‍ണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്. ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ലാത്ത നിയമ പ്രകാരം അഞ്ചംഗ കമ്മിറ്റി ഉണ്ടാക്കാന്‍ മന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടതിന്റെ ഫയല്‍ വിവരമണു ചോര്‍ന്നത്. കമ്മിറ്റിയിലേക്കുള്ള സര്‍ക്കാര്‍ നോമിനിയെ നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം മറികടന്നാണ് മന്ത്രിയുടെ നിര്‍ദേശം നല്‍കിയത്.
അധികയാത്രാ ബത്തയായി കേരള സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യക്തിപരമായി താന്‍ പണം ആവശ്യപ്പെട്ടിട്ടല്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
അങ്കമാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെയാണ് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ന്യൂമോണിയ ഭേദമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശാനുസരണം കെ.സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു.
കോന്നി താലൂക്ക് ഓഫീസില്‍നിന്ന് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയത് ക്വാറി ഉടമയുടെ ബസില്‍. യാത്രാ സംഘത്തില്‍ തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. അവധി അപേക്ഷ നല്‍കാത്തവരും ഉല്ലാസയാത്രയിലുണ്ട്. ദേവികുളം, മൂന്നാര്‍ യാത്ര ഓഫീസ് സ്റ്റാഫ് കൗണ്‍സിലാണ് സംഘടിപ്പിച്ചത്. 3000 രൂപ വീതം പിരിവിട്ടാണ് യാത്ര.
കഴിഞ്ഞ ദിവസം പിറന്ന കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് രേഖയില്‍ പ്രസവിച്ച അമ്മ സഹദിന്റെ പേര് അച്ഛന്റെ സ്ഥാനത്തും പങ്കാളി സിയയുടെ പേരു അമ്മയുടെ സ്ഥാനത്തും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ആരോഗ്യ മന്ത്രിക്കു കത്തയച്ചു. ആരോഗ്യ വകുപ്പ് പ്രത്യേക ഉത്തരവിറക്കാതെ അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് തരാനാവില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ നിലപാടെടുത്തതോടെയാണ് കത്തയച്ചത്.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ ഓട്ടത്തിനെതിരേ നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി ഉദ്യോഗസ്ഥരുടേയും ബസുടമകളുടേയും യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കു കൊച്ചിയിലാണു യോഗം.
ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. യുക്തിവാദ സംഘടനയായ നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് ആണ് കോടതിയെ സമീപിച്ചത്.
മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കലാണിതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ തുടര്‍ന്ന് എ ആര്‍ നഗര്‍ ബാങ്ക് 18 കോടിയിലേറെ രൂപ പിഴയൊടുക്കി. ബാങ്കിലെ നിക്ഷേപങ്ങളില്‍ ക്രമക്കേടില്ലെന്ന് സര്‍ക്കാരും ബാങ്ക് അധികൃതരും അവകാശപ്പെട്ടിരുന്നു. എങ്കിലും വന്‍തുകയാണ് പിഴയൊടുക്കേണ്ടി വന്നത്.
വിറ്റ വാഹനത്തിന്റെ രേഖകള്‍ ശരിയാക്കി കൊടുക്കാത്തതിന് എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കൊലപെടുത്തി. നായരമ്പലം സ്വദേശി സനോജ് (44 ) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അനില്‍കുമാര്‍ പിടിയിലായി.
ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. രണ്ടത്താണി സ്വദേശി സഫ്വാന (23) യാണ് മരിച്ചത്. ഭര്‍ത്താവ് അര്‍ഷാദ് അലിയെ അറസ്റ്റ് ചെയ്തു.
പത്തനംതിട്ട പൂഴിക്കാട് സ്ത്രീയെ കൂടെ താമസിച്ചിരുന്നയാള്‍ തലയ്ക്കടിച്ചു കൊന്നു. മുളക്കുഴ സ്വദേശി സജിത (42) ആണ് മരിച്ചത്. ഷൈജുവിനെ പോലീസ് തെരയുന്നു.
പതിനേഴുകാരന്ു സ്‌കൂട്ടര്‍ നല്‍കിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ. കൂട്ടിലങ്ങാടി കൂരിവീട്ടില്‍ റിഫാക്ക് റഹ്‌മാന്‍ (33)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
ഭിന്നശേഷിക്കാരിയെ തെയ്യം കാണാന്‍ അനുവദിക്കാതെ തിരിച്ചയച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോറോം മുച്ചിലോട്ട് പെരുംകളിയാട്ട കമ്മിറ്റി. ഭിന്നശേഷിക്കാരിയായ സുനിതയെ വീട്ടിലെത്തി കണ്ട് മുച്ചിലോട്ട് കമ്മറ്റി ഖേദം അറിയിച്ചു. വീല്‍ ചെയര്‍ ഒരു വാഹനമായി കണ്ടാണ് ആചാരക്കാരന്‍ അനുമതി നല്‍കാതിരുന്നതെന്നു വിശദീകരിച്ചു.
നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ ബിജെപി സ്ഥാനാര്‍ത്ഥി കസേതോ കിനിമി എതിരില്ലാതെ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ കെകാഷെ സുമിയാണ് പത്രിക പിന്‍വലിച്ചത്.
ഡല്‍ഹി മദ്യനയക്കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ദ ശ്രീനിവാസലു റെഡിയുടെ മകന്‍ രാഘവ് മഗുന്ദയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു.
രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മാറി വായിച്ച സംഭവത്തില്‍ ധനമന്ത്രികൂടിയായ മുഖ്യമന്ത്രി അശോക് ഗെലോട്ട് എഐസിസി നേതൃത്വത്തിനു വിശദീകരണം നല്‍കി. ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച പിഴവെന്നാണ് ഗെലോട്ട് നല്‍കിയ വിശദീകരണം.
ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയ വലിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കു ലഭിക്കുന്ന പരസ്യ വരുമാനം മാധ്യമ സ്ഥാപനങ്ങളുമായി പങ്കിടണമെന്ന് ബിജെപി രാജ്യസഭാംഗം സുശീല്‍ കുമാര്‍ മോദി. പത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും പരസ്യവരുമാനം നഷ്ടപ്പെട്ടതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എയര്‍ ഇന്ത്യ പതിനായിരം കോടി ഡോളര്‍ മുടക്കി ഏകദേശം 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഇതിനുള്ള കരാറില്‍ ഒപ്പുവച്ചു.
അദാനി ഗ്രൂപ്പ് ഓഹരി ഈട് നല്‍കി കൂടുതല്‍ തുക വായ്പയെടുത്തു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ഈടായി നല്‍കിയാണ് എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍നിന്നു വായ്പ എടുത്തത്. അദാനി എന്റെര്‍പ്രൈസസിന്റെ വായ്പാ തിരിച്ചടവിനായാണ് വീണ്ടും വായ്പയെടുത്തത്.
അമേരിക്കയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകത്തെ യുദ്ധവിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തി. അലാസ്‌ക സംസ്ഥാനത്തിനു മുകളില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്.
യാഹൂവും 20 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടല്‍.
ഐഎസ്എല്ലില്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പതിനെട്ടാം റൗണ്ടില്‍ ബെംഗളുരു എഫ്‌സിയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് കളി.
ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പേ എന്നിവരാണ് ഫൈനലിസ്റ്റുകള്‍.
വനിതാ ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നാളെ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്കു പരിക്കുകള്‍ തിരിച്ചടിയായി. കൈവിരലിനു പരിക്കേറ്റ ഓപ്പണര്‍ സ്മൃതി മന്ഥാന പാകിസ്ഥാനെതിരെ കളിച്ചേക്കില്ല. ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലാണ് സ്മൃതിക്കു പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ സ്മൃതി കളിച്ചില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ചുമലിനേറ്റ പരിക്കില്‍നിന്ന് മുക്തയായിട്ടില്ല.