mid day hd 8

 

മാനന്തവാടി പടമലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്തു കടന്ന് ഒരാളെ കൊന്നു. ചീലഗദ്ദ പനച്ചിയില്‍ അജീഷ് എന്ന നാല്‍പത്തേഴുകാരനെയാണ് ആന വകവരുത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയായായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യഥാസമയം മുന്നറിയിപ്പു നല്‍കുകയോ ആനയെ വിരട്ടി ഒടിക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങി. ബത്തേരി നഗരസഭയിലെ കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടന്‍കൊല്ലി എന്നീ നാലു വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആളെക്കൊല്ലിയായ കാട്ടാനയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി തെരുവില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍. സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ വാഹനം ജനം തടഞ്ഞു. ആശുപത്രിയിലേക്ക് എസ്പി നടന്നു പോയാല്‍മതിയെന്നു പ്രഖ്യാപിച്ച് ജനം റോഡില്‍ ഉപരോധ സമരം നടത്തുകയാണ്. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിച്ചത്.

റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ടാമത്തെ കാട്ടാന എത്തി വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെടുന്നതുവരെ വനംവകുപ്പ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍. റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ ലഭിച്ചില്ലെന്നാണ് കേരള വനംവകുപ്പ് പറയുന്നത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് കേരളത്തിലെത്തി ഒരാളെ കൊന്നത്. കാട്ടാനയുടെ റേഡിയോ കോളര്‍ സിഗ്‌നല്‍ കര്‍ണ്ണാടക പങ്കുവച്ചില്ലെന്ന് കേരള വനംവകുപ്പ് ആരോപിച്ചു. പലതവണ കത്തയച്ചിട്ടും ആന്റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തി. എന്നാല്‍ കേന്ദ്രീകൃത സിഗ്നല്‍ സംവിധാനത്തില്‍ ആനയുടെ നീക്കം കേരളത്തിനും മനസാലാക്കായിരുന്നെന്നാണ് കര്‍ണാടക വനംവകുപ്പ് കുറ്റപ്പെടുത്തുന്നത്.

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സ്വകാര്യബസുകളുടെ പെര്‍മിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസന്‍സും റദ്ദാക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

എക്‌സാലോജിക് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണു നീക്കമെന്നു വിശദീകരിച്ചും സിപിഎം രേഖ. സേവനം ചെയ്തതിന് വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് അധിക്ഷേപിച്ച് അന്വേഷണം നടത്തുന്നതെന്നാണ് നയരേഖയില്‍ സിപിഎം ന്യായീകരിക്കുന്നത്. പണം കൊടുത്ത കമ്പനിക്കു പോലും പരാതിയില്ലാത്ത വിഷയമാണ്. വാദംകേള്‍ക്കാതെയാണ് പ്രചരണമെന്നും രേഖയില്‍ വിമര്‍ശിച്ചു.

എറണാകുളം ഇടപ്പള്ളി പച്ചാളം ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ ലഹരി വസ്തുക്കളുമായി മൂന്നു പേര്‍ പിടിയില്‍. 50 ഗ്രാം ഗോള്‍ഡന്‍ മെത്ത് ആണ് പിടികൂടിയത്. കണ്ണൂര്‍ തള്ളിപ്പറമ്പ് സ്വദേശി അഷറഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജൂദീന്‍ എന്നിവരെയാണു അറസ്റ്റു ചെയ്തത്.

ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ച് കോഴിക്കോട് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് കമന്റിനെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐടി കമ്മിറ്റിയെ നിയോഗിച്ചു. ഗാന്ധിയുടെ തത്വങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളെ പിന്തുണക്കില്ലെന്ന് എന്‍ഐടി വ്യക്തമാക്കി.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസില്‍ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട നാര്‍കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് മുംബൈ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് ഭരണം വന്നിട്ടും കരാറുകാരില്‍നിന്ന് 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നുണ്ടെന്ന് കരാറുകാര്‍. ഉദ്യോഗസ്ഥര്‍ പണം പിരിച്ചെടുത്ത് തങ്ങളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്ക് കൈമാറുകയാണെന്ന് കരാറുകാരുടെ സംഘടനാ നേതാവ് കെമ്പണ്ണ ആരോപിച്ചു.

ചിത്രദുര്‍ഗ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടറെ പിരിച്ചുവിട്ടു. ഡോ. അഭിഷേകിനെ പിരിച്ചു വിടാന്‍ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉത്തരവിട്ടു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പാകിസ്ഥാനില്‍ തൂക്കുസഭ. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്ന് അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങി. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് ഇമ്രാന്‍ ഖാന്റെ പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും വിജയിച്ചു. ഭൂരിപക്ഷത്തിന് 133 പേരുടെ പിന്തുണ വേണം. ഇമ്രാന്റെ സ്വതന്ത്രരുമായി കൂട്ടുകൂടില്ലെന്നാണു നവാസ് ഷെരീഫ് പറയുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *