പുതുവല്‍സരാഘോഷത്തിന് ഒരുങ്ങി നാടും നഗരവും. കാര്‍ണിവെലുകളില്‍ ആര്‍പ്പുവിളികള്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മാത്രമല്ല, ബീച്ചിലും മലയോരങ്ങളിലുമെല്ലാം നവവല്‍സരാഘോഷം. ചുരങ്ങളില്‍ ആഘോഷത്തിനു വിലക്കുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗതാഗതം അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. (2024 എങ്ങനെയായിരിക്കും? പേരു മാറുമോ?
https://dailynewslive.in/will-the-name-change/ )

പെട്രോള്‍ പമ്പുകള്‍ ഇന്നു രാത്രി എട്ടു മുതല്‍ രാവിലെ ആറുവരെ അടച്ചിടും. പമ്പുകള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നത്.

ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണം വിജിലന്‍സ് പിടിച്ചെടുത്തു. എക്‌സൈസ്, ലൈവ്‌സ്റ്റോക്ക്, മോട്ടോര്‍ വാഹന വകുപ്പ്, ജി എസ് ടി എന്‍ഫോഴ്‌സ്‌മെന്റ് എന്നീ വകുപ്പുകളുടെ ഓഫീസ് സമുച്ചയത്തിലായിരുന്നു വിജിലന്‍സ് പരിശോധന. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടു ദിവസം എറണാകുളത്ത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ച നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും രണ്ടാം തീയതിയുമായി നടക്കുക. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഈ ദിവസങ്ങളില്‍ നടക്കുക.

ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ഐക്യവും ഊട്ടിവളര്‍ത്തി സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വര്‍ഷമാകട്ടെ 2024 എന്ന് ഗവര്‍ണര്‍ ആശംസിച്ചു.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോവളം തീരത്തു തിരക്ക്. പോലീസ് ഇടറോഡുകളിലടക്കം വാഹന പരിശോധന നടത്തുന്നുണ്ട്. ഇന്ന് അര്‍ദ്ധരാത്രിയോടെ ബീച്ചിലുള്ളവരെ ഒഴിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

കേരളത്തിലെ മുക്കിലും മൂലയിലും പൊതു ഗതാഗതം കൊണ്ടുവരുന്ന പദ്ധതി മുഖ്യമന്ത്രി അനുവദിച്ചാല്‍ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇടവഴികളിലും പൊതുഗതാഗതം എത്തികുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പഠിച്ച ശേഷം വിവരം പറയാമെന്നു മുഖ്യമന്ത്രി പറഞ്ഞെന്നും ഗണേഷ് അറിയിച്ചു.

മൂന്നാം തീയതി ബിജെപി തൃശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോള്‍, ഗായിക വൈക്കം വിജയലക്ഷ്മി, പെന്‍ഷന്‍ കുടിശികയ്ക്കായി സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടി തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കും. ഹരിത കര്‍മ സേനയുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലാണ് കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുക. വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍കൊണ്ട് ക്രിയേറ്റീവ് ഉത്പന്നങ്ങളുണ്ടാക്കാനും തീരുമാനമുണ്ട്.

കുതിരാന്‍ പാലത്തിനു മുകളില്‍ ഇന്നോവ കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരന്‍ മരിച്ചു. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂരില്‍നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തു നിര്‍മ്മാണം നടക്കുന്നതിനാല്‍ ഒറ്റ ട്രാക്കിലൂടെയാണ് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്.

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. പിറവം കക്കാട് സ്വദേശി ബേബി (58), ഭാര്യ സ്മിത എന്നിവര്‍ ആണ് മരിച്ചത്. പ്രവാസിയായിരുന്ന ബേബി കുറച്ചു കാലങ്ങളായി നാട്ടിലാണ് താമസം. 18 ഉം 21 ഉം വയസുള്ള പെണ്‍മക്കള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നടക്കാനിറങ്ങിയ പ്രഥമാധ്യാപകന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ജിഎച്ച്എസ് സ്‌കൂളിലെ പ്രഥമാധ്യാപകനും ശ്രീകാര്യം ചാവടിമുക്ക് സെയ്ന്റ് ജൂഡ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ കൊട്ടാരക്കര കോട്ടവട്ടം സുരേഷ് ഭവനില്‍ സുരേഷ് കുമാര്‍(55) ആണ് മരിച്ചത്.

പത്തനംതിട്ട മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെയാണെന്ന് പോലീസ്. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ഉപയോഗിച്ച കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ജോര്‍ജ് ഉണ്ണുണ്ണിയുടെ കഴുത്തിലെ ഒന്‍പതു പവന്റെ മാല മോഷ്ടിച്ചിട്ടുണ്ട്. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്.

രാജ്യത്തിന് ഒരു സാമ്പാര്‍ മുന്നണി സര്‍ക്കാരിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തും. ജനങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു ബദലില്ല. മോദിയുടെ ഗ്യാരന്റികള്‍ വോട്ട് കിട്ടാനുള്ളതല്ല, രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കുള്ള ഉറപ്പാണത്. ഒരു തീരുമാനവും തന്റേതല്ല, രാജ്യതാല്‍പര്യം മാത്രമാണ് പരിഗണന. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലടക്കം ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു.

രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും പുരസ്‌കാരങ്ങളേക്കാള്‍ വലുത് ആത്മാഭിമാനമാണെന്ന് രാഹുല്‍ ഗാന്ധി. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണ്. ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങള്‍. രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം ക്രൂരത കാണുമ്പോള്‍ വേദനയുണ്ട്. സാമൂഹിക മാധ്യമമായ എക്‌സിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലാണ് ആശംസകളറിയിച്ചത്. ഈ വര്‍ഷം രാജ്യം ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊര്‍ജം പുതിയ വര്‍ഷത്തിലും മുന്നോട്ട് പോകാന്‍ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍ഭീഷണി. പോലീസ് സംഘങ്ങള്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഫോണ്‍ വിളിച്ച ആളെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *