തലസ്ഥാനം യുദ്ധക്കളമായി. ഡിജിപി ഓഫീസിലേക്കു നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലേക്കു പോലീസിന്റെ ടിയര്‍ഗ്യാസ് ഷെല്‍ ആക്രമണവും ജലപീരങ്കിയും പ്രയോഗവും. കെപിസിസി ആസ്ഥാനത്തു മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ വേദിയിലേക്ക് അടക്കമാണ് പോലീസ് ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചത്. പോലീസിനുനേരെ കല്ലേറുണ്ടായി. ദേഹാസ്വാസ്ഥ്യം മൂലം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയേയും അന്‍വര്‍ സാദത്ത് എംഎല്‍എയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിങ്കൊടി കാണിച്ചവരെ പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു നടത്താനിരുന്ന മാര്‍ച്ചാണു പോലീസ് ഇങ്ങനെ തകര്‍ത്തത്. അക്രമങ്ങള്‍ നടത്താതെ പിരിഞ്ഞു പോകണമെന്ന് പ്രവര്‍ത്തരോടു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും അടുത്തയാഴ്ചയോടെ മന്ത്രിമാരായി ചുമതലയേല്‍ക്കും. ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ അന്തിമതീരുമാനവും പ്രഖ്യാപനവും നാളെ ഉണ്ടായേക്കും. 29 നു സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നത്. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് നല്‍കുക. മുന്‍ ധാരണയനുസരിച്ച് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് തേവര്‍കോവിലും മന്ത്രിസ്ഥാനം രാജിവയ്ക്കും.
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍നിന്ന് മറച്ചുവച്ചെന്ന് കേസ്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പത്തനാപുരം കോടതി ഫയലില്‍ സ്വീകരിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതു ഗൂഡാലോചനയുണ്ടെന്നു പോലീസിനു ബോധ്യമായതുകൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഡാലോചന, ഗൂഡാലോചന തന്നെയാണ്. പൊലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്കു തെളിയിക്കാം. ശബ്ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ട. ഡിജിപിയുടെ വസതിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സമരവും കുറുപ്പംപടിയില്‍ നവകരേള ബസിനുനേരെ ഷൂ എറിഞ്ഞതും റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പിണറായി വിജയന്‍ ഹിറ്റ്‌ലറുടെ പുനര്‍ജന്മമാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാന്‍ നോക്കുന്നു. ജനാധിപത്യത്തോട് ബാധ്യതയില്ല. പി ശശിയാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ക്രമസമാധാനം തകര്‍ന്നുപോയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ക്രിസ്മസിന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോഴിക്കോട്ടേക്കു സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. പുലര്‍ച്ചെ 4:30ന് ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചകഴിഞ്ഞ് 3.20 ന് കോഴിക്കോട്ടെത്തും. സ്‌പെഷ്യല്‍ വന്ദേഭാരത് ടെയിന് പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ്പുകള്‍ ഉണ്ട്.
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയില്‍നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 26 ന് ശബരിമലയിലെത്തും. 27 നാണ് മണ്ഡലപൂജ.
ഡിജിപിയുടെ വീട്ടില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ മുരളീധരരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗേറ്റ് തുറന്ന് സമരക്കാരെ അകത്തേക്കു കടത്തിവിട്ടതിനാണ് നടപടി. അകത്തു പ്രവേശിച്ച ഉടനേ അഞ്ചു വനിതകള്‍ മുദ്രാവാക്യം മുഴക്കി സമരം തുടങ്ങുകയായിരുന്നു. വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ സമരക്കാരെ നീക്കം ചെയ്യാന്‍ വൈകി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറവൂരിനു പുറത്തുള്ള ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണെന്നു പരിഹാസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സതീശന്‍ താന്‍പ്രമാണിത്തത്തിന്റെ ആള്‍രൂപമാണെന്നും റിയാസ് പറഞ്ഞു.
ആറന്മുള പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോളേജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിനെതിരെ കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സ്റ്റേഷനില്‍ പ്രതിഷേധിച്ചത്.
ക്രിസ്മസിനു പാതിരാ കുര്‍ബാനയുടെ സമയം നേരത്തെയാക്കി മാനന്തവാടി രൂപത. വന്യമൃഗ ശല്യം രൂക്ഷമായതിനാല്‍ രാത്രി പത്തിനു തീര്‍ക്കാവുന്ന വിധത്തില്‍ നാളെ രാത്രി എട്ടിനോ എട്ടരയ്‌ക്കോ കുര്‍ബാന നടത്തണമെന്നാണു നിര്‍ദേശം. മനുഷ്യനാണ് ആദ്യ പരിഗണനയെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. ക്രിസ്മസ് കരോള്‍ ഇന്ന് വൈകീട്ടായിരിക്കും നടത്തുക.
കറുകുറ്റിയില്‍ ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലെ തീപിടുത്തതില്‍ കുടുങ്ങിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്.
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഭര്‍തൃ പീഡന പരാതിയുമായി യുവതിയും മകളും. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭര്‍തൃ വീട്ടിലെത്തി പ്രതിഷേധിച്ചു. ഭര്‍ത്താവ് മര്‍ദിച്ചെന്ന് ആരോപിച്ച് ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളും ആശുപത്രിയില്‍ ചികിത്സ തേട. നായ്ക്കട്ടി സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഗുജറാത്തില്‍ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷംമുതല്‍ ഭഗവദ്ഗീത പാഠപുസ്തകമാക്കുന്നു. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറാക്കി പുറത്തിറക്കി.