തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ചതാണ് ശബരിമല ദര്‍ശനം ക്‌ളേശകരമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറില്‍ 4200 പേര്‍ക്കാണ് കയറാനാകുക. പ്രതിദിനം ശരാശരി 62,000 തീര്‍ഥാടകരാണു വരാറുള്ളത്. ഇക്കുറി 88,000 പേരാണു വരുന്നത്. ഒരു ദിവസം 1,20,000 പേര്‍ വരെ എത്തി. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് 220 കോടി രൂപ ശബരിമല വികസനത്തിനു സര്‍ക്കാര്‍ ചെലവാക്കി. തീര്‍ഥാടകര്‍ക്കായി ആറ് ഇടത്താവളങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതിനായി കിഫ്ബിയില്‍ നിന്ന് 108 കോടി രൂപ ചെലവിട്ടു. ശബരിമലയില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതു രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എഡിജിപി എംആര്‍ അജിത്കുമാറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും തമ്മില്‍ തര്‍ക്കം. ഒരു മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാനാകൂവെന്നാണ് എഡിജിപി വാദിച്ചത്. എന്നാല്‍ 75 ലേറെ പേരെ കയറ്റാമെന്ന് ദേവസ്വം പ്രസിഡന്റ് വാദിച്ചു. അതു കള്ളക്കണക്കാണെന്ന് എഡിജിപി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു. ദേവസ്വത്തിന്റെ കണക്കാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.
സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ആരോപിച്ച് കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ചാണ് ഹര്‍ജി നല്‍കിയത്.
സംസ്ഥാനത്തെ 33 വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടി, യുഡിഎഫിനു നേട്ടം. ഒരു സിറ്റിംഗ് സീറ്റില്‍ തോറ്റ യുഡിഎഫ് നാലു സീറ്റുകള്‍ പിടിച്ചെടുത്തു. ഫലം വന്നതില്‍ 14 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. എല്‍ഡിഎഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. നാലിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ആം ആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകള്‍ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുത്തു.
കെപിസിസി ട്രഷററായിരുന്ന പ്രതാപചന്ദ്രന്റെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ചുള്ള മകന്റെ പരാതിക്കു പിന്നില്‍ സംഘടനാ ജനറല്‍ സെക്രട്ടറി അടക്കമുള്ള ചില നേതാക്കളെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. വ്യക്തിവിരോധം തീര്‍ക്കാന്‍ സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ പ്രതാപചന്ദ്രന്റെ മകനെ കരുവാക്കിയെന്നാണ് റിപ്പോര്‍ട്ട്.
വിദേശത്തുനിന്ന് അശ്ലീല ദൃശ്യം അയച്ചയാള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസില്‍ പരാതി നല്‍കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഷയം ചര്‍ച്ചയായതോടെ ഖത്തറിലുള്ള പ്രതി ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ സന്ദേശം അയച്ചുകൊടുത്തിരുന്നു.
ശബരിമലയില്‍ തിരക്കു കുറഞ്ഞു. നിലയ്ക്കലും തിരക്കു കുറവാണ്. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ കയറാന്‍ തീര്‍ത്ഥാടകര്‍ ക്‌ളേശിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
സത്രം-പുല്ലുമേട് കാനന പാതയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള (46) യാണ് മരിച്ചത്.
സംവിധായകന്‍ ഡോ. ബിജുവിനെതിരായ പരാമര്‍ശം ഉള്‍പ്പെടെ അടങ്ങിയ വിവാദ അഭിമുഖത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനോട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിശദീകരണം തേടി. നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊല്ലത്തു 18 നു നടക്കുന്ന നവകേരളാ സദസിന് കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ദേവസ്വം സ്‌കൂള്‍ ഗ്രൗണ്ടാണ് നവ കേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം.
വയനാട്ടിലെ നരഭോജി കടുവയെ വെടിവക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നല്‍കിയ അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റിക്കെതിരേ 25,000 രൂപ പിഴയും ചുമത്തി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ നിസാരവത്കരിക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രശസ്തിക്കു വേണ്ടിയാണോ ഹര്‍ജി സമര്‍പ്പിച്ചതെന്നും കോടതി ചോദിച്ചു.
വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. തെരച്ചില്‍ തുടരുകയാണ്. 22 ക്യാമറ ട്രാപ്പുകള്‍ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്.
നഴ്‌സിംഗ് പ്രവേശനം ശരിപ്പെടുത്താമെന്നു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി ജോഷി മാത്യുവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ജോഷി പരിചയപ്പെടുത്തിയ അഖിലിനു പ്രതികള്‍ 18 ലക്ഷം നല്‍കിയിരുന്നു.
വീട്ടുജോലിക്കാരിയുടെ വീട്ടില്‍നിന്നു സ്വര്‍ണം മോഷ്ടിച്ച കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മരട് സ്വദേശി ആഷിക് ആന്റണി, ഭാര്യ നേഹാ രവി, ആലപ്പുഴ അരൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ശമ്പളം നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ ടിവി തരാമെന്നു പറഞ്ഞ് ജോലിക്കാരിയുടെ വീട്ടില്‍ ടിവി സ്ഥാപിക്കുന്നതിനിടെയാണ് മോഷണം നടത്തിയത്.
ഓണ്‍ലൈന്‍ ട്രെയിഡിംഗ് തര്‍ക്കത്തില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശി അശോകന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്.
ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിന്റെ എസ് സി ഇ ആര്‍ ടി സിലബസിനു പകരം സിബിഎസ്ഇ സിലബസ് മാത്രമേ പഠിപ്പിക്കാവൂവെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.
മഹാദേവ് ബെറ്റിംഗ് ആപ് തട്ടിപ്പു കേസിലെ പ്രധാന പ്രതി രവി ഉപ്പല്‍ ദുബായില്‍ പിടിയിലായി. എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദേശമനുസരിച്ച് ഇന്റര്‍പോളാണ് മഹാദേവ് ആപിന്റെ ഉടകളില്‍ ഒരാളായ രവി ഉപ്പലിനെ പിടികൂടിയത്. ആറായിരം കോടി രൂപയുടെ കള്ളപ്പണ ഇടപാടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണം.
ബീഹാറിലെ മുന്‍ഗറില്‍ ഏഴ് അത്യാധുനിക പേന പിസ്റ്റളുകളുമായി മൂന്ന്ുതോക്ക് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 14 വെടിയുണ്ടകളും 1.90 ലക്ഷം രൂപയും കണ്ടെടുത്തു. പഴയ മഷി പേന പോലെ തോന്നിക്കുന്നവയാണു സ്വര്‍ണ പേന പിസ്റ്റള്‍.
പാകിസ്ഥാനിലെ സൈനിക ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഖാബിര്‍ പക്ദൂന്‍ഖ്വായിലെ പൊലീസ് കോംപൗണ്ടിലാണു ഭീകരാക്രമണം ഉണ്ടായത്. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ഭീകരവാദ ഗ്രൂപ്പാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പാകിസ്ഥാന്‍ സൈന്യം ബേസ് ക്യാംപായി ഉപയോഗിച്ചിരുന്ന പൊലീസ് കോപൌണ്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നതു വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിനു ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗയുദ്ധം തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ബൈഡന്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നത്.
ഗാസയില്‍ വെടിനിറുത്തല്‍ വേണമെന്നും ബന്ദികളെ ഹാമാസ് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ അവതരിപ്പിച്ച പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ. അമേരിക്കയും ഇസ്രയേലും അടക്കം പത്തു രാജ്യങ്ങള്‍ മാത്രമാണു പ്രമേയത്തെ എതിര്‍ത്തത്. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.