ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവച്ചു. എത്രയും വേഗം സംസ്ഥാന പദവി നല്‍കി അടുത്ത വര്‍ഷം സെപ്റ്റംബര്‍ 30 നുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടില്ല. ജമ്മു കാഷ്മീരിനെ രണ്ടാക്കിയ നടപടിയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടിയും കോടതി അംഗീകരിച്ചു.
കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെയും സംഘത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തന്നെ മര്‍ദിച്ചതെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പറഞ്ഞു.
പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ ഷൂ എറിഞ്ഞതിനു നാലു കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. സംഭവത്തില്‍ നാലു കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ സമരമുറ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണര്‍ കാവിവത്കരിക്കുന്നതിനെതിരേ പ്രതിഷേധിക്കാത്തവരാണു നാടിന്റെ വിസനത്തിനായുള്ള നവകേരള സദസിനെതിരേ പ്രതിഷേധിക്കുന്നത്. കരിങ്കൊടി കാണിച്ചു പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ പോലീസ് എത്തുന്നതിനു മുമ്പു പതിനായിരത്തിലേറെ വരുന്ന ജനക്കൂട്ടത്തിലെ കുറേപേര്‍ പിടിച്ചുമാറ്റുന്നതു സ്വാഭാവികമാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
ശബരിമലയില്‍ ഭക്തരുടെ തിരക്കും തീര്‍ത്ഥാടകരുടെ സൗകര്യങ്ങളും പഠിക്കാന്‍ ഹൈക്കോടതി അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് നീക്കം. ക്യൂ കോംപ്ലക്‌സ്, വിശ്രമ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തും.
നവ കേരള സദസിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതിനു പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് മാസത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലെ സ്വീകരണ വേദി തകര്‍ക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിന്‍ ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവ കേരള സദസിന്റെ പേരില്‍ സിപിഎം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ കെഎസ് യുവിന്റെ സമര രീതിയല്ലെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. അത്തരം സമരത്തെ അംഗീകരിക്കില്ല. സമരത്തെ ഡിവൈഎഫ്‌ഐക്കാര്‍ കൈയ്യൂക്കുകൊണ്ട് നേരിടുകയാണ്. പിണറായി വിജയന് അകമ്പടിക്കായി ഗൂണ്ടാപടയെ കൊണ്ടുപോകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ പിടിച്ചിടുന്നു. തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളമാണു വഴിയില്‍ കാത്തുകിടക്കുന്നത്. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനെയും നിയന്ത്രണം ബാധിച്ചു. 140 ബസുകളാണ് ചെയിന്‍ സര്‍വീസിനുള്ളത്.
ഡോ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് തിരുവനന്തപുരം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നിരീക്ഷിച്ചു.
നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനില്‍ പുലര്‍ച്ചെ ആന്ധ്രാ സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശന്‍ (47) ആണ് മരിച്ചത്.
കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര സംഭവിക്കുമെന്ന് ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസ് മന്ത്രി 50 എംഎല്‍എമാരുമായി ബിജെപിയില്‍ ചേരും. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേസുകളില്‍നിന്ന് രക്ഷപ്പെടാനാണു മന്ത്രി ബിജെപിയില്‍ ചേരുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
ഒഡിഷയിലെ കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് പിടിച്ചെടുത്ത കള്ളപ്പണം എണ്ണി തീര്‍ത്തു. 351 കോടി രൂപയാണ് ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. അഞ്ചു ദിവസം കൊണ്ടാണ് നോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്.
നിര്‍ബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതിയും ഭര്‍ത്താവും ഹോട്ടല്‍ ഉടമയെയും കാമുകിയെയും കൊലപ്പെടുത്തി. ഹോട്ടല്‍ ഉടമ രവി ഠാക്കൂര്‍ (42), കാമുകി സരിത ഠാക്കൂര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ മംമ്ത (32), നിതിന്‍ പവാര്‍ (35) എന്നിവരെ അറസ്റ്റു ചെയ്തു.
ഗുഡ്ക കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. പുകയില കമ്പനികളുടെ പരസ്യത്തില്‍ അഭിനയിച്ചതു സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഇതേ വിഷയം സുപ്രീം കോടതി പരിഗണിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രശ്‌നത്തില്‍ ഇതിനകം കേന്ദ്രം നടന്മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
1999 ലെ കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നാലു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പാകിസ്ഥാനിലേക്കു തിരിച്ചെത്തിയ നവാസ് ഷെരീഫ് ഒരു പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുമായി മികച്ച ബന്ധത്തിനാണ് താന്‍ ശ്രമിച്ചത്. അതിനാല്‍ കാര്‍ഗില്‍ യുദ്ധം അരുതെന്ന് താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫ് തന്നെ അധികാരത്തില്‍നിന്നും പുറത്താക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.