mid day hd 4

 

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിനുള്ള അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ലോക്‌സഭ സെക്രട്ടറിയേറ്റിനു കത്തു നല്‍കി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാല്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്‌സഭാ സ്പീക്കറുടെ വീട്ടിലെത്തി കത്ത് നല്‍കിയത്.

തമിഴ്‌നാട്ടിലെ തേനിക്കു സമീപം ഉത്തമപാളയത്ത് മനുഷ്യരുടെ ആന്തരിക അവയവങ്ങളുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് അവ കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായി. ഉത്തമപാളയത്ത് സംശയാസ്പദമായി ഒരു വാഹനം പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു പെട്ടിയില്‍ ഹൃദയം, കരള്‍ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ അലക്‌സ് പാണ്ഡ്യന്‍, ഡേവിഡ് പ്രതാപ് സിംഗ്, മുരുകന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. പൂജയ്ക്കു ശേഷം എത്തിച്ച മനുഷ്യന്റെ അവയവ ഭാഗങ്ങളാണെന്നും വീട്ടില്‍ വച്ചാല്‍ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണ ഇത് കൈമാറിയതെന്നുമാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്.

മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാട് തിങ്കളാഴ്ച രാവിലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കും. ചൊവ്വാഴ്ച മുതലാണു സഭാ നടപടികള്‍. സ്പീക്കര്‍ക്കെതിരെ എന്ത് നിലപാടെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപി മുതലെടുക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്ക്.

വിധവയുടെ ക്ഷേത്രപ്രവേശനം തടയരുതെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയില്‍തന്നെ ഏതൊരാള്‍ക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധമില്ലെന്നും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടെഷ് വ്യക്തമാക്കി. ഇറോഡ് ജില്ലയിലെ പെരിയകറുപ്പന്‍ ക്ഷേത്രത്തിലെ പൂജാരിയുടെ മരണശേഷം ഉത്സവങ്ങളില്‍നിന്ന് ഭാര്യയെ വിലക്കിയതു ചോദ്യം ചെയ്തുള്ള കേസിലാണ് കോടതിയുടെ ഇടപെടല്‍. ക്ഷേത്രോത്സവത്തില്‍ ഇവര്‍ക്കു സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കുര്‍ബാനയ്ക്കിടെ ഹൃദയാഘാതമുണ്ടായി ഇടുക്കിയില്‍നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് അതിവേഗം എത്തിച്ചു രണ്ടു മാസമായി കോട്ടയത്തു ചികിത്സയില്‍ കഴിഞ്ഞ 17 കാരി ആന്‍ മരിയ ജോയ് അന്തരിച്ചു. ജൂണ്‍ ഒന്നാം തീയതി രാവിലെ ഇരട്ടയാറിലെ പള്ളിയില്‍ കുര്‍ബാനക്കിടെയാണ് ആന്‍മരിയക്ക് ഹൃതയാഘാതം ഉണ്ടായത്.

തിരുവല്ലയില്‍ കാമുകന്‍ അരുണിനെ സ്വന്തമാക്കാന്‍ അയാളുടെ ഭാര്യ സ്‌നേഹയെ കൊല്ലാന്‍ ശ്രമിച്ച അനുഷ എന്ന 25 കാരി ഇതിനകം രണ്ടു തവണ വിവാഹിതയായിട്ടുണ്ടെന്നു പോലീസ്. അരുണിനെ വിളിച്ചു പറഞ്ഞ ശേഷമാണ് ഫാര്‍മസിസ്റ്റ് കൂടിയായ അനുഷ സിറിഞ്ചുമായി ആശുപത്രിയിലെത്തിയത്. കോളേജ് പഠനകാലം മുതലേ അനുഷയും അരുണം അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അകലുകയും വേറെ വിവാഹം കഴിക്കുകയും ചെയ്തു. അനുഷയുടെ ഭര്‍ത്താവ് വിദേശത്താണ്. ഈയിടെ അനുഷയും അരുണും തമ്മില്‍ വീണ്ടും അടുപ്പത്തിലാകുകയും ഇരുവരുടേയും വാട്‌സ്ആപ് ചാറ്റ് സ്‌നേഹ കണ്ടുപിടിക്കുകയും ചെയ്തിരുന്നു. പോലീസ് പറഞ്ഞു.

തിരുവനന്തപുരം തുമ്പയില്‍ വെങ്കിടേഷ് എന്ന യുവാവിനെക്കൊണ്ട് കാലില്‍ പിടിപ്പിച്ച് മാപ്പുപറയിക്കുകയും കാലില്‍ ചുംബിപ്പിക്കുകയും ചെയ്ത ഗുണ്ട ഡാനി രാജ്യം വിട്ടെന്നു റിപ്പോര്‍ട്ട്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ പോലീസ് കേസെടുക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്നലെയാണ് കേസെടുത്തത്.

ചെകുത്താന്‍ എന്ന യുട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്‌ക്കെതിരെ പൊലീസ് കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. ആറാട്ട് അണ്ണന്‍ എന്നു വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയുമൊത്ത് ബാല രണ്ടു ഗുണ്ടകള്‍ക്കൊപ്പം വന്നെന്നാണ് അജു അലക്‌സിന്റെ പരാതി.

വീണു പരിക്കേറ്റതിനെത്തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് വോര്‍ക്കാടിയില്‍ ബൂത്ത് തല സന്ദര്‍ശനത്തിനിടെ വഴുതി വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കി.

മിത്ത് വിവാദത്തില്‍ സ്പീക്കറെ തിരുത്താന്‍ സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

മിത്ത് വിവാദത്തില്‍ സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിലപാട് ആരും തിരുത്തിയിട്ടില്ല. മത- സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കര്‍ എ എം ഷംസീര്‍ ഒരു മത വിശ്വാസത്തിനും എതിരായി ഒന്നും പറഞ്ഞിട്ടില്ല. മുഹമ്മദ് റിയാസ് പറഞ്ഞു.

പത്മനാഭ സ്വാമി ക്ഷേത്രം ‘നോ ഫ്‌ളൈയിംഗ് സോണ്‍’ ആയി പ്രഖ്യാപിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. ഹെലികോപ്റ്ററിനു വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. നിലവില്‍ ഡ്രോണിന് നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ഹെലികോപ്റ്റര്‍ നിരവധി പ്രാവശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നിരുന്നു.

അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഏഴു വര്‍ഷം കഠിനതടവിനും അഞ്ചു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട കോഴിക്കോട് ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ പികെ ബീനയെ പരിച്ചുവിട്ടു. കുറ്റക്കാരിയാണെന്ന് 2020 ജൂണ്‍ 26 ന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി കണ്ടെത്തി ശിക്ഷിച്ചിരുന്നു.

ഒരു കോടി രൂപയുടെ വാടക കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിലെ ഐഎച്ച്ആര്‍ഡി കോളജിന് ജലസേചന വകുപ്പ് നോട്ടീസ് നല്‍കി. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ കോളേജിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.

തിരുവോണത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിനായിരം ഭക്തര്‍ക്ക് പ്രസാദ ഊട്ട് നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വിഐപി ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കാളന്‍, ഓലന്‍, കായ വറവ്, മോര്, പപ്പടം എന്നിവയ്ക്ക് പുറമേ തിരുവോണ വിശേഷാല്‍ വിഭവമായി പഴം പ്രഥമനും ഉണ്ടാകും. രാവിലെ പത്തിന് പ്രസാദ ഊട്ട് ആരംഭിക്കും. അന്നലക്ഷ്മി ഹാളിലും പന്തലിലുമുള്ള പ്രസാദ ഊട്ടിന് പൊതുവരി ഒമ്പതിനു തുടങ്ങും. രണ്ടിന് അവസാനിപ്പിക്കും.

അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തേഴത്ത് വീട്ടില്‍ ഷാജിയെയും മകന്‍ വിഷ്ണുവിനെയും വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നാണു കേസ്.

എറണാകുളം മട്ടാഞ്ചേരിയില്‍ രണ്ടു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

കൊല്ലം ചടയമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചവറ പന്മന സ്വദേശിയും 23 കാരനുമായ അനന്തുവിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ബോളിവുഡ് കലാ സംവിധായകന്‍ നിതിന്‍ ദേശായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഡില്‍വെയ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ റഷീഷ് ഷാ ഉള്‍പെടെ അഞ്ചുപേര്‍ക്കെതിരേ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ കര്‍ജത്തില്‍ നിതിന്‍ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. നാലു തവണ കലാ സംവിധാനത്തിനു ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

ജമ്മു കാഷ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയിലെ ഹനാന്‍ മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്.

ബ്രേക്കിംഗ് ബാഡ്, ബെറ്റര്‍ കോള്‍ സോള്‍ എന്നീ ഹിറ്റ് ടിവി സീരിസുകളിലെ ശക്തനായ കഥാപാത്രം ഡോണ്‍ ഹെക്ടര്‍ സലാമങ്കയായി വേഷമിട്ട മാര്‍ക്ക് മാര്‍ഗോലിസ് (83) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു മാര്‍ഗോലിസ് മരിച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *