മുന്‍മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ പന്ത്രണ്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണു സൂചന.
മലപ്പുറം തുവ്വൂര്‍ സുജിത കൊലക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. വിഷ്ണുവിന്റെ അച്ഛന്‍ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരങ്ങളായ വൈശാഖ്, ജിത്തു, വിഷ്ണുവിന്റെ സുഹൃത്ത് ഷിഫാന്‍ എന്നിവരാണ് അറസ്റ്റിലായത്. പള്ളിപ്പറമ്പത്ത് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത എന്ന മുപ്പത്തഞ്ചുകാരിയുടെ ആഭരണങ്ങള്‍ കവരാനാണു കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു. വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൃഷിഭവനില്‍ ജോലി ചെയ്തിരുന്ന സുജിതയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. സുജിതയെ ‘കണ്ടെത്താന്‍’ വിഷ്ണു പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനു നേതൃത്വം നല്‍കിയിരുന്നു.
റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്നു ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതല്‍ 31 വരെ കടകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28 നും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.
ഉമ്മന്‍ചാണ്ടിക്കനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ മൃഗസരംക്ഷണവകുപ്പിലെ ജീവനക്കാരി പുതുപ്പള്ളി സ്വദേശിനി സതിയമ്മയെ പിരിച്ചുവിട്ടെന്ന് ആക്ഷേപം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സതിയമ്മയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാല്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്‌തെന്ന പരാതിയിലാണു സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി. ജിജി എന്ന താത്കാലിക ജീവനക്കാരിക്കു പകരക്കാരിയായാണ് സതിയമ്മ ജോലി ചെയ്തിരുന്നത്. മന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു സൂചനയുമായി കെ.മുരളീധരന്‍ എംപി. കെ. കരുണാകരന്റെ സ്മാരകം നിര്‍മിക്കാന്‍ ശ്രദ്ധിക്കേണ്ടതിനാല്‍ പൊതുപ്രവര്‍ത്തനത്തില്‍നിന്ന് കുറച്ചുകാലം മാറിനില്‍ക്കുകയാണെന്നാണ് മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞത്.
തിരുവനന്തപരുത്ത് കെഎസ്ആര്‍ടിസിക്ക് 113 ബസുകള്‍ കൂടി വാങ്ങും. ഇതിനായി 104 കോടി രൂപ ചെലവാക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി യാത്രക്കാര്‍ക്കു ബസ് സൗകര്യം ലഭ്യമാക്കാനാണ് കൂടുതല്‍ ബസുകള്‍. സ്മാര്‍ട്ട് സിറ്റിയുടെ മാര്‍ഗദര്‍ശി ആപ്പ് മന്ത്രി എം.ബി. രാജേഷ് പുറത്തിറക്കി. ബസ് ട്രാക്കിംഗ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയവ മൊബൈല്‍ ഫോണില്‍ അറിയാനാവുന്ന ആപ്പാണു പുറത്തിറക്കിയത്.
മരിച്ച് കല്ലറയില്‍ സംസ്‌കരിച്ചയാള്‍ ഒരാഴ്ചക്കുശേഷം തിരിച്ചുവന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് തിരിച്ചെത്തിയത്. ബന്ധുക്കള്‍ മാത്രമല്ല, പോലീസും ഞെട്ടിയിരിക്കുകയാണ്. ബന്ധുക്കള്‍ ആളു മാറി സംസ്‌കരിച്ച ആള്‍ ആരെന്നു തെരയുകയാണ് പൊലീസ്.
അരിക്കൊമ്പന്റെ പേരില്‍ പുതുപ്പള്ളിയില്‍ ഒരു സ്ഥാനാര്‍ത്ഥി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൂവാറ്റുപുഴ സ്വദേശി ദേവദാസാണ് അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു പ്രചാരണം നടത്തുന്നത്.
കണ്ണൂര്‍ ധര്‍മ്മശാലയില്‍ ദേശീയ പാത പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്.
കണ്ണൂരില്‍ യുവാവ് ട്രെയിനില്‍നിന്നു വീണു മരിച്ചു. പുതിയങ്ങാടി സ്വദേശി പി.കെ. ഫവാസ് ആണ് മരിച്ചത്. 27 വയസായിരുന്നു.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ ശ്രീലങ്കന്‍ കടല്‍കൊള്ളക്കാര്‍ ആക്രമിച്ചു. തമിഴ്‌നാട് നാഗപട്ടണത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് ആക്രമിച്ചത്.
സിപിഐഎമ്മിന്റെ ഡല്‍ഹിയിലെ സുര്‍ജിത്ത് ഭവനില്‍ പാര്‍ട്ടി ക്ലാസ് അടക്കം എന്തു യോഗം നടത്താനും ഡല്‍ഹി പൊലീസിന്റെ വിലക്ക്. ജി 20 ഉച്ചകോടിക്കു ബദലായി വി 20 പരിപാടി നടത്തിയതു കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.. പരിപാടികള്‍ക്കു പൊലീസിന്റെ അനുമതി വേണമെന്നു ഹൈക്കോടതി ഉത്തരവുണ്ടെന്നാണു പോലീസ് പറയുന്നത്.