പ്രതിപക്ഷ മുന്നണിയില്‍നിന്ന് ശരത് പവാറിന്റെ എന്‍സിപി ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേരുമെന്ന് അഭ്യൂഹം. വൈകാതെത്തന്നെ ശരത് പവാറിനെ കേന്ദ്രമന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. എന്‍സിപി പിളര്‍ത്തി മഹാരാഷ്ട്ര ഉപമുഖ്യമന്തിയായ അനന്തരവന് അജിത് പവാര്‍ ഇടക്കിടെ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരത് പവാറിന്റെ ചാഞ്ചാട്ടം മനസിലാക്കി മഹാവികാസ് അഘാഡി സഖ്യത്തിലെ ശിവസേനയും കോണ്‍ഗ്രസും മറുതന്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്.
പണപ്പെരുപ്പനിരക്ക് 7.44 ശതമാനം. കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണു ജൂലൈയില്‍ രേഖപ്പെടുത്തിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണില്‍ പണപ്പെരുപ്പനിരക്ക് 4.87 ശതമാനവും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 6.71 ശതമാനവുമായിരുന്നു.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 54 അടി വെള്ളം കുറവ്. വൈദ്യുതി ഉല്‍പ്പാദനം കടുത്ത പ്രതിസന്ധിയിലാകും. വൈദ്യുതി നിരക്കു വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഉന്നതാധികാര യോഗം ഇന്നു ചേരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.
ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയന് നേതാക്കളുകളുമായി മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാലിനാണു ചര്‍ച്ച.
മിത്ത് വിവാദത്തില്‍ നടത്തിയ നാമജപയാത്രയ്ക്ക് എന്‍എസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളുന്നത്. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മിത്ത് വിവാദത്തില്‍ സ്പീക്കര്‍ നിലപാട് തിരുത്തണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. സ്പീക്കര്‍ തിരുത്തുകയോ തന്റെ പ്രസ്താവന പിന്‍വലിക്കുകയോ വേണമെന്ന് എന്‍എസ്എസ് പ്രതികരിച്ചു.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് ഹര്‍ഷീന പറഞ്ഞു. ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങളെല്ലാം അട്ടിമറിക്കുന്നവയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരേ പോലീസ് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നു അതിജീവിത. പ്രതിയെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമമുണ്ട്. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ യുവതി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്.
കൈതോലപ്പായയില്‍ രണ്ടരക്കോടി രൂപ പൊതിഞ്ഞ് കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലീസ്. ശക്തിധരനോ പരാതിക്കാരനായ ബെന്നി ബെഹനാനോ തെളിവുകള്‍ നല്‍കിയില്ല. അതിനാല്‍ തുടരന്വേഷണം ഇല്ലാതെ കേസ് അവസാനിപ്പിക്കുകയാണെന്ന് അന്വേഷണ സംഘം സിറ്റി പൊലിസ് കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് നല്കി.
മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ചാല്‍ വേട്ടയാടുന്നതിനോടു ഭയമില്ലെന്നും പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും മാത്യു കുഴല്നാടന് എംഎല്‍എ. മുന്നോട്ടുവച്ച കാല് പിന്നോട്ടു വയ്ക്കില്ല. ഇനിയങ്ങോട്ട് യുദ്ധംതന്നെയാണ്. വിജിലന്‍സ് കേസുകൊണ്ട് വേട്ടയാടാമെന്ന് സര്‍ക്കാര്‍ കരുതണ്ട. അദ്ദേഹം പറഞ്ഞു
കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിച്ചെന്നുമുള്ള ആരോപണങ്ങളുമായി മാത്യു കുഴല്നാടന് എംഎല്‍എയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്. ഏത് അന്വേഷണവും നേരിടും. കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന വിജിലന്‍സല്ല, കേന്ദ്ര ഏജന്‍സികളാണ്. മുരളീധരന് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്വജനപക്ഷപാതമുണ്ടെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ചും തള്ളി. സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെ സംവിധായകന് ലിജീഷ് മുല്ലേഴത്ത് നല്കിയ അപ്പീലാണു തള്ളിയത്.
എറണാകുളം രാമമംഗലത്ത് അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ വന്ന സ്ത്രീകളെ കടന്നു പിടിച്ചതിന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ച രണ്ടു പോലീസുകാരില്‍ ഒരാളെ അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീത് ആണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനെ അറസ്റ്റു ചെയ്തിട്ടില്ല.
മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോളേജിലെത്തി അധ്യാപകനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനാകാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു. നഗരസഭയില്‍ ഏഴംഗങ്ങളുള്ള ബിജെപി യോഗത്തില്‍നിന്ന് വിട്ടുനിന്നതോടെ കോറം തികയാതെയാണു യോഗം പിരിഞ്ഞത്.
എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വിറ്റ ജീവനക്കാരന് അറസ്റ്റിലായി. ഡ്രൈവര്‍ ബിജു മാത്യുവാണ് പിടിയിലായത്.
കോഴിക്കോട് മുക്കം മണാശേരിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. മലയമ്മ സ്വദേശി ഒറവ കുന്നുമ്മല്‍ ഗണേശന് (48) ആണ് മരിച്ചത്.
കുന്നംകുളത്ത് ലോഡ്ജില്‍ മയക്കുമരുന്നുമായി രണ്ടു സ്ത്രീകളടക്കം നാലുപേരെ കുന്നംകുളം പൊലീസ് അറസ്റ്റു ചെയ്തു.
അഞ്ച് ഗ്രാം എംഡിഎംഎയുമായി കൂറ്റനാട് സ്വദേശികളായ ഷഫീക്ക് (32), അനസ് (26), ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന് (29), കൊല്ലം സ്വദേശിനി സുരഭി (23) എന്നിവരാണ് പിടിയിലായത്.
പുലി ഭീഷണി നേരിടാന്‍ തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ സ്വയംരക്ഷയ്ക്ക് വടി കൈയില്‍ കരുതണമെന്ന് തിരുപ്പതി ദേവസ്വം. ക്ഷേത്ര പരിസരങ്ങളില്‍ വടിക്കച്ചവടവും ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ 6 വയസുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സുരക്ഷാ നിര്‍ദേശം.
ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒന്‍പത് പേര് അറസ്റ്റിലായി. റാഗിംഗ് നടത്തിയതിനാണ് അറസ്റ്റ്.
ഭാര്യയെ വെടിവച്ചു കൊന്നതിനു കാലിഫോര്‍ണിയയിലെ ജഡ്ജിയെ അറസ്റ്റ് ചെയ്തു. ഓറഞ്ച് കൗണ്ടി സുപീരിയര്‍ കോടതിയിലെ ജഡ്ജിയായ 72 കാരന് ജെഫ്രി ഫെര്‍ഗ്യൂസനാണ് 65 കാരിയായ ഭാര്യ ഷെറിലിനെ കൊലപ്പെടുത്തി പിടിയിലായത്. കൊലപാതകത്തിനു ശേഷം ഇയാള്‍തന്നെ ആംബുലന്‍സ് വിളിക്കുകയും നാളെ താന്‍ കോടതിയിലെത്തില്ലെന്ന് കാണിച്ച് സഹപ്രവര്ത്തകന് സന്ദേശം അയക്കുകയും ചെയ്തു.