mid day hd 10

 

മണിപ്പൂര്‍ കലാപത്തില്‍ അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണമെന്നു സുപ്രീം കോടതി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജുഡീഷ്യല്‍ സമിതിയോട് സുപ്രീം കോടതി. എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നു മുന്‍ ഡിജിപി ദത്താത്രയ് പദ്സാല്‍ഗിക്കറിനും നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനും ആവശ്യമായ സഹായം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നില്‍. 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിനു മൂന്നു സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ പുതുതായി മൂന്നെണ്ണം പിടിച്ചെടുത്തു. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോള്‍ രണ്ടു സീറ്റുകള്‍ പിടിച്ചെടുത്തു. സിപിഎമ്മില്‍ നിന്നാണ് ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തത്. ഒന്‍പത് ജില്ലകളിലായി രണ്ടു ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

ഉമ്മന്‍ചാണ്ടിക്കു ചികില്‍സ നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തുണ്ടാണെന്നു ചര്‍ച്ചയാക്കാനൊരുങ്ങി സിപിഎം. അങ്ങനെയൊരു സാഹചര്യം ഒരുക്കിയതിനു വി.ഡി.സതീശനും പങ്കുണ്ടെന്നും സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാര്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയ്ക്കു സര്‍ക്കാരിന്റെ ഒരു പൈസപോലും വാങ്ങിയിട്ടില്ലെന്നും ചികില്‍സയ്ക്കു സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി ചികിത്സ നടത്തിയിട്ടുണ്ട്. അമേരിക്കയിലും കൊണ്ടുപോയി ചികില്‍സിച്ചിട്ടുണ്ട്. സിപിഎം മൂന്നാംനിരക്കാരെക്കൊണ്ട് തരംതാണപ്രചരണം നടത്തുകയാണെന്നും സതീശന്‍.

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. ഉച്ചയ്ക്കു ശേഷം കല്‍പ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി.
സുപ്രീംകോടതിയില്‍ നേടിയ വിജയത്തിനു ശേഷം രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായാണ് വരവ്.

ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപാര കൊണ്ടു തലയ്ക്കടിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയില്‍ സുലി (46) യെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ (50) അറസ്റ്റു ചെയ്തു. അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിയോടെയാണ് ഉണ്ണികൃഷ്ണന്‍ വിയ്യൂര്‍ സ്റ്റേഷനിലെത്തിയത്. പ്രവാസിയായിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുന്പാണ് നാട്ടിലെത്തിയത്. സംശയരോഗമാണ് കൊലയ്ക്ക് കാരണം.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 15 നു രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. പരേഡിനുശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മിച്ച ദേശീയ പതാകകളുടെ നിര്‍മാണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്.

തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതി മരിച്ചത് ചികില്‍സാ പിഴവുമൂലമാണെന്ന് പരാതി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

എറണാകുളം പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരാണ് വീടിനു പുറത്തു തൂങ്ങിമരിച്ചത്. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിനു കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛകിന് പാറ്റ്‌ന ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റം. സുപ്രീംകോടതി കൊളീജിയമാണു ശുപാര്‍ശ ചെയ്തത്. മെച്ചപ്പെട്ട നീതി നടപ്പാക്കാനെന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്.

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച ഉത്തരവു പിന്‍വലിക്കണമെന്ന് മുഹമ്മദ് ഫൈസല്‍ എംപി. ടൂറിസത്തിന്റെ പേരില്‍ ദ്വീപില്‍ മദ്യം ഒഴുക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തു നല്‍കിയെന്നും ഫൈസല്‍ പറഞ്ഞു.

ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ. തീയേറ്റര്‍ നടത്തിപ്പിനിടെ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ചെന്നൈ എഗ്‌മോര്‍ കോടതി ശിക്ഷിച്ചത്.

അമ്പതു വയസുകാരിക്കു ഫ്‌ളയിംഗ് കിസ് നല്‍കേണ്ട ഗതികേടു രാഹുല്‍ ഗാന്ധി എംപിക്ക് ഇല്ലെന്ന് ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്. സ്ത്രീവിരുദ്ധ പ്രസ്താവന എന്ന് ആരോപിച്ച് നീതുവിന്റെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി രംഗത്തിറങ്ങിയിട്ടുണ്ട്.

റഷ്യയുടെ ലൂണ 25 റോക്കറ്റ് ഇന്നു ചന്ദ്രനിലേക്കു വിക്ഷേപിക്കും. ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുമെന്ന് കണക്കാക്കുന്ന ഓഗസ്റ്റ് 23 നു തന്നെയാണ് ലൂണ 25 ചന്ദ്രനില്‍ ലാന്‍ഡു ചെയ്യുക. റഷ്യ ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട് ആകുമ്പോഴാണ് വീണ്ടും ചാന്ദ്ര പര്യവേഷണം നടത്തുന്നത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *