mid day hd

 

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസീന്‍ ഉള്‍പ്പെടെ ഏഴു പേര്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവച്ചു. ജില്ല നേതൃത്യത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഇന്നു ചേരുന്ന ജില്ല എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവില്‍നിന്ന് തരം താഴ്ത്തിയിരുന്നു.

വീണ്ടും കസ്റ്റഡി മരണം. മലപ്പുറം താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. ലഹരിക്കടത്തിന് പിടിയിലായ തിരുരങ്ങാടി സ്വദേശി സാമി ജിഫ്രിയാണ് മരിച്ചത്. ദേവദര്‍ പാലത്തിനു സമീപം അഞ്ചു പേരെയാണു പിടികൂടിയത്. ഇവരില്‍നിന്നു 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ മരിച്ച നിലയിലാണ് ഇയാളെ പോലീസ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീന്‍വാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി. 10 ഹെക്ടര്‍ വിസ്തൃതിയുള്ള കേന്ദ്രത്തില്‍ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. സ്‌ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചെന്നും കണ്ടെത്തിയിരുന്നു.

പുതിയ ജിഎസ്ടി നിയമമനുസരിച്ച് അഞ്ചു കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ ജി.എസ്.ടി ഇ-ഇന്‍വോയ്സ് സമര്‍പ്പിക്കണം. ഇതുവരെ 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവര്‍ മാത്രം ഇ-ഇന്‍വോയ്സ് സമര്‍പ്പിച്ചാല്‍ മതിയായിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന് ആരോപിതനായിരിക്കേ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവയ്ക്കണമെന്നു സംവിധായകന്‍ വിനയന്‍. രഞ്ജിത്ത് രാജിവയ്ക്കുകയോ സര്‍ക്കാര്‍ നീക്കംചെയ്യുകയോ ചെയ്യുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വിനയന്‍ പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് കേരളം കണ്ട മികച്ച കലാകാരനാണെന്നും രഞ്ജിത്തിനെതിരേ നടപടിയില്ലെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ആരോപണം ഉന്നയിച്ചവര്‍ക്കു നിയമപരമായി പോകാമെന്നും മന്ത്രി.

എണ്‍പതു വയസുവരെയേ പാര്‍ട്ടി പദവി ആകാവൂവെന്ന പാര്‍ട്ടി ചട്ടം നിലവിലുള്ളതിനാലാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി വയ്ക്കുന്നതെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ടി.കെ. ഹംസ. ഇപ്പോള്‍ 85 വയസായി. മന്ത്രി അബ്ദുറഹ്‌മാനുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും ഹംസ പറഞ്ഞു.

വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 99.75 രൂപ കുറച്ചു. കഴിഞ്ഞ മാസം വില വര്‍ദ്ധിപ്പിച്ചിരുന്നു. 1

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനസമൂഹവുമായി മാറ്റാനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ ഗണപതി പരാമര്‍ശത്തിനെതിരേ എന്‍എസ്എസ് നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടത്തും. വിശ്വാസത്തെ അവഹേളിക്കുന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

ഏതു പാഠപുസ്തകത്തിലാണ് ശാസ്ത്രത്തിനു പകരം മിത്തുകള്‍ പ്രചരിപ്പിക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഹിന്ദു വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളെന്ന സിപിഎം നിലപാട് അംഗീകരിക്കാനാവില്ലെന്നും മുരളീധരന്‍.

വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായി. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഗര്‍ഭം അലസിപ്പിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലത്തുകയും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുകയുംചെയ്‌തെന്നാണു കേസ്.

ആലുവയില്‍ അഞ്ചു വയസുകാരി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതി. 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലായിരുന്നു. 2018 ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ ഒരു മാസം ജയിലിലായിരുന്നു.

കാസര്‍കോഡ് ബങ്കളത്ത് കുട്ടി വെള്ളത്തില്‍ മുങ്ങിമരിച്ചു. എരിക്കുളം സ്വദേശിയും ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ – ദീപ ദമ്പതികളുടെ മകനുമായ ആല്‍ബിന്‍ (16) ആണ് മരിച്ചത്. കുട്ടി വെള്ളക്കെട്ടില്‍ വീണതറിഞ്ഞ് അയല്‍വാസി കുഴഞ്ഞുവീണു മരിച്ചു. ബങ്കളം സ്വദേശിനി വിലാസിനി (62)യാണ് മരിച്ചത്.

കോന്നിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ബെംഗളൂരുവിലെ നഴ്‌സിംഗ് കോളജില്‍ പഠിച്ചിരുന്ന എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഫീസടയ്ക്കാന്‍ പണമില്ലാതെ വിഷമത്തിലായിരുന്നെന്നു വീട്ടുകാര്‍ പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബു ഭീഷണി മുഴക്കിയ യുവതി അറസ്റ്റിലായി. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈക്കു പോകാനെത്തിയ തൃശൂര്‍ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജില്‍ ബോംബുണ്ടെന്നു പറഞ്ഞത്. പരിശോധനയെ പരിഹസിച്ചു തമാശയ്ക്കു പറഞ്ഞതാണെങ്കിലും വിഷയം ഗൗരവമായി. വിമാനം പുറപ്പെടാന്‍ വൈകി.

പാലക്കാട് ചാലിശേരിയില്‍ ജ്വല്ലറി ഉടമ പോക്‌സോ കേസില്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. അയല്‍വാസിയുടെ വീട്ടില്‍ പുലര്‍ച്ചെ മൂന്നിന് അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഇടയില്‍ കയറിക്കിടന്നു. കുട്ടികള്‍ ബഹളം വച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. കുട്ടികളുടെ രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

എറണാകുളത്ത് ബൈക്ക് അപകടത്തില്‍ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചു. ചേര്‍ത്തല വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ ഓമനക്കുട്ടന്റെയും അജിതയുടെയും മകന്‍ ജിതിന്‍ (27) ആണ് മരിച്ചത്.

ഹരിയാനയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ക്ഷേത്രത്തില്‍ അഭയം തേടിയ മൂവായിരെ പേരെ സൈന്യം എത്തി രക്ഷിച്ചു. അതേസമയം, പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.

ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. അഞ്ചാം തീയതിയോടെ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലാകും. ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അര്‍ദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്കു തിരിച്ചു വിട്ടത്.

മഹാരാഷ്ട്രയിലെ താനെയില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം വീണ് 14 നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു. ഷാപ്പൂരില്‍ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് അപകടം.

തമിഴ്‌നാട്ടില്‍ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊന്നു. രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്.

പ്രണയവിവാഹങ്ങള്‍ക്ക് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. പാട്ടിദാര്‍ സമുദായ സംഘടനയായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

പത്തു വര്‍ഷം മുന്‍പ് മരിച്ച വനിതയ്ക്ക് ഏഴര കോടി രൂപയുടെ നികുതി നോട്ടീസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മരിച്ച ഉഷാ സോണിയുടെ പാന്‍ അക്കൌണ്ട് വിവരങ്ങള്‍ ഒരു ആക്രി വില്‍പന കമ്പനി 2017-18 വര്‍ഷങ്ങളില്‍ ദുരുപയോഗിച്ചതിലൂടെയാണു ബാധ്യത ഉണ്ടായതെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ദേശീയ ഗുസ്തി ഫെഡറേഷന്‍ പിടിച്ചെടുക്കാന്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിലെ പ്രതിയാണെങ്കിലും ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നവര്‍ 23 പത്രികകള്‍ നല്‍കി. 25 ല്‍ 20 സംസ്ഥാനങ്ങളും ബ്രിജ് ഭൂഷണൊപ്പമാണെന്ന് അനുയായികള്‍ പറയുന്നു. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഏഴിന് പ്രസിദ്ധീകരിക്കും. 12 നാണ് ദേശീയ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *