ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍. പഞ്ചാബിലെ മോഗ ജില്ലയിലെ റോഡെ ഗുരുദ്വാര വളഞ്ഞ പോലീസിനു മുന്നില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. അമൃത്പാലിനെയും കൂട്ടാളികളെയും ആസാമിലെ ദിബ്രുഗഡിലെ ജയിലിലേക്കു മാറ്റും. അമൃത്പാലിന്റെ ഭാര്യയെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്തതിനു പിറകേയാണ് ഇയാള്‍ കീഴടങ്ങിയത്. സമാധാനം പാലിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ പൊലീസ് വലയില്‍നിന്ന് രക്ഷപ്പെട്ട അമൃത്പാലിനായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ ഒരു മാസമായി തെരച്ചില്‍ നടത്തിയിരുന്നു.
വന്ദേഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് ചെയര്‍മാറില്‍ യാത്ര ചെയ്യാന്‍ 1590 രൂപ. എക്‌സിക്യൂട്ടീവ് കോച്ചില്‍ 2,880 രൂപ. വിവിധ സ്റ്റേഷനുകളില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക്. ബ്രാക്കറ്റില്‍ എക്‌സിക്യൂട്ടീവ് കോച്ച് നിരക്ക്. കൊല്ലം – 435 (820), കോട്ടയം- 555 (1075), എറണാകുളം- 765 (1420), തൃശൂര്‍ – 880 (1650), ഷൊര്‍ണൂര്‍ – 950 (1775), കോഴിക്കോട് -1090 (2060), കണ്ണൂര്‍ – 1260 (2415). ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും പിഴ ഒരു മാസം കഴിഞ്ഞേ ചുമത്തൂവെന്നു പ്രഖ്യാപിച്ചതോടെ നിയമലംഘനങ്ങള്‍ കൂടി. ഈ മാസം 20 നായിരുന്നു ക്യാമറകള്‍ ഉദ്ഘാടനം ചെയ്തത്. തലേന്ന് 3,97,488 നിയമ ലംഘനങ്ങള്‍ കാമറകള്‍ ഒപ്പിയെടുത്തു. 20 നു നിയമലംഘനം 2,68,380 ആയി കുറഞ്ഞു. ഒരുമാസത്തേക്ക് പിഴയില്ലെന്നു പ്രഖ്യാപിച്ചതോടെ പിറ്റേന്ന് 2,90,823 നിയമ ലംഘനങ്ങളാണു റിപ്പോര്‍ട്ടു ചെയ്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിത്തുടങ്ങിയാല്‍ ദിവസം ശരാശരി 25 കോടി രൂപ സര്‍ക്കാരിനു ലഭിക്കും.
ഇന്നും നാളെയും ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയും നാളത്തെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം – ഗുരുവായൂര്‍ സ്‌പെഷലും, ഷൊര്‍ണൂര്‍ കണ്ണൂര്‍ മെമുവും റദ്ദാക്കി. ഇന്നത്തെ കണ്ണൂര്‍ – എറണാകുളം എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവ തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിലിന്റെ മടക്കയാത്ര തൃശൂരില്‍ നിന്നായിരിക്കും. ഇന്നും നാളെയും മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നിവ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ – കൊച്ചുവേളി ട്രെയിന്‍ നേമം വരെ മാത്രമേ സര്‍വീസ് നടത്തൂ.
വേണാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നിവയുടെ സമയം മാറ്റി. ഈ മാസം 28 മുതല്‍ രാവിലെ 5.25 നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്‌സ്പ്രസ് പുറപ്പെടുക. കായംകുളം വരെയാണ് സമയമാറ്റം. കൊല്ലം മുതല്‍ എറണാകുളം ടൗണ്‍ വരെയാണ് പാലരുവി എക്‌സ്പ്രസിന്റെ സമയമാറ്റം. പാലരുവി എക്‌സ്പ്രസ് 4.35 നു പകരം അഞ്ചിനാണ് കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52 ന് പകരം 8.50 ന് എത്തും. തിരിച്ചുളള സമയത്തില്‍ മാറ്റമില്ല.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് എട്ടു ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ക്ഷണിച്ചു. ബിജെപിയാണ് കൂടിക്കാഴ്ച ഒരുക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക, യാക്കോബായ സഭയിലെ ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ക്‌നാനായ കത്തോലിക്ക സഭ ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുര്യാക്കോസ്, സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ്, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍, കുര്യാക്കോസ് മാര്‍ സേവേറിയൂസ് എന്നിവര്‍ക്കാണു ക്ഷണം.
പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി വര്‍ധിപ്പിച്ചു. നേരത്തെ ഒന്നേകാല്‍ കിലോമീറ്ററാണ് നിശ്ചയിച്ചിരുന്നത്. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയാകും റോഡ് ഷോ. നേരത്തെ തേവര ജംങ്ഷന്‍ മുതലാണ് നിശ്ചയിച്ചിരുന്നത്. റോഡ് ഷോ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതിനാലാണ് 1.8 കിലോമീറ്ററാക്കിയത്.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് രാജിവച്ചത്. വിവാഹിതര്‍ ഭാരവാഹിയാകേണ്ടന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ചുനിന്നതോടെയാണ് രാജിവച്ചത്.
കരിപ്പൂര്‍ വഴി കള്ളക്കടത്തിന് ഒത്താശ ചെയ്ത രണ്ടു സൂപ്രണ്ടുമാര്‍ അടക്കം ഒമ്പത് ഉദ്യോഗസ്ഥരെ കസ്റ്റംസില്‍നിന്നു കൂട്ടത്തോടെ പിരിച്ചുവിട്ടു. സൂപ്രണ്ടുമാരായ എസ്. ആശ, ഗണപതി പോറ്റി എന്നിവരേയും ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുദീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍ എന്നിവരേയും അശോകന്‍, ഫ്രാന്‍സിസ് എന്നീ എച്ച്എച്ചുമാരേയുമാണു പിരിച്ചുവിട്ടത്.
എഐ ക്യാമറ സ്ഥാപിച്ചതിന്റെ ഇടപാടുകളില്‍ ദുരൂഹതയും അഴിമതിയും ഉണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ രേഖകള്‍ തന്നില്ല. എന്നാലിപ്പോള്‍ രേകകലെല്ലാം തന്റെ കൈയ്യിലുണ്ട്. നാലു ദിവസത്തിനകം സര്‍ക്കാര്‍ സത്യം വെളിപെടുത്തിയില്ലെങ്കില്‍ രേഖകള്‍ പുറത്ത് വിടും. ചെന്നിത്തല മുന്നറിയിപ്പു നല്‍കി.
രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിഞ്ഞതിനു പിറകേ വികാര നിര്‍ഭരമായ കുറിപ്പുമായി ടി.എന്‍ പ്രതാപന്‍ എംപി. അലഹബാദിലെ ആനന്ദ ഭവനും, സ്വരാജ്യ ഭവനും മോത്തിലാല്‍ നെഹ്റു പണികഴിപ്പിച്ചതാണ്. നെഹ്റു കുടുംബത്തിന്റെ തറവാട് എന്നുപറയാം. രു കുടുംപക്ഷെ, ഇന്നത് സര്‍ക്കാര്‍ സ്വത്താണ്. കുടുംബവീട് അവര്‍ രാജ്യത്തിനു നല്‍കി. രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച ഒബത്തിന്റെ പുതുതലമുറ ഈ രാജ്യത്തിനു വേണ്ടി തെരുവില്‍തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണെന്നും പ്രതാപന്‍ കുറിച്ചു.
തിരുവനന്തരപുരം കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന ശേഷം പ്രതികളായ റീല്‍സ് താരം മീശ വിനിതും സംഘവും രക്ഷപ്പെടാനുപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തി. കവര്‍ച്ച നടത്തിയ ശേഷം തൃശൂരിലേക്കു രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറാണ് പൊലീസ് കണ്ടെടുത്തത്.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു യുവതികള്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍. എറണാകുളം കാലടി സ്വദേശി അജിന്‍സാം, അഖിലേഷ് സാബു, ജിതിന്‍ വര്‍ഗീസ്, പൂര്‍ണിമ ദിനേഷ്, ശ്രുതി സിദ്ധാര്‍ഥ് എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരശാല നോക്കി നടത്തിപ്പുകാരന്‍ വ്യാജരേഖ ചമച്ച് ഷോപ്പ് സ്വന്തമാക്കിയെന്ന പരാതിയില്‍ വ്യാപാരി പിടിയിലായി. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ വ്യാപാരിയായ കല്ലായി ഫിദ മന്‍സില്‍ ഹൗസില്‍ പി. പി. ഷബീര്‍ ആണ് പിടിയിലായത്.
കല്‍പ്പറ്റ പനമരത്തിനടുത്ത് കൂളിവയലില്‍ മാര്‍ബിള്‍ ഷോറൂമിലെ ലോക്കര്‍ തകര്‍ത്ത് രണ്ടേകാല്‍ ലക്ഷം രൂപ കൈക്കലാക്കി മുങ്ങിയ സ്ഥാപനത്തിലെ ജീവനക്കാരും രാജസ്ഥാന്‍ സ്വദേശികളുമായ അഞ്ചംഗസംഘത്തെ പൊലീസ് പിടികൂടി. കൂളിവയലിലെ കാട്ടുമാടം മാര്‍ബിള്‍സില്‍നിന്നാണു പണം അപഹരിച്ചത്.
അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്നു വിധിച്ച കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ‘മോദി’ പരാമര്‍ശം പരാതിക്കാരനെതിരായ വ്യക്തിപരമായ പരാമര്‍ശമല്ലെന്നും വിമര്‍ശിച്ചതു പ്രധാനമന്ത്രിയെ മാത്രാണെന്നും ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയെ സമീപിക്കുക.
സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കാന്‍ നടപടികളുമായി ഇന്ത്യന്‍ സൈന്യം. യുകെ, യുഎസ്, ഫ്രാന്‍സ്, ചൈന എന്നിവിടങ്ങളിലെ നയതന്ത്രജ്ഞരെയും പൗരന്മാരെയും സുരക്ഷിതമായി വ്യോമമാര്‍ഗം ഒഴിപ്പിക്കും. സൈനിക വിമാനത്തിലൂടെയാണ് ഒഴിപ്പിക്കുന്നത്.