Screenshot 20260718 134017 1

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ലെന്നും രാജിവെക്കും വരെ സമരം തുടരുമെന്നും സിജെപി. സോനം വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും വിദ്യാർത്ഥി പ്രക്ഷോഭം അവസാനിക്കുന്നില്ലെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി.

‎ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് പാർലമെൻ്ററികാര്യമന്ത്രി കിരൺ റിജിജു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ധർമേന്ദ്ര പ്രധൻ്റെ രാജിക്കായി ഒറ്റക്കെട്ടായാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.

‎ദില്ലിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് 200 പേർ കരുതൽ കസ്റ്റഡിയിൽ. സമരത്തിന് കുരുമുളക് സ്പ്രേയുമായി അടക്കം എത്തിയവരാണ് കസ്റ്റഡിയിലായത്. ഇതിൽ ഗുണ്ടാ സംഘങ്ങളും ഉൾപ്പെടുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുപി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു.

‎പി എസ് സിയിൽ വീണ്ടും ക്രമക്കേട് പരാതി. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഹൈക്കോടതിയിലെ കേസ് മറച്ചു വെച്ചാണ് വിജ്ഞാപനം എന്നും ആരോപണമുണ്ട്.

‎പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നു. ചോദ്യപ്പേപ്പര്‍ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് എടുത്തത്. മൂല്യനിര്‍ണയത്തിലെ വീഴ്ചകളിലേക്കും അന്വേഷണം തുടങ്ങി.

‎കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ദില്ലിയിൽ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടെയും സിജെപിയുടെയും നാടകത്തിനൊപ്പം കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

‎രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ നിയമനടപടിക്കെന്ന് സൂചന. സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് മുന്നോട്ടുപോകാൻ നീക്കം. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. ഡിജിപി സ്ഥാനക്കയറ്റത്തെ അടക്കം ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

‎മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത കേസിൽ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. കേസ് റദ്ദ് ചെയ്യണമെന്ന അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

‎നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ചോദ്യപേപ്പർ ചോർച്ചയിൽ കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്കാണെന്നും, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

‎എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച സംഭവത്തില്‍ റാപ്പർ വേടന്റെ മാനേജര്‍ അടക്കം 99 പേരെ പ്രതിചേർത്ത് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

‎ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായി. എന്നാൽ ഉദ്യോഗസ്ഥനെതിരെ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്.

‎സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ എന്നും ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞോയെന്നും കോടതി ചോദിച്ചു.

‎യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സിന്റെ തീരുമാനം. ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്നലെ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം.

‎പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും കുടുംബം പറഞ്ഞു.

‎മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം. നിയോജകമണ്ഡലം കമ്മിറ്റിയുടെ വിമർശനത്തെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് അനീഷ് കക്കാട്ട് രംഗത്ത് വന്നു. ചിലരുടെ വിമർശനത്തിന് പ്രത്യേക താല്പര്യമുണ്ടെന്നാണ് പ്രതികരണം.

‎പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യ മന്ത്രി കെ മുരളീധരൻ. വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിലാണ് മന്ത്രി പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്. തുലാഭാരം നടത്തി ക്ഷേത്ര ദർശനം പൂർത്തിയാക്കിയാണ് മന്ത്രി മടങ്ങിയത്.

‎ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായിയുടെ പരാതിയിൽ വീരപത്മനാഭ ഗൗതം എന്ന ആളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.

‎തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളില്‍ ചിക്കന്‍ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകള്‍ ചേര്‍ത്ത് പാചകം ചെയ്ത് വില്‍പ്പന നടത്തുന്നതായി നഗരസഭാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.

‎സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും, സാമൂഹികപ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു.

‎പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി. ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണമെന്നും, വിദ്യാർത്ഥികളെ തല്ലിച്ചതച്ചവർക്കെതിരെ നടപടി വേണമെന്നും രാഹുൽ എക്സിൽ കുറിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉയർത്തി പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‎ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു സർവ്വകലാശാല. ദില്ലിയിലും ജന്തർ മന്തിറിലും ഉള്ള പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടു നിൽക്കണമെന്നും സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും സർവ്വകലാശാല നിർദേശം നൽകി.

‎ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നന്ദി പറഞ്ഞു. രാജ്യത്തിന്‍റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

‎കനത്തമഴയിൽ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമിൽ മരണസംഖ്യ 47 ആയി. ഗുജറാത്തിൽ വെളളപ്പൊ‌ക്കത്തിൽപ്പെട്ട 22000 പേരെ മാറ്റിപാർപ്പിച്ചു. ഗുജറാത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു

‎ഇ20 ഇന്ധനത്തിലേക്ക് മാറുന്നതിന് മുമ്പ് വിപുലമായ ശാസ്ത്രീയ പഠനങ്ങളും സാങ്കേതിക പരിശോധനകളും നടത്തിയിരുന്നുവെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വിശദീകരണം നൽകി. ഏകദേശം 23 കോടി വാഹനങ്ങളിൽ നടത്തിയ വിലയിരുത്തലിൽ ഇ20 മൂലമുള്ള എഞ്ചിൻ തകരാറോ അസാധാരണമായ കേടുപാടുകളോ കണ്ടെത്തിയിട്ടില്ലെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പറയുന്നു.

‎ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവകള്‍ പ്രഖ്യാപിച്ച് അമേരിക്ക. ‘നിര്‍ബന്ധിത തൊഴില്‍’ വഴി ചൂഷണം ചെയ്ത് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കെതിരെ എന്ന പേരിലാണ് പുതിയ തീരുവ. ഇന്ത്യയെ 10 ശതമാനം നികുതി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *