വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ. കള്ളാടിയില് മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്ഥലത്ത് നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയമുണ്ട്. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ആരംഭിച്ചു.
പി എസ് സി നടത്തിയ പരീക്ഷകൾക്കും നിയമനങ്ങൾക്കും എതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശദമായി പരിശോധിക്കാനാണ് യുഡിഎഫ് സർക്കാർ നീക്കം. പ്രത്യേകഅന്വേഷണസംഘം രൂപീകരിക്കുന്നതിനെ കുറിച്ചാണ് ആലോചന. ഭരണഘടനാ സ്ഥാപനമായതിനാൽ അഴിമതി നിരോധനനിയമപ്രകാരം പി എസ് സിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിയമവകുപ്പ് വ്യക്തമാക്കുന്നത്.
പിഎസ്സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്സി അംഗങ്ങൾക്ക് നൽകുന്നത്.പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നില്ല. ഹാജർ രേഖപ്പെടുത്തുന്നുവെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. വെളളിയാഴ്ച വരെ ഈ രീതി തുടരും. തൊഴിൽവകുപ്പ് ആണ് ഹാജർ രേഖപ്പെടുത്തിയത്. ഓഫീസ് തുറന്നില്ലെങ്കിലും ഹാജർ രേഖപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.
അഭിഭാഷക നിയമനത്തിൽ എതിർപ്പുമായി ലോയേഴ്സ് കോൺഗ്രസ്. ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിൽ ഇനിയും അനർഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കിൽ പട്ടിക പുറത്തുവിടുമെന്നും അംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും സംഘടന ആരോപിക്കുന്നു. ഹൈക്കോടതിയിൽ നിന്ന് ഇന്നലെ ഒരു സീനിയർ അഭിഭാഷകൻ കൂടി രാജിവെച്ചിരുന്നു.
പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂക്ഷമായി. എന്നാൽ അധികാരം പിടിക്കാൻ ശ്രമിക്കില്ലെന്നും കോൺഗ്രസ് തർക്കങ്ങൾ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും സിപിഎം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനുള്ള അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.
വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പിൽ പ്രതിയായ സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി. സിന്ധു നേരത്തെ മൂന്നു കേസുകളിൽ പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. സിന്ധുവിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
ജവാൻ റം ഉല്പ്പാദനം നിർത്തി വെച്ചത് വിവാദമായ സാഹചര്യത്തിൽ വിപുലമായ അന്വേഷണത്തിന് തീരുമാനം. നികുതി, എക്സൈസ് വകുപ്പുകളിലെ നാല് ഉദ്യോഗസ്ഥര് അടങ്ങിയ സമിതി അന്വേഷിക്കും. നികുതി സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിനെ തുടര്ന്നാണ് തീരുമാനം.
വി ഡി സതീശൻ സർക്കാർ യൂ ടേൺ സർക്കാരെന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് പി ജെ കുര്യൻ. ഊരാളുങ്കലിന് അന്വേഷണം പോലും നടത്താതെ ക്ലീൻചിറ്റ് കൊടുത്തത് തെറ്റ്. പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ആരോപണം ഉന്നയിച്ചതാണ്. പി എസ് സി ക്രമക്കേട് വിവാദത്തിൽ എസ്ഐടിയെ സർക്കാർ നിയോഗിക്കണം. അഴിമതിക്കാരെ ജയിലിൽ അടയ്ക്കണം. അല്ലെങ്കിൽ ഈ സർക്കാരിനെതിരെ ജനം തിരിയുമെന്നും പി ജെ കുര്യൻ പറഞ്ഞു.
കേരളത്തിന്റെ കുറ്റകൃത്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹത നീക്കാൻ കേരള പൊലീസ്, പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന് എന്ത് സംഭവിച്ചെന്ന് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. രഹസ്യ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് നീക്കം.
ആലപ്പുഴ രക്ഷാ പ്രവർത്തന അട്ടിമറിയിൽ നിർണായക വിവരം പുറത്ത്. യുഡിഎഫ് ഭരണത്തിലും എംആർ അജിത് കുമാറിന് സംരക്ഷണം. കേസ് ഡയറി തിരുത്തിയത് എംആർ അജിത് കുമാറിൻ്റെ നിർദ്ദേശ പ്രകാരമെന്ന് എസ്ഐടി റിപ്പോർട്ട്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതിയിലെത്തുക. ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. അതേ സമയം ജാമ്യത്തെ എതിർക്കുകയാണ് പ്രോസിക്യൂഷൻ.
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ. പാർലമെന്റ് സമ്മേളനം തുടങ്ങും മുൻപ് വില കുറച്ചേക്കും. 20ന് മുൻപേ വില കുറയ്ക്കാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തില് നഴ്സിൻ്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. കൊൽക്കത്തയിൽ വെച്ച് സുകുമാര കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ച രത്നമ്മ എന്ന നഴ്സിൻ്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുകുമാര കുറുപ്പ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് കുറുപ്പിൻ്റെ അന്വേഷണം.
വിദ്യാർത്ഥികളുടെ കണ്സഷൻ നിരക്ക് കൂട്ടുന്നത് ശരിയല്ലെന്ന് മന്ത്രി സി പി ജോണ്. സർക്കാർ ഇക്കാര്യം പരിശോധിക്കും. വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
തൃശ്ശൂരിൽ ഇൻഷുറൻസുണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. വടക്കാഞ്ചേരി പൊലീസിൻ്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് പിഴയിട്ടത്. ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് തടഞ്ഞത് ഇൻഷുറൻസ് ഉള്ള വാഹനമാണെന്ന് പൊലീസ് പറയുന്നു.
മലപ്പുറത്ത് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു. നിലമ്പൂർ വടപുറം സ്വദേശി ദീപക് ആണ് വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ മാനസിക വിഷമത്തിൽ ആണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി ഐടിഐ വിദ്യാർത്ഥിയായിരുന്നു.
തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായ തൂവാല കണ്ടെത്തി. രക്തംപുരണ്ട തൂവാല കേസിലെ നിർണായക തെളിവായിരുന്നു. എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാല വിചാരണയ്ക്ക് മുൻപ് ഇത് കാണാതായത് വിവാദമായിരുന്നു.
കുട്ടമ്പുഴയിൽ കാട്ടാന വീട്ടിലെ കിണറ്റിൽ വീണു. പുലർച്ചെ അഞ്ചരമണിയോടെയാണ് കാട്ടാന കിണറ്റിനുള്ളിൽ വീണത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. ജെസിബി കൊണ്ട് മണ്ണ് മാറ്റി ആനയെ കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
തമിഴ്നാട് വ്യവസായ മന്ത്രി കീർത്തന സമ്പത്ത് സർക്കാർ സ്കൂൾ വിദ്യാർഥിനിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ ചോദ്യം ചെയ്തത് രാഷ്ട്രീയ വിവാദമായി. മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസം തകർന്നുവെന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആരോപിച്ചപ്പോൾ, രാഷ്ട്രീയ നേട്ടത്തിനായി കുട്ടിയെ അപമാനിച്ചുവെന്ന് ഡിഎംകെ തിരിച്ചടിച്ചു
15 ദിവസത്തെ അവധിക്കായി സ്കൂൾ അടച്ചു. ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ സ്കൂൾ അടച്ച് പൂട്ടി സ്ഥലം വിട്ട് ജീവനക്കാർ. മണിക്കൂറുകളോളം അടച്ചിട്ട മുറിയിൽ കുരുങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് രക്ഷയായത് കാൽനട യാത്രക്കാരൻ. സ്കൂളിലെ മുഴുവൻ ജിവനക്കാരെയും സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലെ സർക്കാർ സ്കൂളിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവമുണ്ടായത്.
കേന്ദ്രസർക്കാർ എഥനോൾ കലർത്തിയ പെട്രോൾ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. 2027-ഓടെ ഇ21 പെട്രോളും 2029-ഓടെ ഇ25 പെട്രോളും രാജ്യത്ത് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു.
അതിര്ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ ഇസ്ലാമാബാദ് അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) നിര്ത്തിവച്ചിരിക്കുമെന്ന് ഇന്ത്യ ആവര്ത്തിച്ചതിന് പിന്നാലെ ഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പീപ്പിൾസ് പാർട്ടി അധ്യക്ഷനുമായ ബിലാവൽ ഭൂട്ടോ സർദാരി. വെള്ളത്തെ ഒരു ആയുധമാക്കാൻ ഇന്ത്യ ശ്രമിച്ചാൽ എല്ലാ തലത്തിലും യുദ്ധം ചെയ്യാൻ പാകിസ്ഥാൻ സജ്ജമാണെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി.
ഉത്തർ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും മൺസൂൺ ശക്തമാവുന്നതിനിടെ കനത്ത മഴയിൽ ചോർന്നൊലിച്ച് ബനാറസ് റെയിൽവേ സ്റ്റേഷൻ. തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് ബനാറസ് റെയിൽവേ സ്റ്റേഷനിൽ ചോർച്ച അനുഭവപ്പെട്ടത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണം വിപുലമാക്കി പ്രത്യേക അന്വേഷണസംഘം(എസ്ഐടി). വിവിധ ചടങ്ങുകൾക്കായി രണ്ടുവർഷത്തിനിടെ രാമക്ഷേത്ര ട്രസ്റ്റ് 124 കോടിയിലേറെ രൂപ ചെലവഴിച്ചതടക്കമുള്ള കാര്യങ്ങളാണ് എസ്ഐടി വിശദമായി അന്വേഷിക്കുന്നത്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരേ ഡിഎംകെ നേതാവ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കരൂർ ദുരന്തത്തിൽ സാക്ഷികളെ സ്വാധീനിക്കുന്ന നടപടികളിൽനിന്നും പ്രസ്താവനകളിൽനിന്നും ഇരുവരെയും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎംകെ സെക്രട്ടറി ആർ എസ് ഭാരതി സുപ്രീംകോടതിയെ സമീപിച്ചത്.
കർണാടകയിലെ കലബുറഗിയിൽ ബസ് ഡ്രൈവറുടെ സാഹസിക യാത്ര. മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഡ്രൈവർ ബസ് ഓടിക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറെ കെകെആർടിസി സസ്പെൻഡ് ചെയ്തു. വർക്ക്ഷോപ്പ് മെക്കാനിക്കിനെയും സസ്പെൻഡ് ചെയ്തു.
ജമ്മു കശ്മീരിൽ വൻ ആയുധശേഖരം പിടികൂടി. കുപ്വാര ജില്ലയിലെ കെരാൻ സെക്ടറിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ എന്ന് സൈന്യം.
ഗാസയിലെ തങ്ങളുടെ താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ട ഹമാസ് നടപടിയെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗാസ മുനമ്പ് ഭരിച്ചുപോന്നിരുന്ന തങ്ങളുടെ ഭരണസമിതി (ഗവേണിംഗ് ബോഡി) പിരിച്ചുവിടാനുള്ള തീരുമാന കഴിഞ്ഞ ദിവസമാണ് ഹമാസ് വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരേ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്(യുകെഎംടിഒ) ആണ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടന്നെന്ന വിവരം പുറത്തുവിട്ടത്.
