Screenshot 20260423 140814

‎നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ സുപ്രീംകോടതി ഇടപെടൽ തേടി മെഡിക്കൽ സംഘടനയായ ഫെയ്മ (FAIMA) ഹർജി നൽകി. പരീക്ഷാ നടത്തിപ്പിൽ പരാജയപ്പെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) പകരം കൂടുതൽ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

‎

‎നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി ബി ഐ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ചോദ്യപേപ്പർ ചോർത്തിയ ശേഷം തയ്യാറാക്കിയ മാത്യക ചോദ്യപേപ്പർ കേരളത്തിലേക്കും എത്തിയെന്നാണ് കണ്ടെത്തൽ.

‎

‎നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ രാജ്യവ്യാപകമായി വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ സംഘടനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

‎

‎നീറ്റ് യുജി പരീക്ഷയുടെ യഥാര്‍ഥ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് സംശയം. നാസിക്കിലെ വിദ്യാര്‍ഥിക്ക് കിട്ടിയത് യഥാര്‍ഥ ചോദ്യ പേപ്പറെന്ന സംശയത്തിലാണ് സിബിഐ. പത്തുലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാനില്‍ അറസ്റ്റിലായ ശുഭം ഖൈര്‍നാര്‍ ചോദ്യ പേപ്പര്‍ വാങ്ങിയത്. കൊറിയര്‍ സര്‍വീസ് വഴിയാണ് ഇടപാടുകള്‍ നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

‎

‎കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ വയനാട്ടിലെ കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നോട്ടീസുകള്‍. കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ലെന്നാണ് ഇംഗ്ലീഷിലുള്ള നോട്ടീസിലുള്ളത്.

‎

‎മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‎

‎മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് കവി കല്പറ്റ നാരായണൻ. മുഖ്യമന്ത്രിയാകാൻ വി ഡി സതീശൻ യോഗ്യനാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും കൽപറ്റ നാരായണൻ പ്രതികരിച്ചു.

‎

‎മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്ന സാഹചര്യത്തിൽ പരിഹാസ പോസ്റ്റുമായി സിപിഎം നേതാവ് എംഎം മണി. ഇനി വന്ന് വന്ന് യുഡിഎഫിന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ? എന്ന് ചോദിച്ചാണ് എംഎം മണിയുടെ പോസ്റ്റ്.

‎

‎കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ വീണ്ടും പരിഹാസവുമായി ബിജെപി. ബൈനോക്കുലറിലൂടെ നോക്കിയിട്ടും മുഖ്യമന്ത്രിയെ കാണാൻ സാധിക്കുന്നില്ലെന്നും, അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് സൂചനയെന്നും ബിജെപി വക്താവ് ഷെഹ്സാദ് പരിഹസിച്ചു.

‎

‎വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ. പെരുമ്പാവൂരിലെ സ്വകാര്യ ചടങ്ങിന് എത്തിയപ്പോഴാണ് ബെന്നി ബെഹനാനോട് ഇക്കാര്യം ആവശ്യപ്പെട്ട് പ്രവർത്തകരെത്തിയത്.

‎

‎22 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച ദേശീയ ദുരന്തമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‎

‎നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകും. അതിനിടെ കേസ് നടത്തിപ്പിന് ധനസമാഹരണം തുടങ്ങിയിരിക്കുകയാണ്. അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റാണ് സംഭാവന ക്ഷണിച്ചത്.

‎

‎ആലുവയിലെ ശുദ്ധീകരണ പ്ലാന്‍റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. കൊച്ചി കോർപ്പറേഷനിലും ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല.

‎

‎കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്നാണ് വിശദീകരണം.

‎

‎വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരന് അനധികൃതമായി ടിക്കറ്റ് നിരക്കിൽ ഇളവ് വാഗ്ദാനം ചെയ്ത ടിടിഇയ്ക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.

‎

‎ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി പി ഡി ജിന്‍റോയുടെ ഉടമസ്ഥതയിലുള്ള ജിം നഗരസഭ ലേലം ചെയ്തു. ആലുവ നഗരസഭയുടെ ക്ലോക്ക് ടവറിൽ പ്രവർത്തിച്ചിരുന്ന ജിമ്മാണ് നഗരസഭ ലേലം ചെയ്തത്. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശ്ശിക വന്നതാണ് നടപടിക്ക് കാരണമായത്.

‎

‎എസ്എസ്എല്‍സി ഫലപ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ ഒരറിയിപ്പും ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

‎

‎എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള. ഒരു ദിവസത്തേക്ക് ബൈക്കിന് 30 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി വര്‍ധിപ്പിച്ചു. കാര്‍ പാര്‍ക്കിങ്ങിന് ഒരു ദിവസത്തേക്കുള്ള ഫീസ് 480 രൂപയാക്കി.

‎

‎സർക്കാരിൻ്റെ പുതിയ ബ്രാൻഡി മിന്നൽ മാജിക് ഈ മാസം അവസാനം വിപണിയിൽ എത്തും. അരലിറ്റർ കുപ്പിയാണ് ബെവ്കോ ഔട്ട്ലെറ്റിൽ എത്തിക്കുക. അരലിറ്റർ കുപ്പിയുടെ വില 400 രൂപയാണ്. 9000 കെയ്സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക.

‎

‎സംസ്ഥാനത്ത് നാളെ മുതല്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

‎

‎പൊലീസുകാരനെ വാഹനം ഇടിച്ച് അപായപ്പെടുത്തി രക്ഷപ്പെടാൻ ശ്രമം. കൊല്ലം ചാത്തന്നൂരിൽ ലഹരി വേട്ടക്കിടെയാണ് സംഭവം. കാപ്പ കേസ് പ്രതി സനൂജ് എന്നയാൾ പിടിയിലായിട്ടുണ്ട്.

‎

‎79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്‍: ദ ബോയ് എന്നീ സിനിമകളും ഇത്തവണ കാനില്‍ പ്രദര്‍ശിപ്പിക്കും.

‎

‎ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഉദയനിധിക്ക് സനാതനം എന്തെന്ന് അറിയില്ലെന്നും സനാതന ധര്‍മ്മം രാജ്യത്തിന്റെ ആത്മാവാണെന്നും ഹൊസബല്ലെ പറഞ്ഞു.

 

‎തമിഴ്‌നാട്ടില്‍ 717 സര്‍ക്കാര്‍ മദ്യശാലകള്‍ (ടാസ്മാക്) അടിയന്തരമായി പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിന് പിന്നാലെ ആശങ്കയിലായി ഷോപ്പുകളിലെ ജീവനക്കാര്‍. മദ്യശാലകള്‍ ഒരുമിച്ച് അടക്കുന്നതോടെ തുച്ഛ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാര്‍ കിലോമീറ്ററുകള്‍ താണ്ടി മറ്റു ഷോപ്പുകളിലെത്തി ജോലി ചെയ്യേണ്ടി വരും.

‎

‎വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ പദവിയിൽ നിയമനം നൽകിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും. തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി വിജയ് നിയമിച്ചത്.

‎

‎തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാർ വിജയം കൈവരിച്ചു. 144 എം എൽ എമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. 117 എം എൽ എമാരുടെ പിന്തുണയായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.

‎

‎രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി.

‎

‎കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേപിച്ചിരിക്കുന്നത്.

‎

‎പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പഴയ ക്രിമിനൽ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ നടന്ന ക്രിമിനൽ കേസുകളിലും അന്വേഷണം ശക്തമാക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

‎

‎വിമാന ഇന്ധന വില വർധനവിന് പിന്നാലെ മൂന്ന് മാസത്തേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. പ്രതിദിനം 100 വിമാന സർവീസുകളാണ് കുറച്ചത്.

‎

‎പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് ബെയ്ജിങ്ങിലെത്തി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ലെന്ന് ചൈനയിലേക്ക് പുറപ്പെടും മുന്‍പ് ട്രംപ് പ്രതികരിച്ചു.

‎

‎

‎

‎

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *