മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണ് ദി ഹിന്ദു പത്രത്തിൽ വന്ന വിവാദ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവർ ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് എല്ലാർക്കും അറിയാം. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ സ്വർണ്ണ കള്ളക്കടത്തിനെ ഉപയോഗിച്ചു. ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ പ്രതികരിച്ചു. പി ആർ ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

 

 

 

ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്ന് എം എൽ എ പി വി അന്‍വര്‍. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നതെന്നും, പത്രം ഇറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ ആരോപിച്ചു. കരിപ്പൂർ എന്ന വാക്ക്, കോഴിക്കോട് എയർപോർട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. സ്വർണക്കള്ളക്കടത്തിൽ ധൈര്യമുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടേ എന്നും പി വി അന്‍വര്‍ വെല്ലുവിളിച്ചു.

 

 

 

ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട പിആർ ഏജൻസി സഹായത്തിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇനിയും പ്രതികരിച്ചിട്ടില്ല. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻറെ തെളിവാണെന്ന വാദവും ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർക്ക് ഏജൻസിയുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

 

 

മുഖ്യമന്ത്രി പിണറായി വിജയന് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എന്നാൽ ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. വിഷയത്തിൽ ഉയർന്ന വിമർശനങ്ങളിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു.

 

 

 

മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിൽ പിആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ പാർട്ടി മുഖപത്രമായ ദേശാഭിമാനി. ദ ഹിന്ദു വിശദീകരണത്തിലെ പി ആർ ഏജൻസി ബന്ധം ഒഴിവാക്കി ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് ദേശാഭിമാനി വാർത്ത ആക്കിയത്. വിവാദ പരാമർശം പിആർ ഏജൻസി നൽകിയതാണെന്നും അത് അഭിമുഖത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നെന്നുമാണ് ഹിന്ദു വിശദീകരണം നൽകിയിരുന്നത്.

 

 

 

മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദു ദിനപത്രമെടുത്തപ്പോള്‍ ദില്ലിയിലെ കേരള ഹൗസില്‍ പി ആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഇയും ഉണ്ടായിരുന്നതായി വിവരം. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം അഭിമുഖത്തില്‍ ചേര്‍ക്കാനാവശ്യപ്പെട്ടത് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനും, മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്‍റെ മകൻ സുബ്രഹ്മണ്യനുമാണെന്നാണ് സൂചന.

 

 

 

സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പി ആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായിയെന്നും. പി ആര്‍ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായിക്ക് ഉണ്ടോ എന്നും കെ മുരളീധരൻ ചോദിച്ചു.

 

 

 

പിആർ ഏജൻസി ഉണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണം. കേരളത്തിൻറെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

 

മുഖ്യന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പ്രതികരണവുമായി ആര്‍.എസ്.പി. നേതാക്കളായ ഷിബു ബേബി ജോണും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും. ഹിന്ദു പത്രം നുണക്കഥയാണ് പ്രചരിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. അതോടൊപ്പം സി.പി.എം. സമാനതകള്‍ ഇല്ലാത്ത തകര്‍ച്ചയിലേക്ക് പോകുന്നുവെന്നാണ് കൊല്ലം എം.പി. പ്രേമചന്ദ്രന്‍ പറഞ്ഞത്. ഒരു പി.ആര്‍. ഏജന്‍സിയുടെ പിന്‍ബലത്തോടെ അഭിമുഖം നല്‍കേണ്ട അവസ്ഥയായി മുഖ്യമന്ത്രിക്ക്. ഹിന്ദു ദിന പത്രം കള്ളം പറയുന്നവെങ്കില്‍ കേസ് കെടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

 

 

മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. കേരളത്തിൽ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ അഭിമുഖം കാരണമായി യെന്നും. വ്യാജ വാർത്ത ഉണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് പരാതി നൽകിയതെന്നും അബിൻ വർക്കി പറഞ്ഞു. എറണാകുളത്തെ മാധ്യമ പ്രവർത്തകർക്കെതിരെ മണിക്കൂറുകൾക്കുള്ളിൽ ആണ്‌ കേസ് എടുത്തത്.ആ ചരിത്രം മറക്കരുത്. ഇവിടെ കലാപാഹ്വാനം നടത്തിയിട്ടും കേസെടുക്കാൻ വൈകുന്നുവെന്നും അബിൻ വർക്കി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

 

തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. എന്നാൽസി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീൽ പറഞ്ഞു. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തിൽ പറയുമെന്നും കെ ടി ജലീൽ അറിയിച്ചു.

 

 

 

 

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും എംഎൽഎ പി.വി അൻവർ. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും, യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു. ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലീം വിട്ടാൽ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ ആരുണ്ടാക്കിയതാ സിപിഎം എന്നും അൻവർ നിലമ്പൂരിൽ പറഞ്ഞു.

 

 

 

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ ഓർമ്മകൾക്കിടയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ് മാതാപിതാക്കൾ. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ക്ലിനിക്ക് ഈ മാസം പത്തിന് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ പ്രവർത്തനം ആരംഭിക്കും.

 

 

 

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇനിയും 47 പേരെയാണ് കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഉരുൾപ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തെരച്ചില്‍ നിര്‍ത്തിയതാണ് വിമർശനത്തിന് കാരണം.

 

 

നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.

 

 

 

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

 

 

 

മത്സ്യബന്ധനത്തിനിടെ വിഴിഞ്ഞം സ്വദേശിയെ ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായതായി പരാതി. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ ജസ്റ്റിൻ്റെ മകൻ പ്രസാദിനെയാണ് കാണാതായത്. തിങ്കളാഴ്ച രാത്രി ഒൻപതോടെ പൂവാറിൽ നിന്ന് പതിനൊന്ന് നോട്ടിക്കൽ മൈൽ ഉൾക്കടലിലായിരുന്നു സംഭവം. പ്രസാദടക്കമുള്ള പതിനാലംഗ സംഘം കൊച്ചിയിലേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെ ബോട്ടിൻ്റെ വശത്ത് പിടിച്ച് നിന്ന പ്രസാദ് തെറിച്ച് കടലിൽ വീഴുകയായിരുന്നു.

 

 

കോഴിക്കോട്ടെ ഒരു പ്രമുഖ ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് ഇവരെ സാഹസികമായി പിടി കൂടിയത്.കോവിഡ് കാലത്തിനുശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഡോക്ടറില്‍നിന്ന് പണം തട്ടിയത്.

 

 

നെയ്യാറ്റിൻകരയിൽ 80 വയസുകാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയെയാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

 

 

 

 

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. കഴിഞ്ഞ ദിവസം ഇറാൻ, ഇസ്രായേലിന് നേരെ വ്യോമാക്രമണം ശക്തമാക്കിയതോടെ മേഖല വീണ്ടും സംഘർഷഭരിതമാകും. ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ വ്യക്തമാക്കുകയും ആവശ്യമായ പിന്തുണ അമേരിക്ക വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ ഏത് സമയവും ആക്രമണമുണ്ടായേക്കാമെന്ന പ്രതീതിയിലാണ് മേഖല.

 

 

ഇറാൻ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ ടെൽ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചുവെന്ന് റിപ്പോർട്ട്. പിന്നാലെ മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം രൂപപ്പെട്ടതായി റിപ്പോർട്ട്. പാർക്കിംഗ് സ്ഥലമെന്നു തോന്നിക്കുന്ന സ്ഥലത്താണ് 50 അടി വീതിയിൽ ഗർത്തമുണ്ടായത്. മൊസാദ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നത്.

 

 

 

 

 

ഇറാന്റെ മിസൈൽ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികള്‍ വ്യക്തമാക്കി. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ നിർദേശിച്ചിരുന്നതിനാൽ അപകടം സംഭവിച്ചില്ലെന്നും സംഘ‍ർഷാവസ്ഥ നിലനിൽക്കുന്നതിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

 

 

 

മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്ടറാണ് തകർന്നത്.പ്രദേശത്ത് അപ്പോഴുണ്ടായിരുന്ന മൂടൽമഞ്ഞ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം. അതേസമയം, സംഭവത്തിൽ അട്ടിമറി സാധ്യതയെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

 

 

ബെംഗളൂരുവിൽ സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. വയനാട് സ്വദേശികൾക്ക് നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. സഹോദരിയെ ഹോസ്റ്റലിൽ കൊണ്ടുചെന്ന് വിട്ട സഹോദരന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ബെംഗളൂരുവിലെ ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിലാണ് സംഭവം.

 

 

 

ജിദ്ദ ഇൻറർനാഷനൽ ഷോപ്പിങ് സെൻററിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടയിൽ സൗദി സിവിൽ ഡിഫൻസിലെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. അക്രം ജുമാ അൽ ജൊഹ്‌നി, അബ്ദുല്ല മനാഹി അൽ സുബൈ എന്നീ ഉദ്യോഗസ്ഥരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെയാണ് ഷോപ്പിങ് സെൻററിൽ അഗ്നിബാധയുണ്ടായത്.

 

 

 

ഇഷ ഫൗണ്ടേഷൻ മേധാവി സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ കാൽപാദങ്ങളുടെ ചിത്രങ്ങൾ വിൽക്കുന്നതായി ഓൺലൈനിൽ പ്രചരിക്കുന്നു. ഗുരുവിൻ്റെ പാദങ്ങൾ ബഹുമാനിക്കപ്പെടുന്നു, ഗുരുവിന്റെ ഊജം ലഭിക്കാനുള്ള മാർഗമാണ് കാലുകൾ. ഗുരുവിൻ്റെ പാദങ്ങൾ വണങ്ങുന്ന പ്രവൃത്തി സാമീപ്യത്തെ വർധിപ്പിക്കുകയും ഗുരുവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ വിൽക്കുന്നത്.

 

 

 

ഹിമാചൽപ്രദേശിലെ റോത്താംഗ് ചുരത്തിനടുത്ത് 56 കൊല്ലം മുമ്പ് വിമാനം തകർന്ന് വീണ് കാണാതായ സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. മലയാളിയായ തോമസ് ചെറിയാൻ അടക്കം നാല് പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ റോത്താംഗ് പാസിന് സമീപമുള്ള ലോസർ ഹെലിപാഡിൽ എത്തിച്ചു. ഉച്ചയോടെ മൃതദേഹങ്ങൾ ചണ്ഡിഗഡിൽ എത്തിക്കുമെന്നാണ് വിവരം. ഇന്ന് തന്നെ തോമസിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം.

 

 

 

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അയ്യായിരത്തോളം ചുവന്ന ചെവിയുള്ള സ്ലൈഡർ കടലാമകളെ പിടികൂടി. മലേഷ്യയിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 4986 ചെഞ്ചെവിയൻ ആമകളെ പിടിച്ചെടുത്തത്.

ഒരു പ്രത്യേക ഇനത്തിൽപ്പെട്ട ജീവിയെ വിമാനത്തിൽ കൊണ്ടുവരുന്നതായി എയർ ഇന്‍റലിജൻസ് യൂണിറ്റിന് വിവരം ലഭിച്ചതോടെയായിരുന്നു പരിശോധന.

 

 

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി അനുവദിച്ച 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ മുഡ കമ്മീഷണർ എ എൻ രഘുനന്ദൻ ഉത്തരവിറക്കി. 14 സൈറ്റുകൾ തിരിച്ചെടുക്കാൻ പാർവതി കമ്മീഷണറോട് അഭ്യർത്ഥിച്ചിരുന്നു. ചൊവ്വാഴ്ച മകൻ എം.എൽ.സി ഡോ. യതീന്ദ്ര മുഖേന പാർവതിയുടെ കത്ത് കമ്മീഷണർക്ക് ലഭിച്ചതോടെയാണ് സൈറ്റുകൾ തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. പാർവതിയുടെ പേരിലുള്ള ഭൂമി ഏറ്റെടുത്തതിന് പകരമായിട്ടായിരുന്നു 14 പ്ലോട്ടുകൾ അനുവദിച്ചത്

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *