വയനാട് മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലിൽ 54 പേര് മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാദൗത്യം സജീവമാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമാകുന്നുണ്ട്. വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന.
വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്കായി എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.
വയനാട്ടിലെ ദുരന്തത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ഫോണിൽ സംസാരിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ യു. ഡി. എഫ്. പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. ദുരന്തത്തിന്‍റെ വ്യാപ്തി ഇപ്പോഴും പറയാൻ കഴിയാത്ത അവസ്ഥയാണെന്നും, പലയിടത്തും എത്തിപ്പെടാൻ പ്രയാസമാണ്, എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യൻ പറഞ്ഞു. സംഭവം നടന്ന ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി എംബി രാജേഷ്. 12 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും കുടിവെള്ളം ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനിൽക്കാതെ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ സമീപത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് മേപ്പാടി ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി. മന്ത്രിമാരായ കെ രാജൻ, പിഎ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരാണ് വിമാനമാർഗ്ഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചു. വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരാണ് മണ്ണിലും അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സാധ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ വ്യക്തമാക്കി. മുണ്ടക്കൈ ഗ്രാമം ഒലിച്ചൂപോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാൻ കൂടുതൽ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും. ഊർജ്ജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കേരളത്തിലെ എംപിമാരോട് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനോട് കേരളത്തിലേക്ക് പോകാൻ നിർദ്ദേശിച്ചു. സേന വിഭാഗങ്ങളെല്ലാം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന. ആഭ്യന്തര മന്ത്രാലയത്തോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണമെന്നും വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. അധികം വൈകാതെ സംഘം കൽപറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിലെത്തും. പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ സംഘത്തിലുണ്ട്. വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുകയെന്നാണ് സൂചന.
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ചെളിയിൽ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്താൻ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുത്തത്.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തടത്തുന്നതായി സന്നദ്ധപ്രവർത്തകൻ ഷാജി പറഞ്ഞു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു.
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. നേരത്തെ ജില്ലാ തലത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന് പുറമെയാണ് ചൂരല്‍മല കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.
വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവർ.
മേപ്പാടി ചൂരല്‍മല ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനില്‍ 700ലധികം പേര്‍ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്. ഇതില്‍ 10പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ചൂരല്‍മല മേഖലയില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനായിട്ടില്ല. ഇവിടേക്കുള്ള പാലം തകര്‍ന്നിരിക്കുകയാണ്. താല്‍ക്കാലിക പാലം നിര്‍മിച്ച് കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.
വയനാട്ടിലെ ദുരന്ത മേഖലയിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും, മൺസൂൺ പാത്തി സജീവമായി തുടരുന്നതിനാൽ മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു. സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയുക. അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തിയതോടെയാണ് അധിക ജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്. മഴവെള്ളം കുത്തിഒലിച്ചതിനെ തുടർന്ന് ട്രാക്കിന്റെ താഴെയുള്ള മണ്ണും കല്ലുമടക്കം ഒലിച്ചു പോയതിനാൽ ഈ വഴി ഉള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി വച്ചിരിക്കുകയാണ്.
പറവൂർ, ആലുവ, കോതമംഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി. കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലിൽ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും, പ്രദേശവാസിയായ മാത്യു എന്നയാളെ കാണാതായി. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.
തൃശൂർ വാൽപ്പാറയിൽ മണ്ണിടിഞ്ഞു വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു. രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഷോളയാർ ഡാം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ജ്ഞാനപ്രിയ. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി.
2024ലെ പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തെക്കുറിച്ചുള്ള പരാമര്‍ശം തൻ്റെ എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതിന് കാരണം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതിനാലാണെന്ന് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. എന്നാൽ തന്‍റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്‍റെ ഉള്ളടക്കം അദ്ദേഹം വ്യക്തമാക്കിയില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ബന്ധപ്പെട്ട അധികാരികളോട് ഈ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ജാവേദ് അക്തര്‍ പറഞ്ഞു.
ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്കുള്ള ഹൌറ – സിഎസ്എംടി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. 18 കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുലർച്ചെ 3.45 ഓടെ ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബഡാബാംബുവിനടുത്താണ് ട്രെയിൻ പാളം തെറ്റിയത്.
കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറടക്കം നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഒരു ടയര്‍ ഊരിത്തെറിച്ചതോടെയാണ് അപകടമുണ്ടായത്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലാണ് അപകടം സംഭവിച്ചത്. ഹർമൻ സോമൽ, നവ്‌ജോത് സോമൽ രശ്ംദീപ് കൗർ എന്നിവരാണ് മരിച്ചത്.
പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. മെഡല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ വോന്‍ഹോ ലീ – യേ ജിന്‍ ഓ സഖ്യത്തെ 16-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.