mid day hd 1

ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണം ഇന്നും ടെസ്റ്റുകൾ തടസപ്പെട്ടു. ചിലയിടങ്ങളിൽ സംയുക്ത സമരസമിതി ഗ്രൗണ്ടിൽ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല.

 

തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്നിൽ പ്രതിഷേധ സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തൃശ്ശൂർ അത്താണിയിൽ സമരസമിതി പ്രവർത്തകർ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം.

 

നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രഹസ്യമായി നടന്ന ചോദ്യം ചെയ്യലിന്‍റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ സുനില്‍ കുമാര്‍, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കുക എന്നത് തങ്ങളുടെ ജോലിയാണ്, അതിന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.

 

ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്, അതിൽ ഇല്ലാത്ത എന്ത് വിവാദമാണ് മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍. മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും കേന്ദ്രസർക്കാരിന്‍റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

 

കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെയും കേസെടുത്തതുമായി ബന്ധപ്പെട്ട് ബസിലെ കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്.

 

പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പ്രേം കൃഷ്ണന്‍റെ ചിത്രം ഡി പി യാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. എഡിഎം അടക്കം കളക്ടറുടെ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ക്ക് സന്ദേശം അയച്ചുവെന്ന് പൊലീസ് പറഞ്ഞു.

 

എല്ലാ ബാച്ചുകളിലും 30 % സീറ്റുകള്‍ വര്‍ധിപ്പിച്ചാലും മലബാറില്‍ ഇത്തവണയും പ്ലസ് വണ്‍ പ്രതിസന്ധി ഒഴിയില്ലെന്ന് റിപ്പോർട്ട്. മലപ്പുറത്തും പാലക്കാടും കോഴിക്കോടുമായിരിക്കും കൂടുതല്‍ കുട്ടികള്‍ക്ക് പുറത്തിരിക്കേണ്ടി വരിക. അതേ സമയം തെക്കന്‍ ജില്ലകളില്‍ അവശ്യത്തിലധികം ബാച്ചുകൾ ഉണ്ടാകുമെന്നാണ് കണക്കുകള്‍ നൽകുന്ന സൂചന.

 

മലപ്പുറമെന്ന് പറഞ്ഞ് വികാരം ഉണ്ടാക്കരുതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശത്തിനെതിരെ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. വലിയ അക്കങ്ങൾ പറയാൻ മന്ത്രിക്ക് അറിയാത്തതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വായടപ്പിക്കാനല്ല, കലാലയത്തിന്‍റെ വാതിൽ തുറക്കാനാണ് തയ്യാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം വേണം. അത് അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ജോലിക്കിടെ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊച്ചി ബിപിസിഎൽ പാചകവാതക പ്ലാന്‍റിലെ കരാർ ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു. ഡ്രൈവറെ മർദ്ദിച്ച സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ സംഘടനയിലും, ഏജൻസിയിൽ നിന്നും പുറത്താക്കും, ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് സമരം പിൻവലിച്ചത്. ബിപിസിഎൽ മാനേജ്മെന്‍റ്, കരാറുകാർ,ഏജൻസി പ്രതിനിധികൾ എന്നിവർ ഡ്രൈവർമാരുടെ സംഘടനയുമായി ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.

 

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം മൂലം കണ്ണൂർ വിമാനത്താവളത്തിന് രണ്ട് ദിവസത്തെ നഷ്ടം അഞ്ച് കോടിയിലധികം വരുമെന്ന് കണക്ക്. അതോടൊപ്പം നാലായിരത്തോളം പേരുടെ യാത്ര മുടങ്ങിയതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച രാജ്യ വ്യാപകമായി 90 സർവ്വീസുകളും വ്യാഴാഴ്ച 85 സർവ്വീസുകളുമാണ് റദ്ദായത്. ഇതിനിടയിലാണ് 25 സീനിയർ ജീവനക്കാർക്ക് എയർ ഇന്ത്യ ടെർമിനേഷൻ കത്ത് നൽകിയത്. ഇതേ തുടർന്നാണ് ദില്ലിയിൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ മധ്യസ്ഥ ചർച്ച നടന്നത്.

 

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവ് നിരോധിച്ചു. സ്ത്രീകളുടെ ശബരിമലയെന്ന് പേരുകേട്ട ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവ് ഇനിമുതൽ പൂജാദി കർമ്മങ്ങൾക്ക് ഉപയോഗിക്കില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിന് അരളിപ്പൂവ് ഇടയാക്കി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. നേരത്തെ തിരുവിതാംകൂർ ദേവസ്വവും മലബാർ ദേവസ്വവും അരളി പൂവിനെ പൂജാ കർമ്മങ്ങളിൽ നിന്നും പ്രസാദമായി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു.

 

പാനൂർ സ്വദേശിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും. വിഷ്ണുപ്രിയ സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പ്രതി കൊലപാതകം നടത്തിയത്.

 

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ജസ്നയുടെ അച്ഛൻ ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് സിജെഎം കോടതിയുടെ ഉത്തരവ്. വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ജെസ്‌നയുടെ അച്ഛൻ ജെയിംസ് പ്രതികരിച്ചു. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചതിന് ഏഴ് യുവാക്കള്‍ക്കെതിരെ കേസ്. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസാണിത്. യുവാക്കള്‍ ബൈക്കിലെത്തി തടഞ്ഞ്, ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചാണ് യുവാക്കള്‍ അതിക്രമം നടത്തിയത്.

 

പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ യുവാക്കളായ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് യാത്രക്കാരെ ഫയർഫോഴ്സ് അധികൃതരെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

 

നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷാണ് മരിച്ചത്.രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

 

വൈകാരിക ബന്ധമുള്ളതുകൊണ്ടാണ് രാഹുൽ റായ്ബറേലിയിൽ കൂടി മത്സരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങൾക്ക് സ്വീകാര്യമായ തുടർ നിലപാട് രാഹുൽ സ്വീകരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധി വയനാടിനെ വഞ്ചിച്ചെന്ന പ്രചാരണവുമായി റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗ്. വയനാടിനോട് രാഹുൽ ചെയ്ത ചതിക്ക് റായ്ബറേലി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

 

പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെങ്കിൽ അവർ ആണവായുധം പ്രയോഗിക്കുമെന്ന് കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. കോൺഗ്രസിന്‍റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. അതോടൊപ്പം വിവാദ പ്രസ്താവന നടത്തിയ സാം പ്രിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെ പോലെയും തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കകാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. ഇന്ത്യക്കാരെ ചൈനക്കാരോടും ആഫ്രിക്കക്കാരോടും താരതമ്യം ചെയ്ത് വംശീയ അധിക്ഷേപം നടത്തുന്നു എന്നായിരുന്നു ഇതേ തുടർന്ന് ബിജെപിയുടെ ആരോപണം.

 

ആന്ധ്രാപ്രദേശിൽ 4 ശതമാനം മുസ്ലിം സംവരണം നിലനിൽക്കുമെന്നും ഇത് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. കുർണൂലിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റെണ്ണം 220 കടക്കാൻ പോകുന്നില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അത് തിരിച്ചറിഞ്ഞതിനാലാണ് ഇത്തവണ 400 സീറ്റെന്ന മുദ്രാവാക്യത്തിൽ നിന്ന് മോദി പിന്നാക്കം പോയതെന്നും, ബിജെപി അധികാരത്തിൽ വന്നാൽ സംവരണനയം തന്നെ റദ്ദാക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

 

കർണാടക ബിജെപി ഐടി സെൽ മേധാവി പ്രശാന്ത് മക്കനൂർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് പ്രശാന്തിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്ത മുസ്ലിം വിദ്വേഷ വീഡിയോയ്ക്ക് എതിരായ പരാതിയിലാണ് അറസ്റ്റ്.

 

ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ എഴുത്തുകാരി ആൻ കൗൾട്ടർ. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താൻ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹം ഇന്ത്യക്കാരനായതിനാൽ താൻ വിവേക് രാമസ്വാമിക്ക് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആൻ കൗൾട്ടറുടെ പരാമർശം. നേരത്തെ, വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് പിന്മാറിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *