mid day hd 1

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ തന്നെ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. രാവിലെഏഴരയോടെ യാണ് മോദി പോളിങ് സ്റ്റേഷനിലേക്ക് എത്തിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍.

 

ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ പോലും മാറുന്നത് മുസ്ലിങ്ങള്‍ കാണണം. ഏകാധിപത്യ നീക്കങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി അഹമ്മദാബാദിലെ നിഷാന്‍ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 

ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമല്ലെന്നും, ഭരണഘടനാപരമായ അവകാശങ്ങൾ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാർഗെ പറഞ്ഞു.

 

സംഘടനകൾ സമരം തുടരുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്. പ്രശ്നം രൂക്ഷമായി തുടരുമ്പോൾ ഗതാഗതമന്ത്രി വിദേശത്തുമാണ്. തുടർച്ചയായി നാലാം ദിനമാണ് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങുന്നത്.

 

ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ടുള്ള സമരത്തിൽ സിഐടിയുവിനെതിരെ ഐഎന്‍ടിയുസി വിമർശനം ഉന്നയിച്ചു. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡൻ്റ് ചോദിച്ചു. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം.

 

കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏല്‍ക്കും. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു. പാർട്ടിക്കുള്ളിൽ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ലെന്നും, തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു. കൂടാതെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ല പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരൻ ഇന്ന് പ്രതികരിച്ചിരുന്നു.

 

വേനലിൽ ജനം വലയുമ്പോൾ പിണറായി വിജയൻ ബീച്ച് ടൂറിസം ആഘോഷിക്കാൻ പോയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അതോടെപ്പം മുഖ്യമന്ത്രിയുടേയും കുടംബത്തിന്‍റേയും സ്വകാര്യ വിദേശ യാത്രയുമായി ബന്ധപ്പെട്ട് യാത്രയുടെ സ്പോൺസർ ആരാണ്, സ്പോൺസറുടെ വരുമാന സ്രോതസ് എന്താണ്, മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത് എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ആലയിൽ നിന്ന് പശുക്കൾ ഇറങ്ങി പോകും പോലെയാണ് മുഖ്യമന്ത്രി കുടുംബവുമായി യാത്ര പോയിരിക്കുന്നതെന്ന് കെ സുധാകരൻ വിമര്‍ശിച്ചു. സ്പോൺസർഷിപ്പ് ആണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് വിദേശത്ത് പോയപ്പോള്‍ സംസ്ഥാനത്തിന്റെ ചാർജ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. ഇടതുപക്ഷത്തിന് ആകെ ഉള്ള മുഖ്യമന്ത്രിയല്ലേ ഇത്. മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണത്തിനു പോകേണ്ടേ. എന്ത് രാഷ്‌ടീയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു.

 

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതി വിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചരണത്തിനേറ്റ തിരിച്ചടിയാണെന്ന് ഇ പി ജയരാജന്‍. കുഴൽനാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്, എന്നാൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി തെളിവിന്‍റെ കണിക പോലും ഹാജരാക്കാൻ മാത്യുവിനായില്ലെന്നും ജയരാജൻ പറഞ്ഞു. വി ഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചു, കവല പ്രസംഗം കോടതിയിൽ തെളിവാകില്ല ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല. ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടനെന്നും ജയരാജൻ പറഞ്ഞു.

 

മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിധി നിരാശാജനകമാണെന്നും കോടതി നിരീക്ഷണങ്ങളോട് വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസത്തിന് കുറവില്ലെന്നും അപ്പീല്‍ നല്‍കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

 

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കെഎസ്ആ‍ര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശം നൽകിയതോടെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം.

 

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത. കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്യൂലക്‌സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് യോഗം ചേരും. പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ രോഗ മുക്തരായി. മരിച്ച രണ്ട് പേരുടെ സാമ്പിള്‍ ഫലം വന്നിട്ടില്ല.

 

സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.

 

പാലക്കാട് കഞ്ചിക്കോടില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞതില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനംവകുപ്പ്. ഒരുമാസത്തിനിടെ രണ്ട് ആനകള്‍ ട്രെയിനിടിച്ച് ചരിഞ്ഞത് ഗൗരവമുള്ളതാണെന്നും വേഗപരിധി പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു.

 

പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ കൂടുതൽ ജീവനക്കാർക്കെതിരെ യുവതി പരാതി നൽകി. ഗവർണറുടെ ഒഎസ് സി, പ്യൂൺ, പാൻട്രി ജീവക്കാരൻ ‌എന്നിവർക്കെതിരെയാണ് പരാതി. ഗവർണർക്കെതിരെ പരാതി കൊടുക്കരുതെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി ആരോപിക്കുന്നത്.

 

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കും.

 

നഗരസഭ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യഭ്യാസ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലപ്പുറം നഗരസഭ നടപ്പിലാക്കിയ ഫീസ് ഫ്രീ നഗരസഭ പദ്ധതിയിലുൾപ്പെട്ട് വിവിധ സ്‌കോളർഷിപ്പ് പരീക്ഷകൾ എഴുതിയ 211 വിദ്യാർത്ഥികൾക്ക് മികച്ച വിജയം. 112 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസും, 62 വിദ്യാർത്ഥികൾക്ക് യു.എസ്.എസും, 37 വിദ്യാർത്ഥികൾ എൻ.എം എം.എസ് സ്‌കോളർഷിപ്പിനും ഈ പരിശീലനം വഴി നഗരസഭ പ്രദേശത്ത് അർഹരായി.

 

പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ അഗ്നിബാധയിൽ 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വയറിങ് കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും ഫാമിൽ ഇല്ലായിരുന്നു. ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീയണച്ചത്.

 

നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗൃഹനാഥൻ സോമസാഗരത്തിൻ്റെ കുടുംബത്തിന് സഹകരണ ബാങ്ക് പണം കൈമാറി. നെയ്യാറ്റിൻകര പെരുമ്പഴതൂർ സഹകരണ ബാങ്കാണ് 5 ലക്ഷം രൂപ തിരികെ നൽകിയത്. നിക്ഷേപ തുക ലഭിക്കാത്തതിനാൽ നെയ്യാറ്റിൻകര സ്വദേശി സോമസാഗരം ഇക്കഴിഞ്ഞ 19 നാണ് ആത്മഹത്യ ചെയ്തത്.

 

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി തെരച്ചിൽ പുനരാരംഭിച്ചു. അതിരപ്പിള്ളി വാഴച്ചാൽ വാച്ചുമരം കോളനിയിലെ അമ്മിണിയെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചിൽ സംഘമാണ് അന്വേഷിക്കുന്നത്.

 

കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ ശരത് സൗരവ് എന്നിവരാണ് മരിച്ചത്. കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

കുറ്റിപ്പുറം-തിരൂർ റോഡിൽ ഭാരതപ്പുഴയോരത്തെ പുൽക്കാടുകൾക്ക് തീപ്പിടിച്ചതിനെ തുടർന്ന് അണക്കുന്നതിനിടെ കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അഗ്‌നിബാധ ഉണ്ടാവാനായി എന്താണ് പരിസരത്ത് സംഭവിച്ചതെന്ന് വ്യക്തമല്ല. തവനൂർ തൃപ്പാലൂർ സ്വദേശി നാലുകള്ളി പറമ്പിൽ അച്യുതാനന്ദന്റെ മൃതദേഹമാണ് തീയണക്കുന്നതിനിടയിൽ കണ്ടെത്തിയത്. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

 

കണ്ണൂരിൽ മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് മരുമകൻ്റെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ചത്. പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്.രക്ഷപ്പെടാൻ ശ്രമിച്ച പവിത്രനെ പയ്യന്നൂര്‍ നിന്നും കസ്റ്റഡിയിലെടുത്തു.

 

കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി കുടുംബനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു എന്നയാളാണ് ഭാര്യ പ്രീത , മകൾ ശ്രീനന്ദ എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ജീവനൊടുക്കാൻ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

അന്വേഷണ ഏജൻസികൾ 2018 നും 2020 നും ഇടയിൽ പിടിച്ചെടുത്ത അഞ്ച് ലക്ഷം കോടി വില വരുന്ന 70,772.48 കിലോ ഹെറോയിൻ രേഖകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന് കാണിച്ച് മാധ്യമപ്രവർത്തകനായ ബി ആർ അരവിന്ദാക്ഷൻ ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ ദില്ലി ഹൈക്കോടതി കേന്ദ്രത്തിൻ്റെ നിലപാട് തേടി ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് കേന്ദ്രത്തിന് നോട്ടീസ് അയച്ചു. നാല് ആഴ്ച്ചക്കകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.

 

പ്രജ്വൽ രേവണ്ണയെ തേടി കർണാടക പൊലീസ് ജർമനിയിലേക്ക് തിരിക്കുമെന്ന് സൂചന. പ്രജ്വൽ കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായത്തോടെ ജർമനിയിലെത്തി അറസ്റ്റ് ചെയ്യാനുള്ള സാധ്യത കർണാടക പൊലീസ് തേടിയെന്നാണ് റിപ്പോർട്ട്. പ്രജ്വൽ നാട്ടിലെത്തുകയാണെങ്കിൽ ഉടനടി അറസ്റ്റ് ചെയ്യുമെന്നും, അല്ലെങ്കിൽ ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായത്തോടെ എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്ക് പോയേക്കുമെന്നുമാണ് സൂചന.

 

സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ എഐ വീഡിയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ നൃത്തം ചെയ്യുന്ന വീഡിയോ ആസ്വദിച്ചുവെന്നും, ആ സർഗ്ഗാത്മകതയെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്നാണ് മോദിയുടെ മറുപടി. മമത ബാനർജിയുടെ പ്രസംഗത്തിനൊപ്പം അവർ നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.

 

നടൻ സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. രാജസ്ഥാൻ സ്വദേശി മുഹമ്മദ്‌ ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് മുഹമ്മദ്‌ ചൗധരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *