കേരളത്തിലേക്കു കര്‍ണാടകയുടെ കടന്നുകയറ്റം. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിന്റെ രണ്ടു വാര്‍ഡുകളിലാണു കയേറ്റം. വനാതിര്‍ത്തിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ കേരളത്തിലേക്കു കടന്ന് കര്‍ണാടക വനംവകുപ്പ് പരിസ്ഥിതി ലോല പ്രദേശമായി അടയാളപ്പെടുത്തി. അതിര്‍ത്തിയിലെ പാലത്തിന്‍കടവ് മുതല്‍ കളിതട്ടുപാറ വരെയുള്ള ആറിടങ്ങളിലായാണ് കര്‍ണാക കേരളത്തിന്റെ ഭൂമി കൈയേറ്റി ബഫര്‍സോണ്‍ രേഖപ്പെടുത്തിയത്. കൈയേറിയിട്ടില്ലെന്നും കര്‍ണാടകയുടെ സ്ഥലമാണെന്നുമാണ് കര്‍ണാടകയുടെ വിശദീകരണം. പരിശോധിക്കാന്‍ കണ്ണൂര്‍ എഡിഎം ഇന്നു സ്ഥലം സന്ദര്‍ശിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു. നൂറു വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മോദി ഗാന്ധിനഗറിലെ ശ്മാശനത്തിലേക്കു സംസ്‌കാര കര്‍മങ്ങള്‍ക്കായി അമ്മയുടെ മൃതദേഹം മോദി ബന്ധുക്കള്‍ക്കൊപ്പം ചുമന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെയാണ് ചിതയ്ക്കു തീകൊളുത്തിയത്.
മഹത്തായ ഒരു നൂറ്റാണ്ട് ഇനി ഈശ്വരപാദങ്ങളില്‍ കുടികൊള്ളുമെന്ന് നൂറ്റാണ്ടു നീണ്ട അമ്മയുടെ ജീവിതത്തെ അനുസമരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപവുമായി ഇരിക്കുന്ന ചിത്രം സഹിതം അമ്മയുടെ വിയോഗ വിവരം ലോകത്തെ അറിയിച്ചുകൊണ്ട് ട്വിറ്ററിലും ഫേസ്ബുക്കിലുമാണു മോദി ഈ വരികള്‍ പങ്കുവച്ചത്.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അംഗമായി കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിനെ നിയമിച്ചു. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഉന്നതാധികാര സമിതി അംഗമായി കേന്ദ്ര സര്‍ക്കാരാണു നിയമിച്ചത്. കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലര്‍കൂടിയാണ് ഡോ. മോഹന്‍.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് കണ്ണൂര്‍ പഴയങ്ങാടി ഏരിയാ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ളയെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ നാലു മണിയോടെ കോട്ടക്കലില്‍നിന്നാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്.
സ്ത്രീധനം ആവശ്യപ്പെട്ട് 24 കാരിയായ യുവതിയെയും കുട്ടികളെയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടെന്നു പരാതി. തിരിച്ചെത്തിയപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ മാനന്തവാടി സ്വദേശിയായ സൈഫുന്നീസ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ഓട്ടോഡ്രൈവറായ മുസ്തഫയാണു ഭര്‍ത്താവ്.
മോക്ക്ഡ്രില്‍ അപകടത്തിനിടെ യുവാവ് മരിച്ചത് അഗ്നിശമന, ദുരന്ത നിവാരണ സേനകളുടെ വീഴ്ചമൂലമെന്ന് നാട്ടുകാര്‍. ബിനു സോമനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ സമയോചിതമായി നടന്നില്ല. സ്ഥലത്തുണ്ടായിട്ടും എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുഴയിലേക്ക് എത്താന്‍ വൈകി. രക്ഷപ്രവര്‍ത്തനത്തിനുള്ള ബോട്ട് കേടായിരുന്നു. മോട്ടോര്‍ ബോട്ട് കയര്‍ കെട്ടി വലിച്ചാണ് കരയ്‌ക്കെത്തിച്ചത്. നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ശ്രദ്ധകുറവ് ഉണ്ടായില്ലെന്നാണ് റവന്യൂ മന്ത്രി കെ. രാജന്റെ അവകാശവാദം.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് 1,737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271.05 ഏക്കര്‍ ഭൂമിയും ഉണ്ടെന്നു റിപ്പോര്‍ട്ട്. വഴിപാടായി സ്വീകരിച്ച സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവയുടെ വന്‍ശേഖരം ക്ഷേത്രത്തിലുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇവയുടെ അളവും മൂല്യവും വെളിപ്പെടുത്തുന്നില്ലെന്നു ദേവസ്വം ബോര്‍ഡ്. വിവരാവകാശ രേഖയിലാണ് ഈ വെളിപെടുത്തല്‍.
മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. ചികിത്സ കിട്ടാതെയാണ് ശിശു മരിച്ചതെന്ന് അമ്മ റഹീമ നിയാസ് പരാതി നല്‍കിയിരുന്നു. ഗര്‍ഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഡോക്ടറേയും ജീവനക്കാരെയും ആക്രമിച്ചെന്ന കേസിലെ പ്രതികളെ അറസ്റ്റു ചെയ്തു. മുവാറ്റുപുഴ മുളവൂര്‍ പെഴക്കാപിള്ളി കരയില്‍ പുന്നോപ്പടി ഭാഗത്ത് കൊച്ചുമാരിയില്‍ വീട്ടില്‍ നിയാസ് കൊച്ചുമുഹമ്മദ് (40), നവാസ് കൊച്ചുമുഹമ്മദ് (36) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
തന്നെ അറിയിക്കാതെ വിവാഹിതയായ മകള്‍ക്ക് പിതാവ് വിവാഹ ചെലവു നല്‍കേണ്ടതില്ലെന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതി. വിവാഹ ചെലവിന് 35 ലക്ഷം രൂപയും മറ്റു ചെലവുകള്‍ക്കായി 35,000 രൂപയും ആവശ്യപ്പെട്ട് പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജിയാണു കോടതി തള്ളിയത്. മകളെ ബിഡിഎസ് പഠിപ്പിച്ചെന്നും തന്നെ അറിയിക്കാതെ വിവാഹം ചെയ്ത മകള്‍ക്ക് വിവാഹ ചെലവ് നല്‍കേണ്ടതില്ലെന്നുമുള്ള പിതാവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
എറണാകുളത്തുനിന്ന് ചെന്നൈയിലേക്കുള്ള കെഎസ്ആര്‍ടിസി എസി സ്ലീപ്പര്‍ സ്വിഫ്റ്റ് ബസിലെ ഡീസല്‍ തീര്‍ന്നു, യാത്രക്കാര്‍ പെരുവഴിയില്‍. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയ്ക്കു സമീപം രാവിലെ ഒമ്പതോടെയാണ് ബസ് ഓഫായത്. ബസ് ജീവനക്കാര്‍ സമീപത്തെ പമ്പില്‍ നിന്ന് ഡീസല്‍ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാര്‍ട്ടായില്ല. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ക്കു മറ്റു വാഹനങ്ങളില്‍ പോകേണ്ടിവന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെകടിയേറ്റു. കടിയേറ്റവര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.
കഴിഞ്ഞ വര്‍ഷം കൃഷി വകുപ്പ് മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‌കാരം സമ്മാനിച്ച തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ജോര്‍ജ് കൃഷി ഉപേക്ഷിക്കുന്നു. ഹോര്‍ട്ടികോര്‍പ്പില്‍നിന്ന് 12 ലക്ഷം രൂപ കിട്ടാതെ സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് കൃഷി ഉപേക്ഷിക്കുന്നതെന്നു ജോര്‍ജ്. ഒമ്പതു മാസം പച്ചക്കറി വിറ്റതിന്റെ കുടിശികയാണിത്. ആനയറയിലെ മറ്റു കര്‍ഷകര്‍ക്ക് 80 ലക്ഷം രൂപഹോര്‍ട്ടികോര്‍പ്പ് നല്‍കാനുണ്ട്.
ക്രിക്കറ്റ് താരം ഋഷഭ് പന്തിനു കാറപകടത്തില്‍ പരിക്ക്. ഇന്നു പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കത്തി നശിച്ച കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് താരം പുറത്തുകടന്നത്.
ട്വിറ്റര്‍ പണിമുടക്കി. ആയിരക്കണക്കിനാളുകള്‍ക്കു ട്വിറ്റര്‍ സേവനം തടസപ്പെട്ടു.
ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു അധികാരമേറ്റു. ഒന്‍പതാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയാകുന്നത്. 120 അംഗങ്ങളുളള ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലെ 63 അംഗങ്ങളുടെ പിന്തുണയാണു നെതന്യാഹുവിനു ലഭിച്ചത്.