mid day hd

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ടുള്ള കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതു സംസ്ഥാന സര്‍ക്കാരാണെന്നും പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പായത് കൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കിൽ 117 കോടി നിക്ഷേപം തിരികെ കൊടുത്തുവെന്നും. 8.16 കോടി രൂപയുടെ പുതിയ വായ്പ നൽകി. കൂടാതെ 103 കോടി രൂപ വായ്പയെടുത്തവര്‍ തിരിച്ച് നൽകിയെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്ക് സാധാരണനിലയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും, പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ടൊന്നും തെരഞ്ഞെടുപ്പിൽ പിന്നാക്കം പോവില്ലെന്നും ഞങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ ജനം പണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ജില്ലാക്കമ്മിറ്റി ഓഫീസ് ഇൻകം ടാക്സ് ഫയൽ ചെയ്യുന്നില്ലെന്നത് ശുദ്ധ അസംബന്ധമാണ്, ഇഡി, സിബിഐ, ആദായ നികുതി വിഭാഗങ്ങളുടെ പ്രവര്‍ത്തനം പ്രത്യേക ഉദ്ദേശത്തോടെയാണെന്നും ബിജെപി ഇതര കക്ഷികൾക്കെതിരെ എന്ത് ചെയ്യാമെന്ന് ഗവേഷണം നടത്തുകയാണ് അവരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി. തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. നടിയുടെ ഉപഹർജിയിൽ ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നൽകാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്.

 

 

സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയോട് ഇന്നലെ ഹാജരാകാന്‍ നിര്‍ദ്ദേശം നില്‍കിയിരുന്നെങ്കിലും ഹാജരാകാതിരുന്നതിനാൽ വീണ്ടും നോട്ടീസ് അയച്ച് ഇഡി. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇ‍ഡി പരിശോധിക്കുന്നത്.

 

 

 

സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ 23-ാം മണിക്കൂറിലും തുടരുകയാണ്. സിഎംആർഎൽ കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ഇഡി ഇന്നലെ വിളിച്ച് വരുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് തുടങ്ങിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രിയ‍ോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായിട്ടില്ല. രാത്രി വൈകിയും പുലര്‍ച്ചെയും ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു.

 

 

പ്രധാനമന്ത്രിയുടെ ഇന്നലത്തെ വാഗ്ദാനം വിശ്വസിക്കാൻ കഴിയാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് ബിജെപി ചെയ്തത് എന്താണെന്ന് ജനം മറക്കില്ലെന്നും കേരളത്തിന് ഒരു കൈത്താങ്ങ് പോലും പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം നൽകിയില്ല. സംസ്ഥാനത്തിന്റെ അവകാശമായി പ്രത്യേക സഹായവും പ്രത്യേക പാക്കേജും വികസന പദ്ധതികളും എയിംസ് അടക്കമുള്ള ആവശ്യങ്ങളും ചോദിച്ചിട്ടും ഒന്നും ലഭിച്ചില്ലെന്ന് അദ്ദേഹം കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞു.

 

ലോക്സഭാതിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി ഡീല്‍ ഉണ്ടെന്നാരോപിച്ച കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന സംഘടനയല്ല സിപിഎം എന്നും കെ.കെ.ശൈലജ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു. അത് കോണ്‍ഗ്രസിന്‍റെ ശൈലിയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

 

കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ. മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും, പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വേണമെന്നും എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

 

 

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ ആരോപണവുമായി ബിജെപി. സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്രായ് ഉന്നയിച്ച ആരോപണമാണ് ബിജെപി ഏറ്റെടുത്തത്. 2022 ഒക്ടോബറിൽ ദില്ലിയിലെ ഹോട്ടലിൽ ശശി തരൂർ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം. സംഭവം മൂടിവയ്ക്കാൻ പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രമിച്ചെന്നും ദെഹദ്രായ് ആരോപിക്കുന്നുണ്ട്. ദെഹദ്രായ്യുടെ ആക്ഷേപം ഏറ്റെടുത്ത ബിജെപി നേതാവ് അമിത് മാളവ്യ, ശശി തരൂര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

 

 

 

ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. പണമായി മാത്രം 395.39 കോടിയാണ് പിടിച്ചെടുത്തത്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം ലിറ്റർ മദ്യവും, രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതർ പിടികൂടിയിട്ടുണ്ട്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. രാജസ്ഥാനിൽനിന്ന്

778 കോടിയുടെ സാധനങ്ങളും, ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും, തമിഴ്നാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്.

 

 

 

റോഡിൽ കയര്‍ കെട്ടിയുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന ഡിജിപിയുടെ സർക്കുലര്‍ പൊലീസ് പാലിച്ചിരുന്നില്ലെന്ന് ആരോപണം. മനുഷ്യാവകാശ കമ്മീഷൻ നിർദേശ പ്രകാരം 2018 ൽ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയാണ് റോഡിന് കുറുകെ കയര്‍ കെട്ടരുതെന്ന് നിര്‍ദ്ദേശിച്ച് സർക്കുലർ ഇറക്കിയത്. അന്ന് കയറിൽ കുരുങ്ങിയുള്ള അപകടത്തിൽ മാധ്യമ പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി റോഡിൽ കെട്ടിയ കയറിൽ കുരുങ്ങി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് കൊച്ചി വളഞ്ഞമ്പലത്ത് കഴിഞ്ഞ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അപകട കാരണം പൊലീസിന്‍റെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ വീഴ്ചയുമുണ്ടായിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി.

 

 

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നും ഡിജിപി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്. സിദ്ധാർത്ഥൻെറ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയെന്ന ആഭ്യന്തര സെക്രട്ടറിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ഡിജിപി. വിശദീകരണം നൽകുന്നതുകൂടാതെ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നൽകിയതല്ലാതെ ഉദ്യോഗസ്ഥരുടെ പേരുകളൊന്നും ഡിജിപി നൽകിയില്ല.

 

 

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്‍ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിലായി. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചു.

 

 

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) അന്തരിച്ചു. അദ്ദേഹത്തിന് 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ നവതി ആഘോഷിച്ച കെ.ജി. ജയൻ സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്ക് കടന്നിരുന്നു. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ കെ ജി ജയനെ 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാളെ രാവിലെ 6.30 ന് മൃതദേഹം വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം സംസ്ക്കാരം നാളെ വൈകീട്ട് നടക്കും.

 

സെക്ഷന്‍‍ ഓഫീസുകളുടെ പ്രവര്‍‍ത്തനം തടസ്സപ്പെടുത്തരുതെന്ന് കെഎസ്ഇബി. വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോര്‍‍ഡ് വര്‍‍ധനവ് കാരണം ഫ്യൂസ് പോയും ഫീഡറുകള്‍‍ ട്രിപ്പായും ചിലയിടങ്ങളിലെങ്കിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്. ഇത് കൂടുതലും സംഭവിക്കുന്നത് രാത്രി എ.സിയുടെ ഉപയോഗം വര്‍‍ധിക്കുന്ന സമയത്താണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരുമായി സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

 

 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന ഉത്തരവിറക്കി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

 

അമ്പലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ കൂറ്റൻ ഫ്ലെക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു. വട്ടപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. സ്വകാര്യ വ്യക്തിയുടെ കൂടെ സമ്മതത്തോടെയാണ് ഫ്ലക്സിന് തീയിട്ടത് എന്നാണ് വിവരം. ഇന്നലെ ഇവിടെ യുഡിഎഫ് നടത്തിയ തെരുവ് നാടക വേദിയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്ന പറമ്പിന്റെ ഉടമയുടെ സമ്മതത്തോടെ ഫ്ലക്സ് നശിപ്പിച്ചതെന്നാണ് സൂചന.

 

പത്തനംതിട്ട മണ്ഡലത്തിൽ ഇടതുമുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റിൽ നിശബ്ദത പാലിച്ച ആളാണ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയെന്ന് നേതൃത്വം ആരോപിച്ചു. സ്വതന്ത്ര പെന്തകോസ്ത് സഭകൾ ഉൾപ്പെടെ ചേരുന്നതാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. പത്തനംതിട്ട മണ്ഡലത്തില്‍ വിശ്വാസികളായി ഒരു ലക്ഷത്തിലധികം ആളുകളുണ്ട്. ഇവരെ പ്രതിനിധീകരിച്ചാണ് ഭാരവാഹികൾ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

 

 

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിൽ നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ആശങ്കാജനകമാണെന്ന് സിബിസിഐ പ്രസിഡൻറ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ബന്ധികളായവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഊർജ്ജിതമായ നയതന്ത്ര ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ അടക്കം 17 ഇന്ത്യക്കാരുണ്ട്. ഇവരുടെ മോചനത്തിനായി ശ്രമം തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

 

വിദേശത്ത് താമസിക്കുന്ന പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപം താമസിക്കുന്ന മണപ്പറമ്പിൽ രാജീവിന്റെ വീട് കുത്തിതുറന്നാണ് 350 പവൻ സ്വർണം മോഷ്ടാക്കൾ കവർന്നത്. മാർച്ചിൽ നാട്ടിലെത്തിയ രാജീവ് രണ്ട് ബാങ്കുകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ വീട്ടിൽ കൊണ്ടുവന്ന് ലോക്കറിൽ വെക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് നാട്ടിലെത്തുമ്പോൾ ഈ സ്വർണാഭരണങ്ങൾ തിരികെ ബാങ്ക് ലോക്കറിലേക്ക് തന്നെ മാറ്റാനായിരുന്നു തീരുമാനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

 

 

സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ രാജ്യത്തെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും, ട്രസ്റ്റുകൾക്കും പണം നൽകുന്നുവെന്ന് ആദായ നികുതി വകുപ്പിന്റെ ആരോപണം. സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചത്. വിദേശശക്തികൾ എൻവിറോണിക്സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ട്രസ്റ്റിന് ലഭിക്കുന്ന പണത്തിന്റെ 90 ശതമാനവും വിദേശത്ത് നിന്നാണെന്നും ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു.

 

ചോദ്യം ചെയ്യലിനും മൊഴി എടുക്കുന്നതിനും ഭൗമികമായ സമയങ്ങൾ പാലിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകി മുംബൈ ഹൈക്കോടതി. ഉറങ്ങുക എന്നത് മനുഷ്യന്റെ സാധാരണമായ ആവശ്യങ്ങളിലൊന്നാണ്, അതിന് അനുവദിക്കാത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തയാളെ രാത്രി പത്ത് മണി മുതൽ പുലർച്ചെ മൂന്ന് മണി വരെ മൊഴി എടുത്തതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

 

കലാപത്തെ തുടർന്ന് മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരുടെ ആവശ്യം തിരഞ്ഞെടുപ്പ് നടത്തിപ്പിനെപ്പറ്റി നയപരമായ ചോദ്യം ഉയര്‍ത്തുന്നതാണെന്നും ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മണിപ്പൂരിലെ ലോക് സഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഈ മാസം 19നും 26നുമാണ് നടക്കുന്നത്. ഇത്രയും വൈകിയ സമയത്ത് ഹർജിയിൽ ഇടപെടുന്നത് സുഗമമായ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പിനെ ബാധിച്ചേക്കുമെന്ന നിരീക്ഷണമാണ് ബെഞ്ച് നടത്തിയത്.

 

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി, ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് , ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി സി എ വിദ്യാർഥിനിയായിരുന്നു ശിവാനി.

 

ശ്രീനഗറിലെ ഝലം നദിയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ 4 പേർ മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയോടൊപ്പം കരസേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ബോട്ടിൽ 20 പേർ ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. കനത്ത മഴ കാരണം ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

ബാന്ദ്ര വെസ്റ്റിലുള്ള ബോളിവുഡ് താരം സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് വെടിയുതിർത്ത രണ്ടുപേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് വെടിവെപ്പില്‍ പങ്കാളികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടിയത്. അറസ്റ്റിലായ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ കൂടുതൽ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് മുംബൈ പോലീസ് അറിയിച്ചു.

 

യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. ഇന്നു രാവിലെയും യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. നാളെ വരെ യുഎഇയില്‍ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം ഒമാനിൽ കനത്ത മഴയെ തുടർന്ന് ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്.

 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദയുടെ ബാബ രാംദേവും, ആചാര്യ ബാലകൃഷ്ണനും ഭാവിയിൽ ഈ തെറ്റ് ആവർത്തിക്കില്ലെന്ന് ഇരുവരും കൂപ്പുകൈകളോടെ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ബാബ രാം ദേവ് അത്ര നിഷ്കളങ്കനല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമത്തിനുള്ളിൽനിന്ന് കൊണ്ട് മാത്രമേ അലോപ്പതി ഉൾപ്പടെ മറ്റ്‌ ചികിത്സരീതികളെ വിമർശിക്കാവൂ എന്ന് ഇരുവരോടും സുപ്രീംകോടതി നിർദേശിച്ചു. ഇരുവരുടെയും മാപ്പ് അംഗീകരിക്കുന്നുവോ, നിരാകരിക്കുന്നുവോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 23 ന് ഇരുവരോടും ഹാജരാകാൻ സുപ്രീം കോടതി അറിയിച്ചു.

 

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി 12 അംഗ സ്ഥാനാര്‍ഥി പട്ടികയും ബിഎസ്പി 11 സ്ഥാനാര്‍ഥികളേയും എഎപി നാലു സ്ഥാനാര്‍ഥികളേയും ഇന്ന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ 11 സീറ്റുകളിലേക്കാണ് ബി എസ് പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്., പഞ്ചാബിലെ നാലു സീറ്റുകളിലേക്ക് ആം ആദ്മി പാര്‍ട്ടിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *