mid day hd 2

സിപിഎം നേതാക്കൾ കണ്ണൂര്‍ പാനൂരിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ പോയത് സമൂഹ ജീവിതത്തിന്റെ ഭാഗമായാണെന്നും, മരണവീട്ടിൽ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടിൽ നടക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റത്തോടും കുറ്റവാളികളോടും മൃതു സമീപനമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും, പാനൂരിലുണ്ടായ സ്ഫോടനം സാധാരണഗതിയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. പാനൂര്‍ സംഭവത്തെ രഷ്ട്രീയമായി കാണേണ്ടതില്ല. കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

 

പാനൂർ സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്നും, ക്രിമിനലായി കഴിഞ്ഞാൽ അവരെ ക്രിമിനലുകൾ ആയി കണ്ടാൽ മതിയെന്നും മുൻ മന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ. നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാർ ഉണ്ടെന്നും സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.

 

പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും, സിപിഎം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും നടത്തുന്നതെന്നും അദ്ദേഹം .

 

തെരഞ്ഞെടുപ്പ് വേളയിൽ പാനൂരിൽ ബോംബ് സ്ഫോടനമുണ്ടായതും പത്തോളം ബോംബുകൾ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താൻ സാഹചര്യം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ വാദം പരിഹാസ്യമാണെന്നും ഷാഫി പറഞ്ഞു.

 

പാനൂരിലെ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബോംബുണ്ടാക്കിയത് ആര്‍.എസ്.എസുകാരെ കൊല്ലാനല്ലെന്നും അവരുമായി നേരത്തെ ധാരണയുണ്ടെന്നും പറഞ്ഞ സതീശന്‍ ബോംബ് നിര്‍മിച്ചത് കോണ്‍ഗ്രസുകാരെ കൊല്ലാനാണെന്നും അദ്ദേഹം ആരോപിച്ചു.

 

മരണവീട്ടില്‍ ഒരാള്‍ പോകുന്നത് വലിയ പാതകമാണെന്ന് കരുതുന്നില്ലെന്നും ബോംബിന്‍റെ മേല്‍വിലാസം ഇടതിന് വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

 

പാനൂര്‍ സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിലവില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെങ്കില്‍ ഒരു കാരണവശാലും അത് അംഗീകരിക്കില്ലെന്നും സനോജ് കൂട്ടിച്ചേർത്തു.

 

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവര്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂരിലെ ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് എംഎം വര്‍ഗീസ് പറഞ്ഞു. അറിയുന്ന വിവരങ്ങള്‍ മാത്രമെ പറയാൻ കഴിയുകയുള്ളുവെന്നും, സിപിഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണെന്നും. എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എംഎം വര്‍ഗീസ് പറഞ്ഞു.

 

കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി. ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, അതിനെ കുറിച്ചുള്ള ബോധവത്കരണവും നൽകിയിട്ടുണ്ട്, വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തത് അല്ലെന്നും ഫാദർ വിശദീകരിച്ചു. വിശ്വോത്സവത്തിന്‍റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദ കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം നടത്തിയത്.

 

നാടിന്റെ വികസനത്തിന്റെ പര്യായമാണ് കിഫ്ബി യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ ഒന്നും രഹസ്യമല്ലെന്നും, കിഫ്‌ബി വികസന പദ്ധതിയില്ലാത്ത ഒരു മണ്ഡലവും കേരളത്തിലില്ല. അന്വേഷണ ഏജൻസികളെ ഇറക്കി വിരട്ടാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും. സുതാര്യമായ തീരുമാനങ്ങളാണ് കിഫ്‌ബിയിൽ ഉണ്ടായത്. അത് തോമസ് ഐസക് മാത്രം എടുത്തതല്ല. കിഫ്‌ബി ബോർഡാണ് വിഷയങ്ങളിൽ തീരുമാനമെടുത്തത്. എന്തോ പ്രശ്നമുണ്ടെന്ന തെറ്റിദ്ധാരണ പരത്താനാണ് ശ്രമം നടക്കുന്നതെന്ന്. ഇത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിൽ പ്രതിപക്ഷം കേന്ദ്ര ഏജൻസികളെ സഹായിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

കേന്ദ്ര സർക്കാറിന്റെ സോഫ്റ്റ്‍വെയറായതിനാൽ പുക പരിശോധനയിൽ കൂടുതൽ വാഹനങ്ങൾ പരാജയപ്പെടുന്നതിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. പുക പരിശോധനയിൽ വാഹനങ്ങൾ പരാജയപ്പെടുന്നുവെന്ന് നിരവധി പരാതികളാണ് വകുപ്പിൽ ലഭിച്ചതെന്നും. ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തിരൂര്‍ സ്വദേശി ടിപി സുബ്രഹ്മണ്യത്തിനെതിരെ കേസ്. പാക്കിസ്ഥാന് ജയ് വിളിക്കാനും പിണറായി തയ്യാറാകും, അല്ലെങ്കിൽ വീണ മോളുടെ കാര്യം തീരുമാനമാകും എന്നെല്ലാമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്ഐആര്‍.

 

പാലായിലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെഎം മാണിയുടെ ചിത്രം എടുത്ത് മാറ്റി സജി മഞ്ഞകടമ്പിൽ. നാളെ കെഎം മാണിയുടെ ഓർമ്മ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി വ്യക്തമാക്കിയത്. ഓഫീസിലെത്തി താക്കോലെടുത്ത് പൂട്ട് തുറന്ന് ചിത്രം എടുത്തശേഷം ഓഫീസിന്‍റെ വാതില്‍പൂട്ടി പുറത്തേക്കിറങ്ങിയതിനെ തുടര്‍ന്ന് ചിത്രവുമായി വാഹനത്തില്‍ കയറിപോവുകയായിരുന്നു.

 

സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാഹചര്യം വളരെ മോശമാകുമെന്നും, ഒരു ബാങ്കിന് ഇളവ് അനുവദിച്ചാല്‍ അത് ഭാവിയില്‍ എല്ലാ നിക്ഷേപകരെയും ബാധിക്കുമെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

 

സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിന് കൈമാറി. അയ്യന്തോൾ, തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുട്ടം സർവീസ് സഹകരണ ബാങ്കുകൾ, ബി എസ് എൻ എൽ എൻജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണൽ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ കരുവന്നൂര്‍ ബാങ്കിന് സമാനമായ രീതിയിലുളള ക്രമക്കേട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട് നൽകിയത്.

 

തൃശൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയെ ഇറക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയും അതിന്റെ ഭാഗമായാണെന്നും, മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകും. ഇമ്മാതിരി കളി കൊണ്ടൊന്നും ഒന്നും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

തിരുവനന്തപുരം വർക്കലയിൽ വാഹനാപകടത്തിൽ കൊല്ലം അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശിയായ വീട്ടമ്മ പ്രതിഭ മരിച്ചു. കൊല്ലത്ത് നഴ്സിങ്ങിന് പഠിക്കുന്ന മകളെ റെയിൽവേ സ്റ്റേഷനിൽ യാത്രയയക്കാൻ ഭർത്താവിനോടൊപ്പം ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു പ്രതിഭ. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിൻ്റ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടം സംഭവിച്ചത്.

 

വല്ലപ്പുഴയിൽ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീന, മക്കളായ നിഖ , നിവേദ എന്നിവരെയാണ് വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ബീന നേരത്തെ മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് 12 കാരിയായ മകൾ നിഖ മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിനുള്ളിൽ ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

 

വയനാട് ഇരുളം മാതമംഗലത്ത് ഭാര്യ അടക്കം മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമം. സംഭവത്തില്‍ കുപ്പാടി സ്വദേശി ജിനു അറസ്റ്റിലായി. ഭാര്യ സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്‍റെ ഭാര്യ ബിജി എന്നിവരെയാണ് ജിനു ചുറ്റിക കൊണ്ട് ആക്രമിച്ചത്. മൂവരും മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെ നാളായി അകന്നുകഴിയുകയായിരുന്ന സുമതിയോട് ജിനു കൂടെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാലീ ആവശ്യം നിരാകരിച്ചതോടെയാണ് ജിനു ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് സൂചന.

 

വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് തെരഞ്ഞടെുപ്പ് കമ്മീഷന് പരാതി നല്‍കും. വര്‍ഗീയ വിഭജനത്തിനുള്ള കൃത്യമായ അജണ്ടയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ഉടന്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി

 

പുതിയ പ്രചാരണത്തിന് തുടക്കമിട്ട് ആംആദ്മി പാര്‍ട്ടി. ജയിലിന് മറുപടി വോട്ടിലൂടെ എന്ന പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്ട്രൽ ബോണ്ടെന്ന ആരോപണം പ്രചാരണത്തില്‍ ശക്തമാക്കാനാണ് എഎപിയുടെ തീരുമാനം. വോട്ടിലൂടെ ബിജെപിക്ക് മറുപടി നല്‍കണമെന്ന ആഹ്വാനം ജനങ്ങളിലേക്ക് എത്തിക്കും. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ നിർത്തിവച്ച റാലികൾക്ക് ഇനി ഭഗവന്ത് മാൻ നേതൃത്വം നൽകും.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ വ്യക്തമാക്കി. എല്ലാ പ്രായോഗികതകളിലും രാഹുൽഗാന്ധി തൻ്റെ പാർട്ടിയെ നിയന്ത്രിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ നയിക്കാൻ കഴിയാതെ വന്നിട്ടും മാറിനിൽക്കാൻ കഴിഞ്ഞില്ലെന്നും, ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല. അഞ്ച് വർഷത്തേക്ക് അത് മറ്റാരെയെങ്കിലും ചെയ്യാൻ അനുവദിക്കണം. നിങ്ങളുടെ അമ്മ അത് ചെയ്തുവെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.

 

മദ്യനയ അഴിമതിക്കേസിൽ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ ദില്ലി റൗസ് അവന്യൂ കോടതി തള്ളി. ഇടക്കാല ജാമ്യ അപേക്ഷയിൽ തിങ്കളാഴ്ച്ച വാദം പൂർത്തിയായിരുന്നു. മകന്റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ് കവിത വിചാരണ കോടതിയെ സമീപിച്ചത്. തങ്ങൾ അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ഇടക്കാല ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി വ്യക്തമാക്കി.

 

താൻ ബീഫ് കഴിക്കാറില്ലെന്നും, പ്രൗഡ് ഹിന്ദു ആണെന്നും ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ കങ്കണ റണൗട്ട്. താൻ ബീഫ് കഴിക്കാറില്ല, മറ്റ് റെഡ് മീറ്റുകളൊന്നും കഴിക്കാറില്ല, തനിക്കെതിരെ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനവിരുദ്ധമായ കാര്യങ്ങളാണ്, യോഗയിലും ആയുര്‍വേദത്തിലും കേന്ദ്രീകരിച്ചുള്ള ജീവിതരീതിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പിന്തുടരുന്നതെന്നും അവർ എക്സിൽ കുറിച്ചു. കങ്കണ ബീഫ് കഴിച്ചിരുന്നുവെന്ന് നേരത്തെ പറഞ്ഞതായി കോൺഗ്രസ് നേതാവ് വിജയ് വാഡേത്തിവാര്‍ പറഞ്ഞിരുന്നു.

 

കേരളത്തില്‍ ബിജെപി അഞ്ചിലധികം സീറ്റ് നേടുമെന്ന് പ്രകാശ് ജാവഡേക്കര്‍. ഫലം വരുമ്പോള്‍ സര്‍പ്രൈസുകളുണ്ടാകുമെന്നും രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം കേരളം ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരു ബെല്ലാരിയിൽ പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടിൽ ആണ് പൊലീസ് റെയ്ഡ് നടത്തിയത്. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടിൽ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ജ്വല്ലറി ഉടമയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *