mid day hd 1

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ഉയർന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാനും, ഉള്ളടക്കം എഴുതി നൽകാനും ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് കമ്മീഷൻ ആവശ്യപ്പെട്ടു. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്.

 

പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കാത്ത പരാമര്‍ശമാണ് നരേന്ദ്ര മോദി നടത്തിയതെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് പ്രധാനമന്ത്രിക്കുള്ളതെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടിയെടുക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ത്യയിൽ നടക്കുന്നത് ഒരു നിഷ്പക്ഷ തെരെഞ്ഞെടുപ്പാണ്, ഹേറ്റ് ക്യാമ്പയിൻ അല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് വരെയായിട്ടും യാതൊരു നടപടിയും എടുത്ത് കാണുന്നില്ല, കമ്മീഷൻ എന്ത് നടപടി എടുക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞത് യഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വിഭജനത്തിന് ശ്രമം നടക്കുന്നുവെന്നും വിഭജനം എക്കാലത്തും കോൺഗ്രസിൻ്റെ അജണ്ടയാണെന്നും, കോൺഗ്രസായിരുന്നു ഇപ്പോൾ രാജ്യം ഭരിച്ചിരുന്നതെങ്കിൽ തീവ്രവാദം തഴച്ചു വളരുമായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

 

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിനിടെ പി വി അൻവ‍ര്‍ എം എൽ എ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമ‍ര്‍ശം നടത്തി. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്നുമാത്രമേ വിളിക്കാനാവൂവെന്നായിരുന്നു പരാമര്‍ശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്നുമായിരുന്നു അൻവറിന്റെ പരാമർശം.

 

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവ‍ര്‍ അപമാനിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഇത്ര മ്ലേച്ചമായി സംസാരിക്കാൻ ഒരു എംഎൽഎക്ക് എങ്ങനെ കഴിയുന്നുവെന്നും, രാഹുലിനെ നിന്ദിക്കുന്നത് തുടങ്ങി വെച്ചത് പിണറായി വിജയനാണ്. അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാൽ ചോദിച്ചു.

 

രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ. നെഹ്റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും, ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുള്ള പി.വി.അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍ക്കണമെന്നും, രാഹുലിനെതിരെ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. പഴയ പേരിലേക്ക് പോകരുതെന്ന് പറഞ്ഞത് രാഹുലിന്‍റെ രാഷ്ട്രീയ നിലപാട് കണ്ടിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എ.എയില്‍ രാഹുലിന് മറുപടി ഇല്ല. ഇവിടെയാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെയാണെന്ന് കെ സുധാകരൻ. ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിക്ക് തലക്ക് മിസ്റ്റേക്ക് ഉള്ളത് കൊണ്ട് പറഞ്ഞതാണ്. അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ അത് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിവി അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണ്. വലിയ രാഷ്ട്രീയ വിവരം ഇല്ലാത്തയാളാണെന്നും അൻവറിൽ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

 

ആഫ്രിക്കൻ രാസ ലഹരിക്കടിമപ്പെട്ട ഒരു അധമന്റെ ജൽപനം ആയിട്ടാണ് അൻവറിന്റെ പ്രസ്താവന കാണുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പ്രതികരിച്ചു. സ്വന്തം പിതാവിന്റെ പിതൃത്വത്തെ പോലും ചോദ്യം ചെയ്യാൻ മടിക്കാത്ത ആളാണ് അൻവർ. അൻവറിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകും. അൻവർ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണമെന്നും, തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന്‍റെ പേരില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെ കേസ് എടുത്തു. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ പേരാമ്പ്ര പോലീസാണ് കേസെടുത്തിരിക്കുന്നത്.

 

വടകരയിലെ അശ്ലീല വീഡിയോ വിവാദം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാകും നടന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അതുകൊണ്ടാണ് സ്ഥാനാർഥി തന്നെ വീഡിയോ ഇല്ലെന്നു പറഞ്ഞിട്ടും വീഡിയോ ഉണ്ടെന്ന് പാർട്ടി സെക്രട്ടറി പറയുന്നത്. കെ കെ ശൈലജയോട് തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാൽ താൻ അറിയാത്ത കാര്യത്തിൽ വ്യാജ പ്രചാരണം നടന്നതുകൊണ്ടാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും. പിണറായി വിജയൻ പി വി അൻവറിന്റെ നിലവാരത്തിലേക്ക് താഴ്ന്നു. അൻവറിന്റെ പരാമർശത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഷാഫി പ്രതികരിച്ചു.

 

തിരുവനന്തപുരത്ത എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാൽ ഇനി വിഷയം തെരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി.രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കാതെ,പത്രിക സ്വീകരിച്ചെന്നുമായിരുന്നു ഹ‍ർജിയിലെ വാദം.

 

തൃശൂർ പൂരത്തിനുള്ള ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ആനകളുടെ അടുത്ത് നിന്നും പാപ്പാന്മാരെ പിൻവലിച്ചതിനാൽ സംഘത്തിന്‍റെ ജീവന് തന്നെ ഭീഷണി ഉണ്ടായെന്നാണ് അമിക്കസ് ക്യൂറി ടി സി സുരേഷ് മേനോന്‍റെ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് ഹൈക്കോടതി വൈകാതെ തന്നെ പരിഗണിക്കും.

 

അനിൽ ആന്‍റണിക്കും, ശോഭാ സുരേന്ദ്രനുമെതിരെ ആരോപണങ്ങളുമായി ദല്ലാൾ ടി ജി നന്ദകുമാ‍ർ. അനിൽ ആന്റണി നിയമനത്തിനായി ഇടപെട്ട സിബിഐ സ്റ്റാന്റിങ് കൗൺസിലിന്റെ ഇന്റര്‍വ്യൂ കോൾ ലെറ്റർ പകർപ്പ് കൈയ്യിലുണ്ടെന്ന് ദല്ലാൾ ടി ജി നന്ദകുമാ‍ർ ദില്ലിയിൽ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. അനിൽ ആന്റണി 25 ലക്ഷം രൂപയാണ് പണമായി വാങ്ങിയതെന്നും കാര്യം നടക്കാതായതോടെ ഈ തുക തിരികെ ആവശ്യപ്പെട്ടു. അഞ്ച് ഘഡുക്കളായാണ് പണം തിരികെ നൽകിയതെന്നും നന്ദകുമാർ വ്യക്തമാക്കി. ശോഭാ സുരേന്ദ്രന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നൽകിയിരുന്നു. അക്കൗണ്ട് വഴിയാണ് തുക നൽകിയത്. ഈ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നൽകിയിട്ടില്ലെന്നും ദല്ലാൾ നനന്ദകുമാര്‍ വ്യക്തമാക്കി.

 

താൻ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്‍റണി. ദല്ലാള്‍ ടി ജി നന്ദകുമാറിന്‍റെ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ ദേശീയ നേതാവിനും പങ്കുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരെ പരാതി നൽകും. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അനിൽ ആന്‍റണി പറഞ്ഞു.

 

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ഇന്നും ചോദ്യംചെയ്യലിന് ഹാജരായില്ല. തിരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പിനുശേഷം ഹാജരാകാമെന്ന് വര്‍ഗീസ് ഇ.ഡിയെ അറിയിച്ചു.

 

ജെസ്ന മരിയ ജെയിംസിന്‍റെ തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ. പുനരന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ തീരുമാനം. രേഖകളും തെളിവുകളും കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പറഞ്ഞു. അടുത്തമാസം മൂന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും. എല്ലാ സാധ്യതകളും പരിശോധിക്കാതെയാണ് സി.ബി.ഐ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കേസ് അവസാനിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്.

 

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 80,000 അധ്യാപകര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ടിന് ആരംഭിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഇറക്കിയ ട്രെയിലറിലെ ഏതെങ്കിലും ഭാഗം സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്നും, അത് സിനിമ അണിയറക്കാരുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബോളിവുഡ് സിനിമയായ ഫാനിന്‍റെ ട്രെയിലറിലെ ഒരു ഗാനം സിനിമയില്‍ ഒഴിവാക്കിയതിനെതിരെ സ്കൂൾ അധ്യാപിക നല്‍കിയ കേസിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനെതിരെ 10,000 രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാല്‍ അതില്‍ യാഷ് രാജ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധി.

 

വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ബൂത്ത് ലെവൽ ഓഫീസർ പാലാ ടൗണിലെ അങ്കണവാടി വർക്കറായിരുന്ന കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കൽതൊട്ടിയിൽ പി.ടി ആശാലത മരിച്ചു. പാലാ നിയമസഭാ മണ്ഡലത്തിലെ 126-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയിരുന്നു. ശനിയാഴ്ച വൈകുന്നേരം റോഡിനു കുറുകെ കടക്കുമ്പോൾ കാറിടിച്ച് പരിക്കേൽക്കുകയായിരുന്നു.

 

തൃശൂര്‍ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു.

 

മക്കയിൽ ഉംറ നിർവഹിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ.കെ മുഹമ്മദ് എന്ന വാപ്പു ആണ് മരിച്ചത്. ഉംറ നിർവ്വഹിക്കുന്നതിനിടെ ഹറമിനകത്ത് പ്രദക്ഷിണ മുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

 

കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതൻ കുത്തിവയ്പെടുത്തത്. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരിൽ റെയിൽ പാളത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും അറിയിച്ചു. കൂടാതെ ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കൽ റെയിൽവേ ലൈനിൽ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസൻസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

 

തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ നൽകി. കെജ്‌രിവാളിന്റെ ഷുഗർ ലെവൽ 320 ആയി ഉയർന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന് ജയിലിൽ ഇൻസുലിൻ നൽകിയത്. ജയിലിൽ തനിക്ക് വിദഗ്ദ ചികിത്സ നിഷേധിക്കുന്നുവെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. പ്രമേഹ ചികിത്സയ്ക്കായി സ്വന്തം ഡോക്ടറോട് ദിവസവും 15 മിനിറ്റ് വീഡിയോ കോളിൽ സംസാരിക്കാൻ അനുവദിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യവും അംഗീകരിച്ചിരുന്നില്ല. അതോടൊപ്പം കെജ്‌രിവാളിന് ഇൻസുലിൻ ആവശ്യമായിരുന്നുവെന്നും അദ്ദേഹം ആയിരുന്നു ശരിയെന്നും ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

 

മലേഷ്യയിൽ പരേഡ് പരിശീലനത്തിനിടെ നാവിക സേനാ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് ദാരുണാന്ത്യം. രണ്ട് ഹെലികോപ്ടറുകളിലുണ്ടായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടത്. പെരക്കിലെ ലുമൂട്ട് നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിലാണ് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചത്. പ്രത്യേക രീതിയിലുള്ള ഫോർമേഷന് വേണ്ടി ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്ടറുകളുടെ റോട്ടറുകൾ തമ്മിൽ കുടുങ്ങിയതോടെയാണ് അപകടമുണ്ടായത്. പിന്നാലെ രണ്ട് ഹെലികോപ്ടറുകളും നിലത്തേക്ക് വീണ് തകരുകയായിരുന്നു. സംഭവത്തിൽ മലേഷ്യൻ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചു.

 

കേന്ദ്ര സർക്കാരിനെ വിമർശിച്ച് യുഎസ് വിദേശകാര്യ വകുപ്പ്‌. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ് പരാമർശം. ന്യൂനപക്ഷങ്ങൾക്കെതിരെ മണിപ്പൂരിൽ ആക്രമണമുണ്ടായെന്നും വലിയതോതിലുള്ള പീഡനമാണ് നടന്നതെന്നുമാണ് റിപ്പോർട്ടിലുള്ളത്. മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ബാധിത സമുദായങ്ങളും മണിപ്പൂരിലെ അക്രമം തടയുന്നതിനും, മാനുഷിക സഹായം നൽകുന്നതിനുമുള്ള നടപടി വൈകിയതിനു കേന്ദ്ര സർക്കാരിനെ വിമർശിച്ചതായും റിപ്പോർട്ടിലുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *