പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡീസും ഓപ്പണ്‍ എഐയും കൈകോര്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്പനിയുടെ കാറുകളില്‍ ചാറ്റ്ജിപിടി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാര്‍. മെഴ്സിഡീസ് ഉപഭോക്താക്കള്‍ക്ക് കാറുമായി സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളിലേക്ക് ചാറ്റ്ജിപിടി സംയോജിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. വ്യക്തികള്‍ക്ക് സമാനമായ രീതിയില്‍ വിവിധ കാര്യങ്ങളോട് പ്രതികരിക്കാനും, ഇതിനായി വാഹനങ്ങളെ പ്രാപ്തരാക്കി ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. നാവിഗേഷന്‍ ആപ്പുകളില്‍ നിന്നും ദിശാസൂചനകള്‍ നല്കുന്ന മെക്കാനിക്കല്‍ ശബ്ദത്തിന് പകരം, മെഴ്സിഡീസിലെ ചാറ്റ്ജിപിടി മനുഷ്യന് സംസാരിക്കുന്നതുപോലെ തന്നെ മറുപടികള്‍ നല്‍കുന്നതാണ്. നിലവില്‍, ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷണ കാലയളവില്‍ ലഭിക്കുന്ന ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ സംവിധാനം കൂടുതല്‍ രാജ്യങ്ങളിലേക്കും, മറ്റ് ഭാഷകളിലേക്കും എത്തിക്കുന്നതാണ്.