കാന്‍സറിനു മരുന്ന് ?
കാന്‍സറിനു പല വിധത്തിലുള്ള ചികില്‍സയുണ്ടെങ്കിലും പൂര്‍ണമായും സുഖപ്പെടുത്തുന്ന ഔഷധം കണ്ടെത്താനായിട്ടില്ല. പ്രഗല്‍ഭനായ സര്‍ജനേപ്പോലെ ഏഴാം വയസില്‍ ശസ്ത്രക്രിയ നടത്തി ലോകത്തെ ഞെട്ടിച്ച ഒരു ബാലന്‍ ഇപ്പോള്‍ 31 ാം വയസില്‍ കാന്‍സര്‍ രോഗത്തിനു മരുന്നു കണ്ടെത്താനുള്ള ഗവേഷണത്തിലാണ്. ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയാ വിദഗ്ധന്‍.’ പന്ത്രണ്ടാം വയസില്‍ ഇന്ത്യയിലെ ‘ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി.’ ഹിമാചല്‍ പ്രദേശിലെ നൂര്‍പൂര്‍ സ്വദേശിയായ അക്രിത് പ്രാണ്‍ ജസ്വാള്‍ ആണ് ഈ അസാമാന്യ പ്രതിഭ. പൊള്ളലേറ്റ ഒരു എട്ടു വയസുകാരന്റെ കൈകളിലാണ് ഏഴു വയസുകാരനായ അക്രിത് ശസ്ത്രക്രിയ നടത്തിയത്. പന്ത്രണ്ടാം വയസില്‍ ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയില്‍ ശാസ്ത്ര വിദ്യാര്‍ത്ഥിയായി. അപ്ലൈഡ് സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഈ മിടുക്കന്‍ ഐഐടി കാന്‍പൂറില്‍ ബയോ എന്‍ജിനിയറിംഗ് ബിരുദവും നേടി. ഇതിഹാസതാരം ഓപ്ര വിന്‍ഫ്രി അവതാരകയായ ലോകപ്രശസ്ത ടോക്ക് ഷോയില്‍ പങ്കെടുത്ത അക്രിത് ജസ്വാളിന്റെ അസാധാരണമായ പ്രകടനം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച് അനേകര്‍ മരിക്കുന്ന ദുഖകരമായ അവസ്ഥയ്ക്കു പരിഹാരമുണ്ടാകണമെന്ന് വളരെ ചെറിയ പ്രായത്തിലേ അക്രിത് ആഗ്രഹിച്ചിരുന്നു. കാന്‍സറിനുള്ള ഔഷധം കണ്ടെത്താനുള്ള തന്റെ ഗവേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് അക്രിത് അവകാശപ്പെടുന്നത്. മാനവരാശിയുടെ ജീവന്‍ രക്ഷിക്കുന്ന ഔഷധം എത്രയും വേഗം കണ്ടെത്താന്‍ സാധിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം.