ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ മസെരാട്ടി എംസി20 സ്പോര്‍ട്സ് കാറിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിലെ ഉപഭോക്താവിന് കൈമാറി. രണ്ട് സീറ്റുകളുള്ള മോഡല്‍ മാര്‍ച്ച് അവസാനത്തോടെ ഇവിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 3.69 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ അനുസരിച്ച് ഇത് വര്‍ദ്ധിക്കും. എംസി 12 സ്പോര്‍ട്സ് കാറിന്റെ പിന്‍ഗാമിയായി പുതിയ മോഡലിനെ കണക്കാക്കാം. 630 കുതിരശക്തിയും 730 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന മസെരാട്ടി എഞ്ചിനീയര്‍മാര്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത മൂന്ന് ലിറ്റര്‍, മിഡ്-മൗണ്ടഡ് വി6 എഞ്ചിനാണ് മസെരാട്ടി എംസി 20ല്‍ ഉള്ളത്. 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. അത് പിന്‍ ചക്രങ്ങളിലേക്ക് മാത്രം പവര്‍ കൈമാറുന്നു. മൂന്ന് സെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ കാര്‍ പൂജ്യം മുതല്‍ 100 കിമീ/മണിക്കൂര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 325 കിലോമീറ്ററിലധികം വേഗതയുണ്ട് ഈ കാറിന്. എംസി 20 ന് 100 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് 33 മീറ്ററില്‍ താഴെയായി നിശ്ചലമാകും.