മുംബൈ: വ്യവസായിയും ശതകോടീശ്വരനുമായ മുകേഷ് അംബാനിയുടെ ഇളയ മകന് അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ നിശ്ചയം ഗംഭീരം. രാധികയെ മോതിരം അണിയിക്കുന്ന ചടങ്ങ് സസ്പെന്‍സ് നിറഞ്ഞതായി. മോതിരം അണിയിക്കുന്ന ചടങ്ങാണെന്ന് ഇഷ അംബാനി വിളംബരം ചെയ്തതിനു പിറകേ, മോതിരം കാണാനില്ലെന്നും കണ്ടെത്താന്‍ ഒരു മിടുക്കന് ഇവിടെയുണ്ടെന്നും ഇഷ അംബാനി പറഞ്ഞപ്പോള്‍ എല്ലാവരും അദ്ഭുതത്തോടെ കാത്തിരുന്നു.
അപ്പോഴാണ് വളര്‍ത്തു നായ മോതിരവുമായി വേദിയില്‍ എത്തിയത്. എല്ലാവര്ക്കും ഇതൊരു സര്‍പ്രൈസായി.
നായയുടെ കഴുത്തില്‍ ചുവന്ന റിബണ്‍ കൊണ്ട് മോതിരം തൂക്കിയിട്ടുണ്ടായിരുന്നു. മോതിരം അനന്ത് അംബാനി അഴിച്ചെടുത്ത് രാധികയുടെ വിരലില്‍ അണിയിച്ചപ്പോള്‍ വിഐപികളായ അതിഥികള്‍ കരഘോഷം മുഴക്കി.
എന്‍കോര്‍ ഹെല്‍ത്ത്കെയറിന്റെ സിഇഒ വീരേന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക. അംബാനി കുടുംബത്തില്‍ മുന്‍പ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കല്‍ ഡാന്‍സറായ രാധിക ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ധനതത്ത്വ ശാസ്ത്രത്തിലും പൊളിറ്റിക്സിലും ബിരുദം നേടി. 2017 ല്‍ സെയില്‍സ് എക്സിക്യൂട്ടീവായി ഇസ്പ്രാവ എന്ന സ്വകാര്യ ആഡംബര വില്ലാ ശൃംഖലയില്‍ ജോലി ചെയ്തു. ഭരതനാട്യം നര്‍ത്തകിയാണ് ഇരുപത്തിനാലുകാരിയായ രാധിക. ഗുജറാത്തിലെ കച്ച് സ്വദേശിയായ രാധിക വര്‍ഷങ്ങളായി മുംബൈയിലാണ്.
മുംബൈയിലെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വ്യവസായ, സിനിമാ, സ്പോര്‍ട്സ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഷാരൂഖ് ഖാന്, ഭാര്യ ഗൗരി ഖാന്, മകന് ആര്യന്, സല്മാന് ഖാന്, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, ഐശ്വര്യ റായ് ബച്ചന്, മകള്‍ ആരാധ്യ, കരണ്‍ ജോഹര്‍, കത്രീന കൈഫ് തുടങ്ങിയവര്‍ പങ്കെടുത്തു.